ആപ്പിള്‍ ഓഹരി റെക്കോഡ് ഉയരത്തില്‍, ഇന്ത്യക്കാര്‍ക്കും യു.എസ് ഓഹരികളില്‍ നിക്ഷേപിച്ച് നേട്ടമുണ്ടാക്കാമോ?

യു.എസിന്റെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്താതിരുന്നതിനെ തുടര്‍ന്ന് യു.എസ് വിപണിയിലുണ്ടായ മുന്നേറ്റം ഇന്നലെ ആപ്പിള്‍ ഓഹരികളെ റെക്കോഡിലെത്തിച്ചു. ആപ്പിള്‍ ഓഹരികള്‍ 1.7 ശതമാനം ഉയര്‍ന്ന് 197.76 ഡോളറിലേക്കാണ് എത്തിയത്. ജൂലൈ 31ന് കുറിച്ച 196.45 ഡോളര്‍ എന്ന റെക്കോഡാണ് മറികടന്നത്. ഇന്നലത്തെ ഓഹരി വിലയനുസരിച്ച് 3.08 ലക്ഷം കോടി ഡോളറാണ് ആപ്പിളിന്റെ വിപണി മൂല്യം. 2023 ല്‍ ഇതുവരെ 52 ശതമാനം ഉയര്‍ച്ചയാണ് ആപ്പിള്‍ ഓഹരികള്‍ നേടിയത്.

ആപ്പിളിനെ പോലെയോ അതിലും മികച്ചതോ ആയ നിരവധി അന്താരാഷ്ട ഓഹരികള്‍ നിലവിലുണ്ട്. ആമസോണ്‍, മെറ്റാ (ഫേസ്ബുക്ക്), മൈക്രോസോഫ്റ്റ്, ടെസ്ല,
ഗൂഗിളിന്റെ
പാരന്റ് കമ്പനിയായ ആല്‍ഫബെറ്റ് എന്നിവയൊക്കെ ഇത്തരത്തില്‍ നിക്ഷേപകര്‍ക്ക് സമ്പത്ത് വളര്‍ത്താന്‍ പറ്റുന്ന വമ്പന്‍ ഓഹരികളാണ്.
രൂപയുടെ മൂല്യമിടിവില്‍ നിന്ന് നേട്ടമുണ്ടാക്കുന്നതിനൊപ്പം നിക്ഷേപത്തില്‍ വൈവിധ്യവത്കരണം നടത്താനും വിദേശ ഓഹരി നിക്ഷേപത്തിലൂടെ സാധിക്കും. എന്നാല്‍ ഇന്ത്യക്കാരായ നിക്ഷേപകര്‍ അത്തരം ഉയര്‍ന്ന മൂല്യമുള്ള ഓഹരികളില്‍ നിക്ഷേപിച്ച് നേട്ടമുണ്ടാക്കുന്നത് കുറവാണ്. എങ്ങനെ നിക്ഷേപിക്കുമെന്ന് അറിയാത്തതാണ് ഇതിനൊരു പ്രധാന കാര്യം.
എങ്ങനെ നിക്ഷേപിക്കും
ഇന്ത്യക്കാര്‍ക്ക് യു.എസ് സ്റ്റോക്കുകളില്‍ രണ്ട് തരത്തില്‍ നിക്ഷേപിക്കാം. നേരിട്ടും പരോക്ഷമായും. ഓഹരികള്‍, ഇ.ടി.എഫുകള്‍, മ്യൂചല്‍ഫണ്ടുകള്‍ എന്നിവയാണ് നേരിട്ട് നിക്ഷേപിക്കാവുന്ന ജനപ്രിയ മാര്‍ഗങ്ങള്‍. യു.എസ് സ്റ്റോക്ക് ബ്രോക്കര്‍മാരുമായി സഹകരിച്ച് നിരവധി ആഭ്യന്തര ബ്രാക്കര്‍മാര്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെയടുത്ത് ഒരു അന്താരാഷ്ട്ര ട്രേഡിംഗ് അക്കൗണ്ട് തുടങ്ങാം. എന്നാല്‍ ബ്രോക്കറേജ്, എക്‌സ്‌ചേഞ്ച് റേറ്റ് തുടങ്ങിയ ചാര്‍ജുകള്‍ മൂലം നിക്ഷേപത്തിന് ചെലവ് കൂടുതലായിരിക്കും.
നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എന്‍.എസ്.ഇ) പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എന്‍.എസ്.ഇ ഐ.എഫ്.എസ്.സി വഴിയും യു.എസ് സ്റ്റോക്കുകളില്‍ നിക്ഷേപിക്കാം. ഇതു വഴി നിക്ഷേപം തുടങ്ങുന്നതിന് ഐ.എഫ്.എസ്.സി.എ ലൈസന്‍സുള്ള ഒരു ബ്രോക്കറുമായി നിങ്ങള്‍ക്ക് ഒരു പുതിയ ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്.
യു.എസ് മ്യൂച്വല്‍ഫണ്ടുകള്‍
യു.എസ് വിപണികളില്‍ നിക്ഷേപം നടത്തുന്ന രണ്ട് തരത്തിലുള്ള മ്യൂച്വല്‍ഫണ്ടുകളുണ്ട്. അന്താരാഷ്ട്ര മ്യൂച്വല്‍ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്ന പ്രാദേശിക ഫണ്ടുകളായ ഫണ്ട് ഓഫ് ഫണ്ട്‌സ് ആണ് ഒന്ന്. അന്താരാഷ്ട്ര ഓഹരികളില്‍ നിക്ഷേപം നടത്തുന്ന പ്രാദേശിക മ്യൂച്വല്‍ഫണ്ടുകളാണ് മറ്റൊന്ന്.
നിലവില്‍ നിരവധി മൊബൈല്‍ ആപ്പുകളും ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് വിദേശ ഓഹരികളില്‍ നിക്ഷേപിക്കുന്നതിനായി ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഇന്‍ട്രാഡേ ട്രേഡിംഗ് നടത്തുന്നതിന് ഇത്തരം ആപ്പുകളില്‍ അനുമതിയില്ല.
എത്ര തുക വരെ നിക്ഷേപിക്കാം
റിസര്‍വ് ബാങ്കിന്റെ അനുമതി പ്രകാരം ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം (LRS) വഴി ഇന്ത്യന്‍ താമസക്കാര്‍ക്ക് 2.5 ലക്ഷം ഡോളര്‍ (ഏകദേശം 2.08 കോടി രൂപ) വരെയാണ് ഒരു വര്‍ഷം വിദേശത്ത് നിക്ഷേപിക്കാവുന്നത്.
എല്‍.ആര്‍.എസ് വഴി ചെലവഴിക്കുന്ന ഏഴ് ലക്ഷം രൂപയ്ക്ക് മുകളിലുള്ള എല്ലാ റെമിറ്റന്‍സിനും സ്രോതസില്‍ നിന്ന് നികുതി (Tax Collected at Source /TCS) പിടിക്കും. ഏഴ് ലക്ഷത്തിന് ശേഷം വരുന്ന തുകയ്ക്കാണ് ടി.സി.എസ് പിടിക്കുക.
മൂലധന നികുതി
രാജ്യത്തെ ഓഹരികളില്‍ നിക്ഷേപിക്കുന്നതില്‍ നിന്ന് വ്യത്യസ്തമാണ് വിദേശ ഓഹരികളിലെ നിക്ഷേപത്തിന് ബാധകമാകുന്ന നികുതി. ഇന്ത്യന്‍ മ്യൂച്വല്‍ഫണ്ട് കമ്പനികള്‍ വഴിയാണ് നിക്ഷേപമെങ്കില്‍ മൂന്നോ അതില്‍ കൂടുതലോ കാലം കൈവശം വച്ചാല്‍ ഇന്‍ഡെക്‌സേഷന്‍ (പണപ്പെരുപ്പം) കിഴിച്ചുള്ള നേട്ടത്തിന് ബാധകമായ 20 ശതമാനം നികുതി നല്‍കിയാല്‍ മതി. ഹ്രസ്വകാലയളവിലെ നിക്ഷേപത്തിന് ഓരോരുത്തരുടേയും നികുതി സ്ലാബിന് അനുസരിച്ചുള്ള നികുതി ബാധാകമായിരിക്കും.
അതേസമയം, നേരിട്ടാണ് വിദേശ ഓഹരികളില്‍ നിക്ഷേപിക്കുന്നതെങ്കില്‍ രണ്ട് വര്‍ഷമോ അതില്‍ അതില്‍ കൂടുതലോ കാലം കൈവശം വച്ചശേഷമാണ് നിക്ഷേപം പിന്‍വലിക്കുന്നതെങ്കില്‍ ഇന്‍ഡെക്‌സേഷന്‍ ആനുകൂല്യത്തോടെ 20 ശതമാനമാണ് നികുതി. ഹ്രസ്വകാലയളവില്‍ മുകളില്‍ പറഞ്ഞതിനു സമാനമായ നികുതിയാണ് നല്‍കേണ്ടത്.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it