ഓഹരി കുതിച്ചുയരുന്നതിന് തൊട്ടുമുൻപ് വിപണി നൽകുന്ന ആ ‘സിഗ്നൽ’ എങ്ങനെ കണ്ടെത്താം?

പ്രൊമോട്ടർ ബൈയിംഗും ഇൻസൈഡർ ഇടപാടുകളും നിരീക്ഷിച്ച് ഓഹരി വില കുതിച്ചുയരാനുള്ള മുൻസൂചനകൾ എങ്ങനെ തിരിച്ചറിയാം
Promoter Buying and stock rally signal
പ്രതീകാത്മക ചിത്രംImage Source: Canva
Published on

ഒരു ഓഹരിയുടെ വില ഉയരുന്നതിന് തൊട്ടുമുമ്പ് അത് എങ്ങനെ തിരിച്ചറിയാം? ഓഹരി വിപണിയിൽ നിന്നും മികച്ച സമ്പാദ്യം കെട്ടിപ്പടുക്കാൻ ആ​ഗ്രഹിക്കുന്ന ഏതൊരു നിക്ഷേപകനും ഉത്തരം തേടിനടക്കുന്ന സുപ്രധാന ചോദ്യമാണിത്. എന്നാൽ ഇതിനുള്ള കൃത്യമായ ഉത്തരങ്ങളിലൊന്ന് പലപ്പോഴും തൊട്ടുമുന്നിൽ തന്നെയുണ്ടെങ്കിലും പലരും ശ്രദ്ധിക്കാതെ പോകുന്നു എന്നതാണ് യാഥാർത്ഥ്യം. മറ്റൊന്നുമല്ല, കമ്പനിയുടെ പ്രൊമോട്ടർമാർ (Promoters) സ്വന്തം കമ്പനിയുടെ ഓഹരികൾ എത്രത്തോളം വാങ്ങിക്കൂട്ടുന്നു എന്നതിൽ നിന്നും ആ ഉത്തരത്തിലേക്കുള്ള വഴിതെളിയുന്നു.

വാല്യൂ ഇൻവെ​സ്റ്റിങ്ങും അക്ഷമയും

ഓഹരി വിപണിയിൽ ഇടപെടുന്ന നിക്ഷേപകരിൽ പൊതുവെ രണ്ട് വിഭാഗക്കാരെ കാണാനാകും:

  • വാല്യൂ ഇൻവെ​സ്റ്റേഴ്സ് (Value Investors): ഒരു കമ്പനിയുടെ യഥാർത്ഥ മൂല്യത്തേക്കാൾ (Intrinsic value) താഴ്ന്ന വിലയിൽ അതിന്റെ ഓഹരികൾ വിപണിയിൽ ലഭ്യമാകുമ്പോൾ അവ വാങ്ങി ദീർഘകാലത്തേക്ക് കൈവശം വെക്കുന്ന നിക്ഷേപ ശൈലിയാണിത്. അതായത്, മികച്ച ബിസിനസ്സും ശക്തമായ സാമ്പത്തിക അടിത്തറയുമുള്ള ഒരു കമ്പനിയുടെ ഓഹരി വില താത്കാലിക പ്രതിസന്ധികൾ കാരണം ഇടിയുമ്പോൾ അത് തിരിച്ചറിഞ്ഞ് നിക്ഷേപിക്കുന്നതിനെയാണ് വാല്യൂ ഇൻവെ​സ്റ്റിങ് എന്ന് വിളിക്കുന്നത്.

  • സ്പെക്യുലേറ്റർമാർ (Speculators): കമ്പനിയുടെ സാമ്പത്തിക ഭദ്രതയേക്കാൾ, വിലയിലുണ്ടാകുന്ന താൽക്കാലിക മുന്നേറ്റം മുതലെടുക്കാൻ ശ്രമിക്കുന്ന ട്രേ‍ഡർമാർ.

വാല്യൂ ഇൻവെ​സ്റ്റിങ്ങിൽ നേരിടുന്ന പ്രധാന വെല്ലുവിളി നീണ്ട കാത്തിരിപ്പാണ്. നല്ല അടിത്തറയുള്ള ഒരു ഓഹരി (Undervalued stock) മാസങ്ങളോളമോ വർഷങ്ങളോളമോ ഒരേ വിലയിൽ തന്നെ തുടർന്നേക്കാം. ഈ കാത്തിരിപ്പിനൊടുവിൽ അക്ഷമരായി ഓഹരി വിൽക്കുമ്പോഴായിരിക്കും പലപ്പോഴും അതിന്റെ വില പെട്ടെന്ന് കുതിച്ചുയരുന്നത്.

