Begin typing your search above and press return to search.
വിപണി ചാഞ്ചാടുമ്പോള്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കേണ്ടത് എങ്ങനെ?
യുക്രെയ്ന്‍-റഷ്യ (Russia-Ukraine War) സംഘര്‍ഷത്തിന് പിന്നാലെ അനിശ്ചിതത്വത്തിലായ ഓഹരി വിപണി മാസങ്ങളായി ഇതേ നിലതുടരുകയാണ്. വിപണി അതിന്റെ ഏറ്റവും താഴ്ന്ന നിലയിലെത്തിയോ ഇനിയും ഇടിവ് തുടരുമോ എന്നതാണ് ഓഹരി നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്. ഈ സാഹചര്യത്തില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് (Mutual Fund) രംഗത്തെ വിദഗ്ധര്‍ പറയുന്നത് എന്താണെന്ന് നോക്കാം.
നിലവില്‍ വിപണി ഇടിവില്‍ തുടരുമ്പോള്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ ആശങ്കപ്പെടാതെ തന്നെ നിക്ഷേപം തുടരണമെന്നാണ് ഇന്‍വെസ്റ്റ്‌മെന്റ് കണ്‍സള്‍ട്ടന്റും ആര്‍ത്ഥ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ പ്രൊപ്പറൈറ്ററുമായ ഉത്തര രമാകൃഷ്ണന്‍ പറയുന്നത്. വിപണി താഴ്ചയിലേക്ക് വീഴുന്നത് കൊണ്ടാണ് ദീര്‍ഘകാല ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് മികച്ച റിട്ടേണുകളും ലഭിക്കുന്നത്. വിപണിയില്‍ ഇടിവുണ്ടാകുമ്പോള്‍ കുറഞ്ഞവിലയില്‍ യൂണിറ്റുകള്‍ സ്വന്തമാക്കാന്‍ കഴിയും. പിന്നീട് വിപണി കയറുമ്പോള്‍ യൂണിറ്റുകളുടെ വിലയും ഉയരും. അതുകൊണ്ട് തന്നെ വിപണിയിലുണ്ടാകുന്ന തകര്‍ച്ചകളില്‍ ആശങ്കപ്പെടേണ്ടതില്ല. കൂടാതെ, വിപണി ഇടിവിലേക്ക് വീഴുമ്പോള്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നിര്‍ത്തിവയ്ക്കുന്നതും അബദ്ധമാണ്. ഓഹരി വിപണി ഉയര്‍ന്നുനില്‍ക്കുമ്പോള്‍ മാത്രം യൂണിറ്റുകള്‍ വാങ്ങുന്നത് കൊണ്ട് വലിയ റിട്ടേണ്‍ ലഭിക്കില്ലെന്നും ഉത്തര രാമകൃഷ്ണൻ (Uthara Ramkrishnan) ധനത്തോട് പറഞ്ഞു.
ഇപ്പോള്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിവിലാണ് തുടരുന്നത്. ഈയൊരു സാഹചര്യത്തില്‍ വിപണി ഇനിയും താഴ്ചകളിലേക്ക് പോകുമോ എന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. അതിനാല്‍ തന്നെ കൂടുതല്‍ തുക ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന് പകരം നേരത്തെയുള്ള തുക തന്നെ തുടരുന്നതായിരിക്കും നല്ലത്. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്നവര്‍ ഒറ്റ തവണ നിക്ഷേപം ഒഴിവാക്കി ഏത് ഫണ്ടിലാണോ നിക്ഷേപിക്കുന്നത്, അതേ ഫണ്ട് ഹൗസിന്റെ ലിക്വിഡ് ഫണ്ടില്‍ ആ തുക നിക്ഷേപിച്ച് തുടര്‍ന്ന് 12 മാസം കൊണ്ടോ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ തവണകളോ സ്വീകരിച്ച് സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍ വഴി ഇക്വിറ്റി ഫണ്ടിലേക്ക് ഘട്ടം ഘട്ടമായി ട്രാന്‍സ്ഫര്‍ ചെയ്യാം. ഇങ്ങനെ നിക്ഷേപിക്കുമ്പോള്‍ വിപണിയുടെ ചാഞ്ചാട്ടങ്ങളെ ഒരു പരിധിവരെ ചെറുക്കാനാകുമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി സര്‍വീസസ് മേധാവി കെസി ജീവന്‍കുമാര്‍ പറയുന്നു.
ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് പോലെ തന്നെ, അവ തെരഞ്ഞെടുക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. ഓരോ വര്‍ഷവും തങ്ങളുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തെ വിലയിരുത്തണം. നേട്ടമൊന്നുമില്ലെങ്കില്‍ ആ ഫണ്ടിനെ ഒഴിവാക്കി നല്ല മ്യൂച്വല്‍ ഫണ്ടുകളിലേക്ക് മാറേണ്ടതാണെന്ന് ഉത്തര രമാകൃഷ്ണന്‍ പറയുന്നു.
Next Story
Videos