ഓഹരി വിപണിയില്‍ നിന്ന് എങ്ങനെ പണമുണ്ടാക്കാം?

ഓഹരി വിപണിയിലേക്ക് മിക്കവരും എത്തുന്നത് എളുപ്പത്തില്‍ പണമുണ്ടാക്കാനാണ്. എന്നാല്‍ എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ പറ്റുന്ന ഒരു മേഖലയാണ് ഇതെന്ന് എനിക്ക് തോന്നുന്നില്ല. കാരണം, എന്റെ 30 വര്‍ഷത്തെ അനുഭവത്തില്‍ എനിക്ക് മനസിലായത് വളരെ ശ്രദ്ധയോടെയും അച്ചടക്കത്തോടെയും സമീപിക്കേണ്ട ഒരു മേഖലയാണ് ഓഹരി വിപണിയിലെ നിക്ഷേപം എന്നാണ്. അങ്ങനെ ചെയ്യുന്നവര്‍ക്കാണ് സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്ന് നേട്ടമുണ്ടാക്കാനാവുക. എന്നാല്‍ അപൂര്‍വം ചില ട്രേഡേഴ്സൊക്കെ പെട്ടെന്ന് പണമുണ്ടാക്കുന്ന സാഹചര്യമുണ്ട്. അത് സ്റ്റോക്ക് മാര്‍ക്കറ്റില്‍ മാത്രമല്ല, റിയല്‍ എസ്റ്റേറ്റ് പോലെ മറ്റ് ചില രംഗങ്ങളിലും പെട്ടെന്ന് പണമുണ്ടാക്കുന്ന ആളുകളെ നാം കാണാറുണ്ട്. ഇങ്ങനെ വളരെ വലിയ നേട്ടമുണ്ടാക്കിയ അപൂര്‍വം ചില ആളുകളുടെ കഥ കേട്ട് നിക്ഷേപിച്ചത് കൊണ്ട് കാര്യമില്ല. സ്ഥിരതയോടെ നമുക്ക് ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ സാധിക്കുമോ? അങ്ങനെ നിക്ഷേപം