എന്തുകൊണ്ട് പ്രൊമോട്ടർ ബൈയിംഗ് പ്രധാനം?

നീണ്ടനാളത്തെ കാത്തിരിപ്പിന്റെ ദൈർഘ്യം കുറയ്ക്കാൻ പ്രൊമോട്ടർമാർ ഓഹരി വാങ്ങുന്നതോ (Promoter Buying) അല്ലെങ്കിൽ ഡയറക്ടർമാർ/എക്സിക്യുട്ടീവുമാർ പോലെയുള്ള കമ്പനിയുടെ തലപ്പത്തുള്ളവരുടെ ഓഹരി ഇടപാടുകളും (Insider Activity) നിരീക്ഷിക്കുന്നത് സഹായിക്കും. പുറമെയുള്ള ഒരു അനലിസ്റ്റിനേക്കാൾ കമ്പനിയുടെ പുതിയ ഓർഡറുകൾ, സാമ്പത്തിക നില, ഭാവി സാധ്യതകൾ എന്നിവയെക്കുറിച്ച് കൃത്യമായ വിവരമുള്ളത് പ്രൊമോട്ടർമാർക്കായിരിക്കും. അവർ സ്വന്തം പണമെടുത്ത് കൂടുതൽ ഓഹരികൾ വാങ്ങാൻ തുടങ്ങുമ്പോൾ, കമ്പനിയിൽ വലിയ പോസിറ്റീവ് മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണത്.

ഉദാഹരണത്തിന്: ടിറ്റാഗഢ് റെയിൽ സിസ്റ്റംസ് (BSE: 532966, NSE: TITAGARH) എന്ന ഓഹരി 2022 സാമ്പത്തിക വർഷത്തിന് മുന്നേയുള്ള 3-4 വർഷത്തോളം 150 രൂപ എന്ന നിലവാരത്തിന് താഴെ തുടരുകയായിരുന്നു. എന്നാൽ 2022 മാർച്ചോടെ പ്രൊമോട്ടർമാർ കമ്പനിയിലെ ഓഹരി പങ്കാളിത്തം വർധിപ്പിക്കാൻ തുടങ്ങിയതോടെ പിന്നീടുള്ള രണ്ട് വർഷത്തിൽ ഓഹരി വിലയിൽ വൻ കുതിച്ചുചാട്ടം പ്രകടമായി. 2024 ജൂണിൽ ടിറ്റാഗഢ് റെയിൽ സിസ്റ്റംസിന്റെ ഓഹരി വില 1,800 രൂപ വരെ കുതിച്ചുയർന്നിരുന്നു.

നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കമ്പനിയുടെ അടിസ്ഥാനപരമായ സാമ്പത്തിക ഘടകങ്ങൾ (Fundamentals) ഒരു ഓഹരിയുടെ യഥാർത്ഥ മൂല്യം കാണിച്ചുതരുമ്പോൾ, പ്രൊമോട്ടർ ബൈയിംഗ് ആ ഓഹരിയുടെ വില എപ്പോൾ ഉയരുമെന്നതിന്റെ സൂചന നൽകുന്നു. എന്നിരുന്നാലും പ്രൊമോട്ടർമാർ ഒരു ഓഹരി വാങ്ങുന്നു എന്നതുകൊണ്ട് മാത്രം കണ്ണടച്ച് ആ ഓഹരിയിൽ നിക്ഷേപം നടത്തരുത്.

മറ്റ് നിക്ഷേപകരിൽ ആത്മവിശ്വാസം വളർത്താൻ ചില പ്രൊമോട്ടർമാർ ചെറിയ അളവിൽ ഓഹരികൾ വാങ്ങിക്കൂട്ടാറുണ്ട്. അതിനാൽ താഴെ പറയുന്ന മൂന്ന് കാര്യങ്ങൾ ഉറപ്പുവരുത്തിയ ശേഷം മാത്രം അന്തിമ തീരുമാനമെടുക്കുക:

  1. കമ്പനിയുടെ ബിസിനസ് അടിസ്ഥാനപരമായി ഭദ്രമാണോ?

  2. സാമ്പത്തിക ഘടകങ്ങൾ പ്രകാരം ഓഹരിയുടെ വിപണി വില യഥാർത്ഥ മൂല്യത്തേക്കാൾ കുറവാണോ?

  3. പ്രൊമോട്ടർമാർ വാങ്ങുന്ന ഓഹരികളുടെ അളവും ക്രമവും അവരുടെ യഥാർത്ഥ ആത്മവിശ്വാസത്തെ കാണിക്കുന്നുണ്ടോ?

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com