performance of various asset class
canva

സ്വര്‍ണക്കുതിപ്പ് 32%, മോശമല്ലാത്ത പ്രകടനവുമായി സെന്‍സെക്‌സും നിഫ്റ്റിയും, കേരളക്കമ്പനികളില്‍ മുമ്പന്‍ ആര്?

2024-25 സാമ്പത്തിക വര്‍ഷത്തെ വിവിധ ആസ്തികളുടെ പ്രകടനം നോക്കാം
Published on

2024-25 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ ആസ്തി വിഭാഗങ്ങള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചതെന്ത്? നടപ്പ് സാമ്പത്തിക വര്‍ഷത്തെ അവസാന വ്യാപാരദിനമായിരുന്നു ഇന്ന്. തിങ്കളാഴ്ച ഇദുല്‍ഫിത്തര്‍ പ്രമാണിച്ച് ഓഹരി വിപണിക്ക് അവധിയാണ്.

2023-24 സാമ്പത്തിക വര്‍ഷത്തെ അവസാന പ്രവര്‍ത്തിദിനമായ മാര്‍ച്ച് 29 മുതല്‍ 2025 മാര്‍ച്ച് 28 വരെയുള്ള ഒരുവര്‍ഷക്കാലയളവില്‍ നിഫ്റ്റിയുടെ നേട്ടം 5.34 ശതമാനമാണ്. 23,326.90 പോയിന്റില്‍ നിന്ന് 23,519.35 പോയിന്റിലേക്കാണ് ഉയര്‍ന്നത്. അതേസമയം, ബി.എസ്.ഇ സെന്‍സെക്‌സ് സൂചിക 73,651.35 പോയിന്റില്‍ നിന്ന് 77,414.92ലെത്തി. നേട്ടം 5.11 ശതമാനവും.

ട്രംപിന്റെ തിരിച്ചുവരവ് ഏല്‍പ്പിച്ച ആഘാതം സൂചികകളെ ഏക്കാലത്തെയും ഉയരങ്ങളില്‍ നിന്ന് കഴിഞ്ഞ മാസങ്ങളില്‍ 15 ശതമാനത്തോളം താഴ്ത്തിയിരുന്നു. അല്ലായിരുന്നെങ്കില്‍ സൂചികകളുടെ നേട്ടം വളരെയധികം ഉയരുമായിരുന്നു. ആഗോള വ്യാപാരയുദ്ധത്തിന് കളംതുറന്നുകൊണ്ടാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ രണ്ടാം വരവിന് തുടക്കം കുറിച്ചത് തന്നെ. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വലിയ ഇടിവും രേഖപ്പെടുത്തി. മാര്‍ച്ചില്‍ വിപണി തിരിച്ചുവരവിന്റെ സൂചനകള്‍ കാണിച്ചുതുടങ്ങിയയപ്പോള്‍ ട്രംപ് ചുങ്കത്തില്‍ കടുംപിടുത്തവുമായെത്തിയത് വീണ്ടും ക്ഷീണത്തിലാക്കുന്നുണ്ട്.


Performance of Nifty Indices in FY2024-25
നിഫ്റ്റി സൂചികകളുടെ 2024-25ലെ പ്രകടനം

വിശാല വിപണിയും 2025 സാമ്പത്തിക വര്‍ഷത്തില്‍ മോശമല്ലാത്ത നേട്ടം കാഴ്ചവച്ചു. നിഫ്റ്റി മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളുടെ നേട്ടം ഇക്കാലയളവില്‍ യഥാക്രമം 7.48 ശതമാനം, 5.40 ശതമാനം എന്നിങ്ങനെയാണ്.

നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചികയാണ് ഇക്കാലയളവില്‍ ഏറ്റവും നേട്ടം നല്‍കിയത്, 19.47 ശതമാനം. ഹെല്‍ത്ത്‌കെയര്‍ സൂചിക 13.45 ശതമാനം നേട്ടവുമായി രണ്ടാം സ്ഥാനത്തുണ്ട്.

നേട്ടത്തില്‍ വമ്പന്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 47 കമ്പനികളാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇതില്‍ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. ഫാക്ടും (FACT) കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും.

