5 വഴികൾ: വിപണിയിലെ എഫ്ഐഐ — ഡിഐഐ വടംവലിക്കിടയിൽ നിക്ഷേപകർക്ക് നേട്ടമുണ്ടാക്കാം
ഇന്ത്യൻ ഓഹരി വിപണിയെ സജീവമാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന രണ്ട് വൻകിട സ്ഥാപന നിക്ഷേപകരാണ് വിദേശ സ്ഥാപന നിക്ഷേപകരും (എഫ്ഐഐ) ആഭ്യന്തര സ്ഥാപന നിക്ഷേപകരും (ഡിഐഐ). ഇതിൽ ഗ്ലോബൽ ഫണ്ടുകളും ഹെഡ്ജ് ഫണ്ടുകളും സോവറിൻ വെൽത്ത് ഫണ്ടുകളും ഒക്കെ ഉൾപ്പെടുന്നതാണ് വിദേശ സ്ഥാപന നിക്ഷേപകർ. അതേസമയം ഇന്ത്യ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മ്യൂച്വൽ ഫണ്ടുകളും ഇൻഷുറൻസ് കമ്പനികളും പെൻഷൻ ഫണ്ടുകളും ഒക്കെ ഉൾപ്പെടുന്നതാണ് ആഭ്യന്തര സ്ഥാപന നിക്ഷേപകർ. സഹസ്രകോടികളുടെ നിക്ഷേപമാണ് ഇരുകൂട്ടർക്കും ഇന്ത്യൻ വിപണിയിലുള്ളത്.
തികച്ചും ശാസ്ത്രീയ നിക്ഷേപ രീതികളും സെക്ടറിനേയും കമ്പനിയേയും കുറിച്ചും ആഴത്തിൽ പഠിക്കുകയും അതുവഴി ട്രെൻഡ് നേരത്തെ തിരിച്ചറിയാനും റീട്ടെയിൽ നിക്ഷേപകർക്ക് പൊതുയിടത്തിൽ ലഭ്യമല്ലാത്ത ഡേറ്റ കൈയെത്തിപ്പിടിക്കാനും ഒക്കെ ഇരുകൂട്ടർക്കും കഴിയും. അതേസമയം വിദേശ സ്ഥാപന നിക്ഷേപകർക്ക് ഇന്ത്യയിൽ നിക്ഷേപം നടത്താതെ മാറിനിൽക്കാനുള്ള ചോയ്സ് ഉണ്ട്. എന്നാൽ രാജ്യത്തെ ജനങ്ങളിൽ നിന്നും പ്രതിമാസം ആയിരക്കണക്കിന് കോടിയുടെ എസ്ഐപി ഉൾപ്പെടെയുള്ള നിക്ഷേപം ഇടമുറിയാതെ തങ്ങളിലേക്ക് ഒഴുകിയെത്തുന്ന ആഭ്യന്തര സ്ഥാപന നിക്ഷേപകരെ സംബന്ധിച്ച്, വിപണി ചാഞ്ചാട്ടത്തിലായാൽ പോലും മികച്ച അവസരം തപ്പിയെടുത്ത് നിക്ഷേപ വിന്യസിക്കേണ്ട ബാധ്യതയും വെല്ലുവിളിയും നേരിടേണ്ടതുണ്ട്.
അതുകൊണ്ട് വിദേശ സ്ഥാപന നിക്ഷേപകരേക്കാൾ ദീർഘമായ കാലയളവിലേക്കായിരിക്കും ആഭ്യന്തര സ്ഥാപന നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപമിറക്കുക എന്ന് സാരം. അതുപോലെ കഴിഞ്ഞ രണ്ട് വർഷത്തോളമായി വിദേശ സ്ഥാപന നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ കടുത്ത വിൽപ്പന സമ്മർദം ഉയർത്തുന്നുണ്ട്. ഇതിനെ ഫലപ്രദമായി അതിജീവിക്കാനും വിപണിക്ക് സ്ഥിരതയേകാനും സാധിച്ചത് ആഭ്യന്തര സ്ഥാപന നിക്ഷേപകരുടെ തുടർച്ചയായ ഓഹരി വാങ്ങലും കൊണ്ടാണ്. ഈയൊരു പശ്ചാത്തലത്തിൽ, ആഭ്യന്തര സ്ഥാപന നിക്ഷേപകരും വിദേശ സ്ഥാപന നിക്ഷേപകരും ഇന്ത്യൻ വിപണിയിൽ നടത്തുന്ന വടംവലിക്കിടെ സാധാരണക്കാരായ റീട്ടെയിൽ നിക്ഷേപകർക്ക് 5 തരത്തിൽ നേട്ടമുണ്ടാക്കാൻ സാധിക്കും. അത് എങ്ങനെയെന്ന് വിശദമായി നോക്കാം.
