കോടതി റദ്ദാക്കിയ താരിഫിനു പിന്നാലെ പകരച്ചുങ്കം പ്രഖ്യാപിച്ച് ട്രംപ്; വിപണിയേയും സ്വർണം, വെള്ളിയേയും എങ്ങനെ സ്വാധീനിക്കും?

യു.എസ് സുപ്രീം കോടതി താരിഫ് റദ്ദാക്കിയതിനു പിന്നാലെ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച 10% പകരച്ചുങ്കം ആഗോള വിപണിയിൽ ചാഞ്ചാട്ടം സൃഷ്ടിക്കുമോ? ഇന്ത്യൻ ഓഹരി വിപണിക്കും സ്വർണം, വെള്ളി നിരക്കുകളേയും ഇത് എങ്ങനെ ബാധിക്കും?
trump new tariffs
canva
Published on

വ്യാപാര പങ്കാളികളായ ലോകരാജ്യങ്ങൾക്കു മേൽ ഐ.ഇ.ഇ.പി.എ നിയമം ഉപയോ​ഗപ്പെടുത്തി, പ്രസി‍ഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ അധിക ഇറക്കുമതി തീരുവ ഭരണഘടനാപരമല്ലെന്ന് യു.എസ് സുപ്രീം കോടതി വിധിച്ച നടപടി ആ​ഗോള വിപണികളിൽ ചലനം ഉണ്ടാക്കാൻ ഇടയാക്കും. കോടതിയിൽ നിന്നുമേറ്റ തിരിച്ചടിക്ക് പിന്നാലെ 1974-ലെ വ്യാപാര നിയമത്തിന്റെ അടിസ്ഥാനത്തിൽ ആ​ഗോള തലത്തിൽ 10 ശതമാനം പകരച്ചുങ്കം ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു. ഈയൊരു പശ്ചാത്തലത്തിൽ ഇന്ത്യൻ ഓഹരി വിപണിയേയും സ്വർണം, വെള്ളി നിരക്കുകളേയും എങ്ങനെ ബാധിക്കുമെന്ന് വിശദമായി നോക്കാം.

ഇന്ത്യൻ വിപണിയെ എങ്ങനെ സ്വാധീനിക്കും?

1. പൊതുവായ അനുകൂലാവസ്ഥ: ഡൊണാൾഡ് ട്രംപ് കൊണ്ടുവന്ന അധിക ഇറക്കുമതി തീരുവയും അത് ചടുലമായി നടപ്പാക്കുന്ന രീതിയും കാരണം ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്ന യു.എസുമായി ഉഭയകക്ഷി വ്യാപാരത്തിൽ നിലനിന്ന ​അനിശ്ചിതത്വത്തിന്റെ ​ഗണ്യമായൊരു ഭാ​ഗം യു.എസ് സുപ്രീം കോടതിയുടെ റദ്ദാക്കലിനെ തുടർന്ന് ഒഴിവാകും എന്നാണ് മിക്ക മാർക്കറ്റ് അനലി​സ്റ്റുകളും സൂചിപ്പിച്ചത്. ഇത് ഓഹരി വിപണിയിൽ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തുന്ന നടപടിയാകും. ട്രംപ് താരിഫിനെ തുടർന്ന് കനത്ത തിരിച്ചടി നേരിട്ട കയറ്റുമതി അധിഷ്ഠിത കമ്പനികൾക്ക് വൻ ആശ്വാസവുമാണ്. ഇത്തരം ഓഹരികളിൽ ഉണർവ് പ്രതീക്ഷിക്കാമെന്നുമാണ് അനലി​സ്റ്റുകൾ പറഞ്ഞത്.

യു.എസ് കോടതി വിധിക്ക് പിന്നാലെ ​ഗിഫ്റ്റ് നിഫ്റ്റി സൂചികയിൽ വൻ മുന്നേറ്റം രേഖപ്പെടുത്തിയിരുന്നു. അതിനാൽ തിങ്കളാഴ്ച വിപണിയിൽ വ്യാപാരം പുനരാരംഭിക്കുമ്പോൾ എൻഎസ്ഇ നിഫ്റ്റി സൂചിക നേട്ടത്തോടെ ഓപ്പൺ ചെയ്തേക്കാം എന്നാണ് അനലി​സ്റ്റുകൾ സൂചിപ്പിക്കുന്നത്.