ലിസ്റ്റഡ് കമ്പനികളില്‍ വെറും 20 എണ്ണം മാത്രമാണ് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപകര്‍ക്ക് നേട്ടം സമ്മാനിച്ചത്. ബാക്കി 27 എണ്ണവും നഷ്ടം രേഖപ്പെടുത്തി.

Performance of Kerala Stocks in FY 2025
കേരള ഓഹരികളുടെ 2024-25 സാമ്പത്തിക വര്‍ഷത്തെ പ്രകടനം

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡാണ് 2025 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയത്. ഓഹരി വില 61 ശതമാനത്തിലധികമാണ് ഉയര്‍ന്നത്. 871 രൂപയില്‍ നിന്ന് 1,407 രൂപയിലെത്തി ഓഹരി വില.

രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണപണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സാണ് നേട്ടത്തില്‍ രണ്ടാം സ്ഥാനത്ത്. 60.67 ശതമാനമാണ് നിക്ഷേപകര്‍ക്ക് നല്‍കിയ നേട്ടം. ഓഹരി വില 1,478 രൂപയില്‍ നിന്ന് 2,375 രൂപയിലെത്തി.

കേരള ആയുര്‍വേദ, മണപ്പുറം ഫിനാന്‍സ് ഓഹരികളും 33 ശതമാനത്തിലധികം ഉയര്‍ച്ചയോടെ നേട്ടപ്പട്ടികയില്‍ തിളങ്ങി. സ്‌കൂബിഡേയാണ് 29 ശതമാനത്തിലധികം നേട്ടവുമായി നാലാം സ്ഥാനത്ത്.

കേരളം ആസ്ഥാനമായ സ്വകാര്യ ബാങ്കായ ഫെഡ്‌റല്‍ ബാങ്ക് 29 ശതമാനവും കാലിത്തീറ്റക്കമ്പനിയായ കെ.എസ്.ഇ 20 ശതമാനവും വളര്‍ച്ചയുമായി തൊട്ടുപിന്നിലുണ്ട്. സ്റ്റെല്‍ഹോള്‍ഡിംഗ്‌സ് 19.71 ശതമാനം വളര്‍ച്ച കാഴ്ചവച്ചപ്പോള്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ 16.34 നേട്ടം നല്‍കി. വെസ്‌റ്റേണ്‍ പ്ലൈവുഡ് (17.97 ശതമാനം), സെല്ല സ്‌പേസ് (13.10ശതമാനം), ജിയോജിത് (11.27 ശതമാനം), കല്യാണ്‍ ജുവലേഴ്‌സ് (8.68 ശതമാനം), വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (7.54 ശതമാനം) തുടങ്ങിയവയും നേട്ടപ്പട്ടികയിലുണ്ട്.

സ്വര്‍ണം കുതിച്ചത് 32%

കേരളത്തില്‍ സ്വര്‍ണ വിലയില്‍ 2024-25 സാമ്പത്തിക വര്‍ഷത്തിലുണ്ടായത് 32 ശതമാനം വര്‍ധനയാണ്. 2024 മാര്‍ച്ച് 28ന് 50,400 രൂപയായിരുന്നു പവന്‍ വില. ഇന്ന് അത് 66,720 രൂപയിലെത്തി സര്‍വകാല റെക്കോഡുമിട്ടു. ട്രംപ് ഉയര്‍ത്തിവിട്ട വ്യാപാര ചുങ്ക ഭീഷണികളും പശ്ചിമേഷ്യയിലെ യുദ്ധം ഉള്‍പ്പെടെയുള്ള ആഗോള അനിശ്ചിതത്വങ്ങളുമാണ് സ്വര്‍ണ വിലയെ ഉയരത്തിലെത്തിച്ചത്.

രാജ്യാന്തര സ്വര്‍ണ വിലയില്‍ ഇക്കാലയളവില്‍ 38.24 ശതമാനത്തിലധികം വര്‍ധനയുണ്ടായി. ഔണ്‍സ് വില 2,232.38 ഡോളറില്‍ നിന്ന് ഇപ്പോള്‍ 3,086 ഡോളറില്‍ എത്തി നില്‍ക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com