1. എഫ്ഐഐ വിൽക്കുമ്പോൾ ക്വാളിറ്റി ഓഹരികൾ വാങ്ങുക:
വലിയ അളവിൽ വിദേശ സ്ഥാപന നിക്ഷേപകർ ഓഹരികൾ വിൽക്കാൻ തുനിയുമ്പോൾ വിപണിയിലും കടുത്ത സമ്മർദം നേരിടും. ഉദ്ദാഹരണത്തിന് 2024 ഒക്ടോബറിൽ വിപണി സർവകാല റെക്കോഡ് നിലവാരത്തിലേക്ക് എത്തിയപ്പോൾ ഏകദേശം 94,000 കോടി രൂപയുടെ ഓഹരികളാണ് പൊടുന്നനേ വിദേശ സ്ഥാപന നിക്ഷേപകർ വിറ്റഴിച്ചത്. ഇതിനെ തുടർന്ന് എൻഎസ്ഇ നിഫ്റ്റി സൂചിക 6% തിരിച്ചടി നേരിട്ടു. കമ്പനികളുടെ ഫണ്ടമെന്റൽ ഘടകങ്ങളിൽ യാതൊരു മാറ്റവും സംഭവിക്കാതിരിക്കുമ്പോഴായിരുന്നു ഇത്. അതിനാൽ വിദേശ സ്ഥാപന നിക്ഷേപകരുടെ വിൽപ്പന കാരണം ക്വാളിറ്റിയുള്ള ഓഹരികൾ താഴ്ന്ന വിലയിലേക്ക് എത്തുമ്പോൾ റീട്ടെയിൽ നിക്ഷേപകർക്ക് ഇതു വാങ്ങാനുള്ള അവസരമായി കണാവുന്നതാണ്.
2. ഡിഐഐ നൽകുന്ന സുരക്ഷ:
വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ വിൽപ്പന സമ്മർദം ഉയർത്തുമ്പോൾ അതിനെ പ്രതിരോധിക്കുന്നത് പ്രധാനമായും ആഭ്യന്തര സ്ഥാപന നിക്ഷേപകരാണ്. കാരണം ജനങ്ങളിൽ നിന്നും എസ്ഐപി വഴിയും അല്ലാതെയുമുള്ള കോടിക്കണക്കിന് രൂപയുടെ നിക്ഷേപം, മ്യൂച്വൽ ഫണ്ട് പോലെയുള്ള ആഭ്യന്തര സ്ഥാപന നിക്ഷേപകരിലേക്ക് എല്ലാ മാസവും ഒഴുകിയെത്തുകയാണ്. 2023ൽ എസ്ഐപി വഴിയുള്ള ജനങ്ങളുടെ നിക്ഷേപം 1.84 ലക്ഷം കോടി രൂപയായിരുന്നെങ്കിൽ, 2025ൽ അത് 3.34 ലക്ഷം കോടി രൂപയായി വർധിച്ചു.
അതിനാൽ ഇന്ത്യൻ വിപണിയിൽ തുടർച്ചയായി നിക്ഷേപിക്കാൻ ആഭ്യന്തര സ്ഥാപന നിക്ഷേപകർ നിർബന്ധിതരാണെന്ന് ചുരുക്കം. ഇങ്ങനെ സഹസ്രകോടികളുടെ നിക്ഷേപം പുതിയതായി ഇടമുറിയാതെ കടന്നുവരുന്നതിനാൽ, വിപണിക്ക് സ്ഥിരതയേകുന്നതിൽ ആഭ്യന്തര സ്ഥാപന നിക്ഷേപകരുടെ പങ്ക് വളരെ വലുതാണെന്ന് സാരം. അതിനാൽ ഒരു ഓഹരിയിൽ ആഭ്യന്തര സ്ഥാപന നിക്ഷേപകരുടെ വിഹിതത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളിൽ നിന്നും റീട്ടെയിൽ നിക്ഷേപകർക്കും ചില ക്ലൂ വായിച്ചെടുക്കാൻ സാധിക്കുന്നു.
