ഗോൾഡ്/സിൽവർ ഇടിഎഫ് നിക്ഷേപമുണ്ടോ? സെബിയുടെ പുതിയ നിയമം നിങ്ങളെ എങ്ങനെ ബാധിക്കും?

2026 ഏപ്രിൽ ഒന്ന് മുതൽ ഇ.ടി.എഫിന്റെ അറ്റ ആസ്തിയുടെ (ഭൗതിക സ്വർണം/വെള്ളി) മൂല്യ നിർണയത്തിന് രാജ്യാന്തര വിപണിയിലെ വില അടിസ്ഥാനമാക്കരുതെന്നാണ് സെബി നിർദേശം.
etf sebi rule
canva
Published on

ഇന്ത്യയിലെ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ അഥവാ സെബി (SEBI), ​എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുമായി (ഇ.ടി.എഫ്) ബന്ധപ്പെട്ട സുപ്രധാന മാർ​ഗനിർദേശം ഇന്നലെ (2026 ഫെബ്രുവരി 26) പുറത്തിറക്കി. ഇ.ടി.എഫുകൾക്ക് കീഴിൽ മ്യൂച്വൽ ഫണ്ട് ഹൗസുകൾ കൈവശം വെച്ചിരിക്കുന്ന ഭൗതിക സ്വർണത്തിന്റേയും വെള്ളിയുടേയും മൂല്യ നിർണയത്തിൽ ​ഗണ്യമായ മാറ്റംവരുത്തിയാണ് പുതിയ ഉത്തരവിറക്കിയത്. ​ഗോൾഡ്/സിൽവർ ഇ.ടി.എഫ് നിക്ഷേപകരെ എങ്ങനെയിത് ബാധിക്കുമെന്ന് നോക്കാം.

എന്താണ് സെബിയുടെ പുതിയ ഉത്തരവ്?

​ഗോൾഡി ഇ.ടി.എഫും സിൽവർ ഇ.ടി.എഫും അവയുടെ അറ്റ ആസ്തിയുടെ (Net Assets) ചുരുങ്ങിയത് 95 ശതമാനമെങ്കിലും ഭൗതിക സ്വർണത്തിലോ വെള്ളിയിലോ നിക്ഷേപിച്ചിരിക്കണം എന്നാണ്, മ്യൂച്വൽ ഫണ്ടുകൾ‌ക്ക് നേരത്തെ നൽകിയിട്ടുള്ള സെബിയുടെ മാർ​ഗനിർദേശം. എന്നാൽ ഇ.ടി.എഫിന്റെ എൻ.എ.വി.യുടെ (NAV) മൂല്യനിർണ രീതിയിലാണ് ഇപ്പോൾ സെബി വ്യക്തത വരുത്തിയിരിക്കുന്നത്.

2026 ഏപ്രിൽ ഒന്ന് മുതൽ ഇ.ടി.എഫിന്റെ കൈവശമുള്ള അറ്റ ആസ്തിയുടെ (ഭൗതിക സ്വർണം/വെള്ളി) ദിവസേനയുള്ള മൂല്യ നിർണയത്തിന് രാജ്യാന്തര വിപണിയിലെ വില അടിസ്ഥാനമാക്കരുതെന്നാണ് സെബി നിർദേശം. പകരം ഇന്ത്യൻ എക്സ്ചേഞ്ചുകളിലെ സ്വർണം/വെള്ളി എന്നിവയുടെ സ്പോട്ട് വില അടിസ്ഥാനമാക്കി വേണം ദിവസേന എൻഎവി കണക്കുകൂട്ടണമെന്നാണ് സെബി ഉത്തരവിറക്കിയിരിക്കുന്നത്.

എങ്ങനെയാണ് ഇനിയുള്ള മാറ്റം?

