തിളങ്ങി മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍
ഓഹരി നിക്ഷേപകര്‍ക്ക് ഏറ്റവും കൂടുതല്‍ നേട്ടം ഇക്കാലയളവില്‍ നല്‍കിയത് മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് ഓഹരികളാണ്. സെബിയുടെ നിയന്ത്രണത്തെ തുടര്‍ന്നുണ്ടായ ഇടിവിനു ശേഷവും നിഫ്റ്റി മിഡ്ക്യാപ് സൂചിക 60 ശതമാനത്തോളവും സ്‌മോള്‍ക്യാപ് സൂചിക 70 ശതമാനവും നേട്ടമുണ്ടാക്കി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ 30,035.15 പോയിന്റില്‍ നിന്ന് 48,075.75 പോയിന്റായാണ് മിഡ്ക്യാപ് സൂചിക ഉയര്‍ന്നത്. അതേസമയം, 8,994.75 പോയിന്റില്‍ നിന്ന് 15,270.45ലേക്ക് സ്‌മോള്‍ ക്യാപ് സൂചികയും ഉയര്‍ന്നു.
നിഫ്റ്റി സ്‌മോള്‍ക്യാപ് 100ല്‍ നിരവധി ഓഹരികള്‍ സൂചികകളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഇതില്‍ പല ഓഹരികളും 100 ശതമാനത്തലധികം നേട്ടം (മള്‍ട്ടിബാഗര്‍) നല്‍കിയിട്ടുണ്ട്. ഹഡ്‌കോ, എം.ആര്‍.പി.എല്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍ എന്നീ ഓഹരികള്‍ യഥാക്രമം 362 ശതമാനം, 329 ശതമാനം, 323 ശതമാനം, 321 ശതമാനം നേട്ടമാണ് നല്‍കിയത്.
നിഫ്റ്റി മിഡ്ക്യാപ് 100ല്‍ 52 ഓഹരികള്‍ സൂചികകളെ മറികടന്ന് 62 ശതമാനത്തിലധികം നേട്ടം നല്‍കി. 28 എണ്ണം മള്‍ട്ടിബാഗറായി.
സുസ്‌ലോണ്‍ എനര്‍ജി, എസ്.ജെ.വി.എന്‍, റെയില്‍
വികാസ് നിഗം, കല്യാണ്‍ ജുലവേഴ്‌സ്, ഭെല്‍ എന്നിവ യഥാക്രമം 511 ശതമാനം, 451 ശതമാനം, 300 ശതമാനം, 281 ശതമാനം, 251 ശതമാനം നേട്ടമുണ്ടാക്കി.
റിയല്‍റ്റിയാണ് പോയവര്‍ഷം ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച മേഖല. നിഫ്റ്റി റിയല്‍റ്റി സൂചിക 132 ശതമാനം നേട്ടമുണ്ടാക്കി.
കുതിച്ചുയര്‍ന്ന് ബിറ്റ്‌കോയിന്‍
പോയ വര്‍ഷം ഏറ്റവും മികച്ച നേട്ടം നല്‍കിയ നിക്ഷേപമാര്‍ഗമെന്തെന്നു ചോദിച്ചാല്‍ സംശയലേശമന്യേ പറയാം ക്രിപ്‌റ്റോ കറന്‍സിയായ
ബിറ്റ്‌കോയിനാണെന്ന്. കഴിഞ്ഞ 12 മാസക്കാലയളവില്‍
ബിറ്റ്‌കോയിന്റെ വളര്‍ച്ച 153.85 ശതമാനമാണ്. നിഫ്റ്റി 50യെയും സ്വര്‍ണത്തെയുമൊക്കെ ഏറെ പിന്നിലാക്കിയാണ് ബിറ്റ്‌കോയിന്റെ യാത്ര.