2. ചാഞ്ചാട്ടം തുടരാനുള്ള സാധ്യത: 2025 ഏപ്രിലിൽ ഐ.ഇ.ഇ.പി.എ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ അധിക ഇറക്കുമതി തീരുവയാണ് യു.എസ് സുപ്രീം കോടതി റദ്ദാക്കിയത്. എന്നാൽ പ്രസിഡന്റിന്റെ നിയമപരമായുള്ള സവിശേഷ അധികാരം ഉപയോ​ഗിച്ച് ​സ്റ്റീൽ, അലുമിനീയം, ഓട്ടോമൊബീൽ, സെമികണ്ടക്ടേഴ്സ് എന്നിവക്കും മറ്റ് തന്ത്രപ്രധാന മേഖലകൾക്കും പ്രത്യേകമായി ഏർപ്പെടുത്തിയ താരിഫുകൾക്ക് മാറ്റമുണ്ടാകില്ല.

അതുപോലെ യു.എസ് സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ, ആ​ഗോള തലത്തിൽ വിവിധ രാജ്യങ്ങൾക്കെതിരേ 1974-ലെ യു.എസ് വ്യാപാര നിയമപ്രകാരം 10 ശതമാനം പകരച്ചുങ്കം പ്രഖ്യാപിച്ചിട്ടുണ്ട്. 150 ദിവസത്തേക്കാണ് ഇതിന്റെ കാലാവധി. കൂടാതെ കോടതി വിധിയോട് പരുഷമായി ട്രംപ് പ്രതികരിച്ചതിനാൽ, വരും ദിവസങ്ങളിൽ പുതിയ തീരുവകൾ അവതരിപ്പിക്കുമോ എന്നും വിപണി ഉറ്റുനോക്കുന്നു. ചുരുക്കത്തിൽ വിപണിയിൽ ചാ‍ഞ്ചാട്ടത്തിനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്ന് സാരം.

സ്വർണം & വെള്ളി

ട്രംപ് ഏർപ്പെടുത്തിയ അധിക ഇറക്കുമതി തീരുവ റദ്ദാക്കിയ യു.എസ് സുപ്രീം കോടതി വന്നപ്പോൾ രാജ്യാന്തര വിപണിയിൽ സ്വർണ വില ഇടിയുന്നതിനാണ് സാക്ഷ്യംവ​ഹിച്ചത്. എന്നാൽ 1974-ലെ വ്യാപാര നിയമത്തിലെ സവിശേഷ ചട്ടം ഉപയോ​ഗിച്ച് ആ​ഗോള തലത്തിൽ 10 ശതമാനം പകരച്ചുങ്കം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതോടെ നഷ്ടത്തിൽ നിന്നും കരകയറി രണ്ട് ശതമാനത്തിലേറെ നേട്ടവുമായി ഔൺസിന് 5,100 ഡോളർ നിലവാരത്തിന് മുകളിലാണ് സ്വർണം കഴിഞ്ഞ ദിവസം സ്പോട്ട് മാർക്കറ്റിൽ ക്ലോസിങ് കുറിച്ചത്. സമാനമായി ആദ്യം ഇടിഞ്ഞ വെള്ളിയും അവസാനം ഏഴ് ശതമാനത്തിലേറെ നേട്ടത്തോടെ 84 ഡോളറിന് മുകളിലായാണ് വ്യാപാരം അവസാനിപ്പിച്ചത്.

ചുരുക്കത്തിൽ കോടതി വിധിക്ക് പിന്നാലെ വീണ്ടും 10 ശതമാനം പകരച്ചുങ്കം ഏർപ്പെടുത്തിയ ട്രംപിന്റെ നടപടി, യു.എസ് വിപണിയോടുള്ള അദ്ദേഹത്തിന്റെ സംരക്ഷണവാദ വ്യാപാര നയത്തെ മുറുകെ പിടിക്കാനുള്ള പ്രതിബദ്ധതയേയും അടിവരയിടുന്നു. ഇതിന് പുറമെ പശ്ചിമേഷ്യയിൽ യു.എസും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകാനുള്ള സാഹചര്യം നിലനിൽക്കുന്നതും യു.എസിന്റെ ജിഡിപി വള‌ർച്ച നിരക്ക് പൊടുന്നനേ താഴ്ന്നതും അതുവഴി പലിശ നിരക്ക് കുറയ്ക്കാനുള്ള പശ്ചാത്തലവും ഒക്കെ കാരണം സ്വർണ വില വർധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കമ്മോഡിറ്റി മാർക്കറ്റ് അനലി​സ്റ്റുകൾ സൂചിപ്പിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com