നേരത്തെ രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ വില നിശ്ചയിക്കുന്നതിൽ പ്രധാനിയായ ലണ്ടർ ബുള്ള്യൻ മാർക്കറ്റ് അസോസിയേഷൻ (LBMA) പുറത്തുവിടുന്ന ഡോളർ അധിഷ്ഠിത നിരക്കുകളെയാണ് അടിസ്ഥാനമാക്കിയിരുന്നത്. തുടർന്ന് ഇന്ത്യൻ രൂപയിലുള്ള മൂല്യത്തിലേക്ക് മാറ്റിയെടുത്ത ശേഷം ക​സ്റ്റംസ് തീരുവയും മറ്റ് അനുബന്ധ നികുതികളും കടത്ത് കൂലിയും ഒക്കെ ചേർത്തിട്ടാകും ഇ.ടി.എഫിന്റെ ദിവസേനയുള്ള അറ്റ ആസ്തി മൂല്യം നിർണയിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ മിക്കപ്പോഴും വിവിധ ഇ.ടി.എഫ് സ്കീമുകൾക്കിടയിലും ആഭ്യന്തര വിപണിയിലെ സ്വർണം/വെള്ളി വിപണി വിലയുമായും പ്രകടമായ വ്യത്യാസമുണ്ടാകുമായിരുന്നു.

ഇതിന് പകരം രാജ്യത്തെ അം​ഗീകൃത കമ്മോഡിറ്റി എക്സ്ചേഞ്ചുകളിൽ ഭൗതിക സ്വർണം/വെള്ളി എന്നിവയിൽ സെറ്റിൽമെന്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ള ​ഗോൾഡ്/സിൽവർ ഡെറിവേറ്റീവ് കോൺട്രാക്ടുകളുടെ പൊതുവായ വിപണി വിലയെ അടിസ്ഥാനമാക്കി വേണം ഇ.ടി.എഫുകളുടെ കൈവശമുള്ള സ്വർണം/വെള്ളി എന്നിവയുടെ മൂല്യം നിർണയിക്കേണ്ടത്. ഇതിലൂടെ ആഭ്യന്തര വിപണിയിൽ ലോഹങ്ങളുടെ യഥാർത്ഥ വ്യാപാര വില തന്നെ ഇ.ടി.എഫ് യൂണിറ്റുകളിലും പ്രതിഫലിക്കും.

നിക്ഷേപകർ എന്ത് മനസ്സിലാക്കണം?

സെബിയുടെ മാർ​ഗനിർദേശം വരുന്ന ഏപ്രിൽ ഒന്ന് മുതൽ നടപ്പിലാകുമ്പോൾ നിക്ഷേപകരുടെ കൈവശമുള്ള ​ഗോൾഡ്/സിൽവർ ഇ.ടി.എഫുകളുടെ എണ്ണത്തിൽ യാതൊരുവിധ കുറവും വരുമെന്ന് പേടിക്കേണ്ടതില്ല. ഇ.ടി.എഫ് യൂണിറ്റുകളുടെ ഉടമസ്ഥാവകാശത്തിൽ ഒരു മാറ്റവുമില്ല. എന്നാൽ ഇ.ടി.എഫിന്റെ മൂല്യ നിർണയ രീതിയിൽ മാത്രമാണ് മാറ്റമുണ്ടാകുക.

സെബിയുടെ പുതിയ നിർദേശങ്ങൾ മ്യൂച്വൽ ഫണ്ടുകൾ നടപ്പിലാക്കുന്നതോടെ, ഒരേ അസറ്റിനെ അടിസ്ഥാനമാക്കിയുള്ള വിവിധ ഇ.ടി.എഫ് സ്കീമുകളുടെ എൻ.എ.വി ഏറെക്കുറെ സമാനമാകും. ഇതിലൂടെ കൂടുതൽ സുതാര്യതയും നിക്ഷേപകർ സ്കീമുകളെ വിലയിരുത്തുന്നതിലുള്ള കൃത്യത മെച്ചപ്പെടുകയും ചെയ്യും. അതുപോലെ എൻ.എ.വിയിൽ എന്തെങ്കിലും വിധത്തിലുള്ള ക്രമക്കേട് കാണിക്കാനുള്ള അവസരവും ഇല്ലാതാകും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com