നടത്തിയാല്‍ നമുക്ക് എന്ത് ലഭിക്കും? ഇങ്ങനെയുള്ള കാര്യങ്ങളാണ് നാം ശ്രദ്ധിക്കേണ്ടത്. മാനേജ്മെന്റ്, ഫിനാന്‍സ് എന്നിങ്ങനെ എല്ലാ രംഗങ്ങളിലും മികവുള്ള കമ്പനികളാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ സ്റ്റോക്ക് മാര്‍ക്കറ്റ് മികച്ച നിക്ഷേപമാര്‍ഗമാണ്. സാധാരണഗതിയില്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥ 5 - 8 ശതമാനമൊക്കെ വളരുമ്പോള്‍ സ്റ്റോക്ക് മാര്‍ക്കറ്റിലെ ചില കമ്പനികള്‍ സുസ്ഥിരമായി 20 - 25 ശതമാനമൊക്കെ എല്ലാ വര്‍ഷവും വളരുന്നുണ്ടാകും. അതിന്റെ ഗുണം ഓഹരിയുടമകള്‍ക്കും ലഭിക്കും.
ആദ്യമായി ഓഹരി നിക്ഷേപം നടത്തുന്ന വ്യക്തി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?
തുടക്കക്കാര്‍ എടുത്തുചാട്ടം നടത്തരുതെന്നാണ് ആദ്യം പറയാനുള്ളത്. മാര്‍ക്കറ്റിനെ കുറിച്ച് തീരെ അറിവില്ലാത്ത ആളുകളില്‍നിന്ന് ഉപദേശം സ്വീകരിക്കരുത്. അഡൈ്വസറി സര്‍വീസസ് നടത്തുന്ന, സെബിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ആളുകളില്‍ നിന്ന് അഡൈ്വസ് എടുത്ത് വേണം മുന്നോട്ടുപോകാന്‍. അല്ലാതെ, ടിപ്സുകളായി വാട്സ്ആപ്പിലൂടെയും മറ്റും കിട്ടുന്ന മെസേജുകളെ പിന്തുടര്‍ന്ന് ഒരു അച്ചടക്കവുമില്ലാതെ ഇന്‍വെസ്റ്റ് ചെയ്യാതിരിക്കുക. മാര്‍ക്കറ്റിനെ അറിഞ്ഞ്, സ്റ്റോക്കുകളുടെ ഫണ്ടമെന്റലുകള്‍ എന്താണ്, അതിന്റെ ഭാവിയെന്ത് എന്നതിനെ കുറിച്ചൊക്കെ പഠിച്ച് ഇന്‍വെസ്റ്റ് ചെയ്യുകയാണെങ്കില്‍ വളരെ നല്ലതാണ്. കൂടാതെ, ഒരു സ്റ്റോക്ക് മാത്രമായി ഇന്‍വെസ്റ്റ് ചെയ്യരുത്. ഒരു പോര്‍ട്ട്ഫോളിയോ സമീപനം നല്ലതാണ്. അഞ്ചോ ആറോ ഷെയറുകളുടെ ഒരു ബാസ്‌ക്കറ്റിലായിരിക്കണം നിക്ഷേപം നടത്തേണ്ടത്.ഏത് നല്ല സ്റ്റോക്കിനും തിരുത്തലുകളുണ്ടാവാം. ഒരു പോര്‍ട്ട്ഫോളിയോ പോലെയാണെങ്കില്‍ ആ റിസ്‌ക് ഒരു പരിധിവരെ സന്തുലിതമാകും.
നിക്ഷേപത്തിനായി മാറ്റിവെയ്ക്കുന്ന തുകയുടെ എത്ര ശതമാനം ഓഹരി യില്‍ നിക്ഷേപിക്കണം?
സ്റ്റോക്ക് മാര്‍ക്കറ്റിലെ നമ്മുടെ നിക്ഷേപം എത്രയായിരിക്കണമെന്ന ചോദ്യം വളരെ പ്രധാനപ്പെട്ടതാണ്. സ്റ്റോക്ക് മാര്‍ക്കറ്റിലെ നിക്ഷേപങ്ങള്‍ താരതമ്യേന റിസ്‌ക് കൂടുതലാണെന്ന് പലരും പറയാറുണ്ട്. വാര്‍ത്തകള്‍ക്കനുസരിച്ച് മാര്‍ക്കറ്റ് കയറിയിറങ്ങുന്നതാണ് ഇതിന് പ്രധാന കാരണം. കൂടാതെ കമ്പനികളുടെ പ്രകടനം ചില വര്‍ഷങ്ങളില്‍ നന്നാകും ചില വര്‍ഷങ്ങളില്‍ മോശമാകും. ഇതിനനുസരിച്ച് ഓഹരി വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകും. അതുകൊണ്ടാണ് റിസ്‌ക് കൂടുതലാണെന്ന് പറയുന്നത്. അതുപോലെ വരുമാന സാധ്യതയും കൂടുതലുണ്ട്. അതുകൊണ്ട് തന്നെ
