ദുബൈ ഓഹരി വിപണിയില്‍ എങ്ങനെ നിക്ഷേപിക്കാം? എന്‍.ഐ.എന്‍ നേടാനുള്ള വഴികള്‍

ഇന്ത്യന്‍ ഓഹരി വിപണിയില്‍ എന്ന പോലെ ദുബൈ ഓഹരി വിപണിയിലും പ്രവാസി ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശ നിക്ഷേപകരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ത്യന്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അപേക്ഷിച്ച് ലിസ്റ്റ് ചെയ്ത കമ്പനികളുടെ എണ്ണത്തില്‍ ദുബൈയിലെ ഓഹരി വിപണിയായ ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് (dfm) ഏറെ ചെറുതാണെങ്കിലും ലിസ്റ്റ് ചെയ്യുന്ന കമ്പനികളുടെ എണ്ണം കൂടി വരുന്നത് പുതിയ നിക്ഷേപകരെ ആകര്‍ഷിക്കുന്നുണ്ട്. അബുദബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ പ്രമുഖ മലയാളി കമ്പനിയായ ലുലു ഇന്റര്‍നാഷണല്‍ ലിസ്റ്റ് ചെയ്തതിന് ശേഷം യു.എ.ഇയില്‍ ഓഹരി വിപണിയില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശ ഇന്ത്യക്കാര്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നതായാണ് ട്രേഡിംഗ് രംഗത്തെ എജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നത്.

അക്കൗണ്ട് തുടങ്ങുന്നത് എങ്ങനെ

ഇന്ത്യയിലെ ഡീമാറ്റ് അക്കൗണ്ട് പോലെ യു.എ.ഇയിലും ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിനും ട്രേഡ് ചെയ്യുന്നതിന് പ്രത്യേക അക്കൗണ്ട് ആവശ്യമാണ്. ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് നല്‍കുന്ന നാഷണല്‍ ഇന്‍വെസ്റ്റര്‍ നമ്പര്‍ (എന്‍.ഐ.എന്‍) എടുക്കുന്നതാണ് ആദ്യം ചെയ്യേണ്ടത്. ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിന്റെ മൊബൈല്‍ ആപ്പ് വഴി അപേക്ഷിക്കാനാകും. റെസിഡന്റ്‌സ് വിസ സ്റ്റാമ്പ് ചെയ്ത പാസ്‌പോര്‍ട്ട്, താമസ സ്ഥലത്തെ വാടക കരാര്‍, യു.എ.ഇയിലെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയാണ് ഇതിന് ആവശ്യം. ആപ്പ് വഴിയുള്ള അപേക്ഷകളില്‍ രേഖകള്‍ ശരിയാണെങ്കില്‍ നിമിഷങ്ങള്‍ക്കകം നമ്പര്‍ ലഭിക്കും. ഡി.എഫ്.എം വെബ്‌സൈറ്റ് വഴി അപേക്ഷിച്ചാല്‍ ഒരു ദിവസത്തിന് ശേഷമാണ് നമ്പര്‍ ലഭിക്കുക. ഈ സംവിധാനങ്ങള്‍ക്ക് പുറമെ ലൈസന്‍സുള്ള ബ്രോക്കര്‍മാര്‍ മുഖേനയും അപേക്ഷിക്കാം. ഈ നമ്പര്‍ ലഭിക്കാന്‍ പ്രത്യേക ഫീസ് ഇല്ല.

ട്രേഡിംഗ് രീതി

ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ 178 കമ്പനികള്‍ മാത്രമാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. തിങ്കള്‍ മുതല്‍ വെള്ളിയാഴ്ച വരെ രാവിലെ 10 മണി മുതല്‍ വൈകീട്ട് നാല് വരെയാണ് ട്രേഡിംഗ് സമയം. ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിന്റെ ഔദ്യോഗിക ആപ്പ് വഴി ട്രേഡ് ചെയ്യാനുള്ള സൗകര്യമുണ്ട്. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് നാഷണല്‍ ഇന്‍വെസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ ഇതുവഴി ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും കഴിയും. രണ്ട് ദിവസമാണ് സെറ്റില്‍മെന്റ് സമയം. ലൈസന്‍സുള്ള ബ്രോക്കര്‍മാരുടെ മൊബൈല്‍ അപ്പുകള്‍ വഴിയും ട്രേഡ് ചെയ്യാനാകും.

Related Articles
Next Story
Videos
Share it