2023-24 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ 23,400,96
രൂപയിലായിരുന്നു ബിറ്റ്‌കോയിന്‍ വ്യാപാരം നടത്തിയിരുന്നത്. 2024 മാര്‍ച്ചായപ്പോള്‍ ഇത് 50,40,243.33
രൂപയിലെത്തി. ഒരു ബിറ്റ്‌കോയിന്റെ വിലയാണിത്. 2023
ന്റെ തുടക്കം മുതലേ ബിറ്റ്‌കോയിന് അനുകൂലമായ സാഹചര്യങ്ങളായിരുന്നെങ്കിലും 2024 ജനുവരിയില്‍ സ്‌പോട്ട് ബിറ്റ്‌കോയിന്‍ ഇ.ടി.എഫുകള്‍ അവതരിപ്പിച്ചതോടെയാണ് വില കുതിച്ചുയര്‍ന്നത്.
എന്നിരുന്നാലും ബിറ്റ്‌കോയിനിലെ നിക്ഷേപം വലിയ നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ വലിയ വ്യതിയാനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തണം.റെക്കോഡുകള്‍ ഭേദിച്ച് സ്വര്‍ണം
അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ച് റെക്കോഡ് കുതിപ്പാണ് സ്വര്‍ണം കാഴ്ചവച്ചത്. എം.സി.എക്‌സില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 67,850ല്‍ എത്തിയപ്പോള്‍ 2024 സാമ്പത്തിക വര്‍ഷത്തിലെ നേട്ടം 13 ശതമാനമാണ്. കേരളത്തില്‍ ഒരു പവൻ സ്വര്‍ണ വിലയില്‍ കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ ഉണ്ടായത് 6,200 രൂപയുടെ വര്‍ധന. അതായത് 12.4 ശതമാനം ഉയര്‍ച്ച. 2023 ഏപ്രില്‍ ഒന്നിന് 44,000 രൂപയായിരുന്ന പവന്‍ സ്വര്‍ണവില 2024 മാര്‍ച്ച് 31ന് 50,200 രൂപയായി.
അന്താരാഷ്ട്ര സ്വര്‍ണ വില മാര്‍ച്ച് 29ന് ഔണ്‍സിന് 2,233.48 ഡോളറായി ഉയര്‍ന്നു. റഷ്യ-യുക്രെയ്ന്‍ യുദ്ധം, ഇസ്രായേല്‍-ഹമാസ് സംഘര്‍ഷങ്ങള്‍ തുടങ്ങിയ ഭൗമ-രാഷ്ട്രീയ പ്രതിസന്ധികളാണ് സ്വര്‍ണത്തിന് തുണയായത്. വരും മാസങ്ങളില്‍ പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന പ്രതീക്ഷകളും സ്വര്‍ണ വില വര്‍ധിപ്പിച്ചു. സുരക്ഷിതത്വം നേടി നിക്ഷേപകര്‍ ഓഹരി, കടപ്പത്രങ്ങള്‍ എന്നിവയില്‍ നിന്ന് സ്വര്‍ണത്തിലേക്ക് തിരിഞ്ഞതും നേട്ടമായി. വിവിധ ലോകബാങ്കുകള്‍ വന്‍തോതില്‍ കരുതല്‍ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങികൂട്ടുന്നതും വിലയെ ബാധിച്ചിട്ടുണ്ട്.
സ്ഥിര നിക്ഷേപങ്ങൾ
മറ്റ് അസറ്റ്ക്ലാസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ താരതമ്യേന ആകര്‍ഷകത്വം കുറവാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക്. 6.75 ശതമാനം മുതല്‍ 7.25 ശതമാനം വരെയാണ് 390 മുതല്‍ 400 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക്. സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 8 മുതല്‍ 8.95 ശതമാനം വരെ പലിശ നല്‍കുന്നുണ്ട്. എങ്കിലും സുരക്ഷിതത്വം കണക്കിലെടുത്ത് സ്ഥിര നിക്ഷേപങ്ങളിൽ പണമൊഴുക്കുന്നുണ്ട്.
(Past performance is not an Indicative of future results. Always do your own research or consult a financial expert before investing.)