പ്രായത്തിനനുസരിച്ച് നിക്ഷേപിക്കുന്നതായിരിക്കും നല്ലത്. 25 - 30 പ്രായമുള്ളവര്‍ക്ക് ആ സമയത്ത് ചെലവുകള്‍ കുറവായിരിക്കും. അതിനാല്‍ തന്നെ റിസ്‌ക് എടുത്ത് 60 ശതമാനം വരെ ഓഹരിയില്‍ നിക്ഷേപിക്കാവുന്നതാണ്. പ്രായം കൂടുന്നതിനനുസരിച്ച് ഓഹരിയിലെ നിക്ഷേപം കുറച്ച് കൊണ്ട് ഫിക്സഡ് ഡിപ്പോസിറ്റ്, എന്‍സിഡികള്‍, ഗവണ്‍മെന്റ് ബോണ്ടുകള്‍ എന്നിവയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സ്ഥിരമായൊരു വരുമാനം കിട്ടുകയും ചെയ്യും റിസ്‌ക് കുറയ്ക്കുകയും ചെയ്യാം.
നമ്മുടെ വരുമാനവും നമ്മുടെ ഭാവിയിലേക്കുള്ള ആവശ്യങ്ങളും കണക്കില്‍ എടുത്തുകൊണ്ടുള്ള ഒരു വെല്‍ത്ത് മാനേജ്മെന്റ് പ്ലാനാണ് നമ്മള്‍ ഉണ്ടാക്കേണ്ടത്. ആ പ്ലാനില്‍ പ്രായം കൂടുന്നതിനനുസരിച്ച് റിസ്‌ക് കുറയ്ക്കുക എന്നുള്ളത് സ്വാഭാവികമായുള്ള കാര്യമാണെന്ന് ഓര്‍ക്കുക. എന്നിരുന്നാലും 60 - 65 വയസുള്ളവരൊക്കെ ഇന്‍വെസ്റ്റ് ചെയ്യാറുണ്ട്, നല്ല ലാഭവു മുണ്ടാക്കാറുണ്ട്.
ഓഹരിയില്‍ നേരിട്ട് നിക്ഷേപം നടത്താതെ തന്നെ വിപണിയുടെ മുന്നേറ്റത്തിന്റെ നേട്ടം സ്വന്തമാക്കാന്‍ പറ്റുന്ന നിക്ഷേപ മാര്‍ഗങ്ങളെ കുറിച്ച് പറയാമോ?
സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപം നടത്താനുള്ള മാര്‍ഗം നേരിട്ട് ഓഹരികള്‍ വാങ്ങുക അല്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങുക എന്നതാണ്. ഇത് രണ്ടും കൂടാതെ ഓഹരി വിപണിയില്‍ നിക്ഷേപം നടത്താനുള്ള വഴി ഇടിഎഫുകളാണ്. ഇടിഎഫുകള്‍ മ്യൂച്വല്‍ ഫണ്ടുകള്‍ തന്നെയാണ് മാനേജ് ചെയ്യുന്നത്. ഇന്‍ഡക്സിന്റെ മൂവ്മെന്റിനെ അടിസ്ഥാനമാക്കിയുള്ള സ്ട്രാറ്റജിയാണ് ഇടിഎഫിലുള്ളത്. നമുക്ക് വാങ്ങിക്കാനും വില്‍ക്കാനും
എളുപ്പമുള്ള കാര്യമാണിത്. ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളില്‍ ഇടിഎഫുകള്‍ പോപ്പുലറാണ്. ഇടിഎഫുകളില്‍ നിക്ഷേപിച്ചാല്‍ മാര്‍ക്കറ്റില്‍ നേരിട്ട് നിക്ഷേപം നടത്തുന്നതിന്റെ റിസ്‌കുകള്‍ ഒഴിവാക്കാനും പറ്റും. ഇന്‍ഡക്സ് പെര്‍ഫോം ചെയ്തിട്ടുണ്ടെങ്കില്‍ നമുക്ക് മെച്ചമുണ്ടാകാവുന്ന ഒരു കാര്യമാണിത്. ഇന്ത്യയിലും ഇടിഎഫ് പ്രിയങ്കരമാകുന്ന സാഹചര്യത്തില്‍ ഇടിഎഫ് പോലുള്ള നിക്ഷേപങ്ങള്‍ പരിഗണിക്കാവുന്നതാണ്.
ഓഹരി നിക്ഷേപം നടത്തുന്നവര്‍ ഇപ്പോള്‍ ലാഭമെടുത്ത് മാറേണ്ടതുണ്ടോ?
അങ്ങനെയൊരു അവസ്ഥയുണ്ടെന്ന് തോന്നുന്നില്ല. കാരണം ഇടയ്ക്കിടയ്ക്ക് ചെറിയ തിരുത്തലുകളുണ്ടാകുമെങ്കിലും അടുത്ത 3-4 വര്‍ഷത്തേക്ക് മാര്‍ക്കറ്റ് ഉയര്‍ന്ന നിലയിലേക്ക് തന്നെ പോകാനുള്ള സാധ്യതയാണുള്ളത്. മാര്‍ക്കറ്റില്‍ തിരുത്തലുണ്ടാകുന്നത് വാങ്ങുന്നതിന് അവസരമായി വരികയും പുതിയ പോസിറ്റീവ് വാര്‍ത്തകള്‍ വരുമ്പോള്‍ മാര്‍ക്കറ്റ് ഉയരങ്ങളിലേക്ക് പോവുകയും ചെയ്യും. വളരെ ബാലന്‍സ്ഡായ മാര്‍ക്കറ്റാണ് ഇപ്പോഴുള്ളത്. ലോംഗ് ടേം ഇന്‍വെസ്റ്റേഴ്സാണുള്ളത്. എസ്ഐപി വഴി ധാരാളം പണം മാര്‍ക്കറ്റിലേക്ക് വരുന്നുണ്ട്. കമ്പനികളുടെ ഫലങ്ങളൊക്കെ മികച്ചതാണ്. കൂടാതെ, ഇന്ത്യന്‍ ഇക്കണോമി മോശം സാഹചര്യത്തിലല്ല. ഇന്ത്യന്‍ ഇക്കണോമിയുടെ ഫണ്ടമെന്റല്‍സ് ശക്തിയായി തന്നെയാണ് നില്‍ക്കുന്നത്.