3. എഫ്ഐഐ സെക്ടർ ട്രെൻഡ് പിന്തുടരുക:
താരതമ്യേന ഉയർന്ന ലിക്വിഡിറ്റിയും (എളുപ്പത്തിൽ വാങ്ങാനും വിൽക്കാനുമുള്ള അവസരം) വലിയ വ്യവസായ മേഖലകളിൽ പ്രവർത്തിക്കുന്നതും ആഭ്യന്തര ആവശ്യകതയിലൂന്നീ ബിസിനസ് ചെയ്യുന്നതുമായ കമ്പനികളുടെ ഓഹരികളെയാകും പൊതുവേ വിദേശ സ്ഥാപന നിക്ഷേപകർ പരിഗണിക്കുക. ധനകാര്യ സേവനം, ഇൻഫ്രാസ്ട്രക്ചർ, ഹെൽത്ത്കെയർ, കൺസ്യൂമർ വിഭാഗം ഓഹരികളിലൊക്കെയാണ് ഇവർ ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളത്. ഐടി ഓഹരികളിൽ വൻ തോതിൽ നിക്ഷേപമുണ്ടെങ്കിലും ഒരുഭാഗം അടുത്തിടെ ഒഴിവാക്കുന്നതായും കാണാം. ടെലികോം, ക്യാപിറ്റൽ ഗുഡ്സ് എന്നീ വിഭാഗങ്ങളിലേക്ക് നിക്ഷേപം വർധിപ്പിക്കുന്നുമുണ്ട്. ചുരുക്കത്തിൽ വിദേശ സ്ഥാപന നിക്ഷേപകർ നടത്തുന്ന സെക്ടർ റൊട്ടേഷനിൽ നിന്നും ട്രെൻഡ് നേരത്തെ തിരിച്ചറിയാൻ റീട്ടെയിൽ നിക്ഷേപകർക്ക് വഴിതെളിക്കുന്നു.
4. എഫ്ഐഐയ്ക്ക് കുറഞ്ഞ നിക്ഷേപമുള്ള സെക്ടറുകൾ പരഗിണിക്കാം:
കമ്പനികളുടെ അടിസ്ഥാന ഘടകങ്ങൾ മെച്ചപ്പെട്ടിട്ടും വിദേശ സ്ഥാപന നിക്ഷേപകരുടെ സാന്നിധ്യം കുറവുള്ള ഏതാനും സെക്ടറുകളും ഇവിടെയുണ്ട്. മെറ്റൽസ്, ഓട്ടോമൊബീൽ, പ്രതിരോധം, റെയിൽവേയ്സ്, കെമിക്കൽസ്, എഐ അനുബന്ധ ബിസിനിസ് എന്നിങ്ങനെ വിദേശ സ്ഥാപന നിക്ഷേപകർക്ക് ഓഹരി പങ്കാളിത്തം കുറവുള്ള സെക്ടറുകളാണിത്. നിലവിൽ മികച്ച അവസരത്തിനായി മൈക്രോ ക്യാപ് വിഭാഗം ഓഹരികളിലേക്ക് വരെ വിദേശ/ആഭ്യന്തര സ്ഥാപന നിക്ഷേപകർ കടന്നെത്തുന്നുണ്ട്. അതിനാൽ വിദേശ സ്ഥാപന നിക്ഷേപകർക്ക് സാന്നിധ്യം കുറവുള്ള സെക്ടറുകളിലെ മികച്ച കമ്പനികളെ ഇപ്പോൾ പരിഗണിച്ചാൽ, പിന്നീട് അവർ ഇത്തരം ഓഹരികൾ വാങ്ങാൻ തുടങ്ങുമ്പോൾ വില വര്‍ധിക്കും. നേട്ടം കരസ്ഥമാക്കാനും സാധിക്കും.
5. ദീർഘകാലം പരിഗണിക്കുക/ എസ്ഐപി തുടരുക:
എഫ്ഐഐ - ഡിഐഐ ട്രേഡിങ് ഡേറ്റ മാത്രം അടിസ്ഥാനമാക്കി ഭാഗ്യപരീക്ഷണത്തിന് മുതിരാതെ, പകരം അച്ചടക്കത്തോടെ ദീർഘമായ കാലയളവിലേക്ക് മികച്ച ഫണ്ടമെന്റൽ ഘടകങ്ങളുള്ള കമ്പനികളുടെ ഓഹരികളെ തെരെഞ്ഞെടുക്കുകയാണ് വേണ്ടത്. കമ്പനികളുടെ വരുമാന വളർച്ച ശ്രദ്ധിക്കണം. എഫ്ഐഐ വിൽക്കുമ്പോൾ വേഗത്തിൽ വില താഴും. മികച്ച ഫണ്ടമെന്റൽ ഘടകങ്ങളുള്ള കമ്പനികളുടെ ഓഹരികൾ പോലും, ആകർഷകമായ വാല്യൂവേഷൻ നിലവാരത്തിൽ അങ്ങനെ ലഭ്യമാകുന്നു.
അതേസമയം വിപണിയിലെ നല്ല സമയം നോക്കി അവസരം പാഴാക്കാതിരിക്കാൻ ദീർഘമായ കാലയളവിലേക്ക് എസ്ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) മുഖേന നിക്ഷേപം നടത്തുന്നതാകും ഉചിതം. വിപണി ചാഞ്ചാട്ടം നേരിടുമ്പോൾ കൂടുതൽ എണ്ണം വാങ്ങാം. പിന്നീട് വിപണി തിരികെ കയറുമ്പോള്‍ അതില്‍ നിന്ന് നേട്ടമുണ്ടാകും. അതിന് എസ്.ഐ.പി സഹായിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine

