ബുക്ക് വാല്യു നോക്കാം, ഓഹരികളില്‍ നിക്ഷേപിക്കാം

എന്താണ് ബുക്ക് വാല്യു എന്ന് പറയാമോ?

ഓഹരിയുടെ ബുക്ക് വാല്യു (Book Value) എന്ന് പറയുന്നത് ഒരു കമ്പനിയുടെ മൊത്തം ആസ്തിയില്‍ നിന്ന് സാമ്പത്തിക ബാദ്ധ്യതകളും ഭൗതികമല്ലാത്ത ആസ്തികളും (Intangible assets) കുറച്ചശേഷം നിലവിലുള്ള (Outstanding) ഓഹരികളുടെ എണ്ണം കൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്ന തുകയാണ്.
ഓരോ ഓഹരിയുടെയും മൂല്യം കണക്കാക്കുമ്പോഴുള്ള കമ്പനിയുടെ അറ്റ ആസ്തിയാണ് (net worth) ബുക്ക് വാല്യു. അതായത്, ഒരു കമ്പനി അതിന്റെ കടം തീര്‍ക്കാന്‍ ഓഹരികള്‍ മുഴുവന്‍ വിറ്റഴിക്കുന്നു എന്നിരിക്കട്ടെ, അപ്പോള്‍ ഓഹരി ഉടമകള്‍ക്ക് ലഭിക്കുന്ന പണമാണ് ബുക്ക് വാല്യു എന്ന് പറയാം.
ഒരു കമ്പനിയുടെ ഓഹരികളില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് നിക്ഷേപകന്‍ ബുക്ക് വാല്യു നോക്കേണ്ടത് പ്രധാനമാണ്. കമ്പനിയുടെ സാമ്പത്തിക അടിത്തറ ഭദ്രമാണോ എന്ന് അതില്‍ നിന്ന് മനസ്സിലാക്കാം. ബുക്ക് വാല്യു, ഓഹരിവിലയേക്കാള്‍ കൂടുതലോ കുറവോ ആയിരിക്കാം. എന്നാല്‍, ഓഹരി വിലയല്ല കമ്പനിയുടെ അറ്റ ആസ്തിയുടെ അടിസ്ഥാനമെന്ന് തിരിച്ചറിയണം.
നിക്ഷേപകര്‍ ബുക്ക് വാല്യുവിനെ കമ്പനിയുടെ വിപണിവിലയുമായി താരതമ്യം ചെയ്യാറുണ്ട്. ഒരു കമ്പനിയുടെ ഓഹരിവില (stock price) ബുക്ക് വാല്യുവിനേക്കാള്‍ താഴെയാണെങ്കില്‍ വിപണി ആ കമ്പനിയെ 'അണ്ടര്‍ വാല്യു' (വിലകുറച്ച് കാണുക) ചെയ്യുന്നുണ്ടെന്ന് വേണം അനുമാനിക്കാന്‍. അത്തരം കമ്പനികള്‍ നിക്ഷേപത്തിന് അനുയോജ്യമാണ്. കാരണം, അവ ഭാവിയില്‍ മികച്ച നേട്ടം നല്‍കാന്‍ സാദ്ധ്യതയേറെയാണ്.
അതേസമയം, ബുക്ക് വാല്യു കമ്പനിയുടെ ബ്രാന്‍ഡ് മൂല്യത്തെയോ ഭൗതികമല്ലാത്ത വസ്തുക്കളെയോ പ്രതിനിധീകരിക്കുന്നില്ല എന്ന് തിരിച്ചറിയണം. കമ്പനിയുടെ ഓഹരികളുടെ പ്രകടനം കമ്പനിയുടെ പ്രവര്‍ത്തനം, വിപണിയുടെ സാഹചര്യം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും. കമ്പനിയുടെ സാമ്പത്തികസ്ഥിതി മനസ്സിലാക്കാനുള്ള ഘടകം മാത്രമാണ് ബുക്ക് വാല്യു.
ഏണിംഗ്‌സ് പെര്‍ ഷെയര്‍ എന്താണ്?
ഒരു കമ്പനിയുടെ ലാഭത്തില്‍ നിന്ന് നിലവിലുള്ള ഓരോ പൊതു ഓഹരിക്കും (common stock) ലഭ്യമാക്കുന്ന വിഹിതമാണ് ഏണിംഗ്‌സ് പെര്‍ ഷെയര്‍ (ഇ.പി.എസ്/E.P.S). കമ്പനിയുടെ അറ്റാദായത്തെ (net profit) നിലവിലുള്ള മൊത്തം ഓഹരികള്‍ കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന തുകയാണ് ഇ.പി.എസ്. ഉദാഹരണത്തിന്, ഒരു കമ്പനി 100 കോടി രൂപ അറ്റാദായം നേടിയെന്നിരിക്കട്ടെ. കമ്പനിയുടെ നിലവിലുള്ള മൊത്തം ഓഹരികള്‍ 10 കോടിയാണെന്നും കരുതുക. അപ്പോള്‍, ഇ.പി.എസ് 10 രൂപ.