ഓഹരി നിക്ഷേപം നടത്തിയാല്‍ ശ്രദ്ധിക്കേണ്ട സൂചകങ്ങള്‍ എന്തൊക്കെയാണ്?
നമ്മള്‍ നിക്ഷേപിച്ചിരിക്കുന്ന കമ്പനികളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നോക്കുന്നത് നല്ലതാണ്. എല്ലാദിവസവും നോക്കിയില്ലെങ്കിലും ഇന്‍വെസ്റ്റ് ചെയ്ത കമ്പനികളുടെ ക്ലോസിംഗ് പ്രൈസ് പോര്‍ട്ട്ഫോളിയോയില്‍ നോക്കാവുന്നതാണ്. മാസത്തിലൊരിക്കലെങ്കിലും നമ്മള്‍ ഇന്‍വെസ്റ്റ് ചെയ്തിരിക്കുന്ന സ്റ്റോക്കുകളോ അല്ലെങ്കില്‍ പോര്‍ട്ട്ഫോളിയോയോ സെന്‍സെക്‌സ്, നിഫ്റ്റി സൂചികകളുമായി താരതമ്യം ചെയ്യുന്നത് നല്ലതാണ്. സ്റ്റോക്ക്മാര്‍ക്കറ്റും നമ്മുടെ സ്റ്റോക്കുകളും തമ്മില്‍ ഏറെ അന്തരമുണ്ടെങ്കില്‍ നല്ല പ്രകടനം കാഴ്ചവെയ്ക്കുന്ന ഓഹരികളിലേക്ക് മാറുകയെന്നതാണ് പരിഹാരം.
താങ്കള്‍ എങ്ങനെയാണ് നല്ലൊരു കമ്പനിയെ തെരഞ്ഞെടുക്കുന്നത്? വിപണിയിലെ പുതുമുഖങ്ങള്‍ക്കും ആ രീതി പിന്തുടരാന്‍ പറ്റുമോ?
കമ്പനിയെ തെരഞ്ഞെടുക്കല്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. ടെക്നിക്കലായും ഫണ്ടമെന്റലായും അനാലിസിസ് ചെയ്താണ് നമ്മള്‍ സ്റ്റോക്ക് റെക്കമന്റേഷന്‍ കൊടുക്കുന്നത്. വിവിധ നിക്ഷേപ കാലയളവിലുള്ള കമ്പനികളെ തെരഞ്ഞെടുക്കാന്‍ വ്യത്യസ്ത സമീപനം സ്വീകരിക്കാറുണ്ട്. കടം കൂടുതലുള്ള കമ്പനിയില്‍ കൂടുതല്‍ ഇന്‍വെസ്റ്റ് ചെയ്യില്ല. കമ്പനിയുടെ മാനേജ്മെന്റിന്റെ മികവ്, കോര്‍പ്പറേറ്റ് ഗവേണന്‍സിന്റെ നിലവാരം എന്നിവ കൂടി അളന്നാണ് കമ്പനികളെ തെരഞ്ഞെടുക്കുന്നത്. ഇങ്ങനെ ഒരു കമ്പനിയെ കണ്ടെത്തിയാല്‍ ആ കമ്പനിയുടെ എല്ലാ വാര്‍ത്തകളും നിരന്തരം പിന്തുടരും. കമ്പനിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്? അവകാശ ഓഹരി കൊടുക്കാന്‍ പ്ലാനുണ്ടോ? പങ്കാളിത്തങ്ങള്‍ വരുന്നുണ്ടോ? എന്നാണ് ബോര്‍ഡ് മീറ്റിംഗ്? തുടങ്ങി എല്ലാ കാര്യങ്ങളും കൃത്യമായി അറിഞ്ഞ് വിശകലനം ചെയ്ത ശേഷമാണ് നിക്ഷേപത്തിനായി ആ കമ്പനിയെ നിര്‍ദേശിക്കുന്നത്. ഇതെല്ലാം സാധാരണ നിക്ഷേപകര്‍ക്കും ചെയ്യാവുന്നതാണ്. കാരണം ഈ വിവരങ്ങളെല്ലാം ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.
(ഓഹരി വിപണിയില്‍നിന്ന് എങ്ങനെ പണമുണ്ടാക്കാം എന്നതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്തഭാഗത്തില്‍ വായിക്കാം)


Prince George
Prince George  

മാനേജിങ് ഡയറക്ടർ, ഡിബിഎഫ്എസ്

Related Articles

Next Story

Videos

Share it