കമ്പനിയുടെ ലാഭക്ഷമത, വളര്‍ച്ചാശേഷി എന്നിവയുടെ സൂചകമാണ് ഇ.പി.എസ് എന്നതിനാല്‍ നിക്ഷേപകര്‍ ഇത് വിലയിരുത്തേണ്ടത് പ്രധാനമാണ്. ഉയര്‍ന്ന ഇ.പി.എസ് വ്യക്തമാക്കുന്നത് ഓരോ ഓഹരിയില്‍ നിന്നും കമ്പനി മികച്ച ലാഭം നേടുന്നു എന്നതാണ്. ഇത് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനും ഓഹരിവില ഉയരാനും സഹായിക്കും.
ഒരേ ശ്രേണിയിലെ കമ്പനികളുടെ ഇ.പി.എസ് താരതമ്യം ചെയ്ത് നിക്ഷേപം നടത്താം. സ്ഥിരതയാര്‍ന്നതും വളര്‍ച്ചയുള്ളതുമായ ഇ.പി.എസുള്ള കമ്പനികളില്‍ നിക്ഷേപിക്കാം. ഇ.പി.എസ് മാത്രം നോക്കി നിക്ഷേപത്തിന് മുതിരരുത്. നിക്ഷേപം നടത്തുംമുമ്പ് ബുക്ക് വാല്യു, ഇ.പി.എസ് എന്നിവയ്ക്ക് പുറമേ കമ്പനിയുടെ സാമ്പത്തികസ്ഥിതി, വിപണിസാഹചര്യം, പ്രൈസ് റ്റു ഏണിംഗ്‌സ് റേഷ്യോ, ഡിവിഡന്‍ഡ് യീല്‍ഡ്, റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി (ആര്‍.ഒ.ഇ/RoE) തുടങ്ങിയവയും വിലയിരുത്തണം.
പ്രൈസ് റ്റു ഏണിംഗ്‌സ് റേഷ്യോയെക്കുറിച്ച് വിശദമാക്കാമോ?
കമ്പനിയുടെ ഓഹരിവിലയും ഏണിംഗ്‌സ് പെര്‍ ഷെയറും തമ്മിലെ അനുപാതമാണ് പ്രൈസ് റ്റു ഏണിംഗ്‌സ് റേഷ്യോ (P/E Ratio). ഓഹരിവിലയെ ഇ.പി.എസുകൊണ്ട് ഹരിച്ചാല്‍ ഈ അനുപാതം ലഭിക്കും. കമ്പനിയുടെ ഓരോ രൂപയുടെ ഓഹരിക്കുംവേണ്ടി എത്രതുക ചെലവിടാന്‍ നിക്ഷേപകര്‍ തയ്യാറാകും എന്നതിന്റെ മൂല്യമാണ് പ്രൈസ് റ്റു ഏണിംഗ്‌സ് റേഷ്യോ.
ഉയര്‍ന്ന പ്രൈസ് റ്റു ഏണിംഗ്‌സ് റേഷ്യോ വ്യക്തമാക്കുന്നത്, കമ്പനിയുടെ ഓഹരിവില കൂടിനില്‍ക്കുന്നു എന്നതാണ് (Overvalued). കുറഞ്ഞ പ്രൈസ് റ്റു ഏണിംഗ്‌സ് റേഷ്യോ കമ്പനിയുടെ ഓഹരിവില കുറഞ്ഞുനില്‍ക്കുന്നു എന്നും (undervalued) ചൂണ്ടിക്കാട്ടുന്നു. അതായത്, യഥാര്‍ത്ഥത്തില്‍ ഉണ്ടാവേണ്ട വിലയേക്കാള്‍ കൂടിയും കുറഞ്ഞും നില്‍ക്കുന്ന അവസ്ഥയാണിത്.
ഒരു കമ്പനിയുടെ പ്രൈസ് റ്റു ഏണിംഗ്‌സ് റേഷ്യോ വിപണിയിലെ ശരാശരിയേക്കാള്‍ കുറവാണെങ്കില്‍, അത് അണ്ടര്‍ വാല്യൂഡ് ആണ്, ഫലത്തില്‍ നിക്ഷേപിക്കാന്‍ അനുയോജ്യമാണ്. കമ്പനിയുടെ പ്രൈസ് റ്റു ഏണിംഗ്‌സ് റേഷ്യോ വിപണിയിലെ ശരാശരിയേക്കാള്‍ കൂടുതലാണെങ്കില്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടാവേണ്ട മൂല്യത്തേക്കാള്‍ വിപണിസാഹചര്യം മൂലം ഓഹരിവില ഉയര്‍ന്നു നില്‍ക്കുകയാണെന്ന് അനുമാനിക്കാം. ഇത്തരം ഓഹരികളുടെ വില ഇടിയാന്‍ സാദ്ധ്യതയേറെ ആയതിനാല്‍, ഇവയില്‍ നിക്ഷേപിക്കുന്നത് ഉചിതമാകില്ല.
നിക്ഷേപകര്‍ക്ക് ശ്രേണിയിലെ മറ്റ് കമ്പനികളുമായി പ്രൈസ് റ്റു ഏണിംഗ്‌സ് റേഷ്യോ താരതമ്യം ചെയ്യാം. ഏറ്റവും കുറവുള്ള കമ്പനിയില്‍ നിക്ഷേപിക്കുകയുമാവാം. എന്നാല്‍, നേരത്തേ സൂചിപ്പിച്ചത് പോലെ പ്രൈസ് റ്റു ഏണിംഗ്‌സ് റേഷ്യോ പോലെയുള്ള ഏതെങ്കിലും ഒരു ഘടകം മാത്രം നോക്കി നിക്ഷേപം നടത്തരുത്.

Equity investing is subject to market risk. Always do your own research before investing

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it