ഓഹരി ഉടമകള്‍ക്ക് ഈ ഐസ്‌ക്രീം ഫ്രീ! ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ബിസിനസ് പദ്ധതിക്ക് അംഗീകാരം; പുതിയൊരു കമ്പനി പിറക്കുന്നു

ഈ മേഖലയിൽ വളർച്ച കൈവരിക്കാൻ കാര്യമായ നിക്ഷേപം ആവശ്യമാണ്
Hindustan Unilever
Image courtesy: hul, Canva
Published on

ഇന്ത്യൻ എഫ്.എം.സി.ജി. ഭീമനായ ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന് (HUL), തങ്ങളുടെ ഐസ്ക്രീം ബിസിനസ് വേർപെടുത്തി ഒരു സ്വതന്ത്ര സ്ഥാപനമാക്കുന്നതിനുള്ള സുപ്രധാന നീക്കത്തിന് ദേശീയ കമ്പനി നിയമ ട്രിബ്യൂണലിൻ്റെ (NCLT) അംഗീകാരം. എച്ച്‌യുഎല്ലിൻ്റെ ഐസ്ക്രീം ബിസിനസ് ഇനി ക്വാളിറ്റി വാൾസ് (ഇന്ത്യ) ലിമിറ്റഡ് (KWIL) എന്ന പുതിയ കമ്പനിയുടെ കീഴിലാകും പ്രവർത്തിക്കുക.

വേർപ്പെടുത്തലിന്റെ കാരണം

ഐസ്ക്രീം ബിസിനസിന്റെ വാർഷിക വരുമാനം ഏകദേശം 1,800 കോടി രൂപയാണ്. എച്ച്‌യുഎല്ലിൻ്റെ മൊത്തം വരുമാനത്തിൽ ഏകദേശം 3 ശതമാനമാണ് ഐസ്ക്രീം ബിസിനസ് സംഭാവന ചെയ്യുന്നത്. തണുപ്പുള്ള ഉൽപ്പന്നങ്ങളുടെ വിതരണ ശൃംഖല, സീസൺ അനുസരിച്ചുള്ള പ്രവർത്തന രീതി എന്നിവ കാരണം ഐസ്ക്രീം ബിസിനസിന് മറ്റുള്ള എഫ്.എം.സി.ജി. ഉൽപ്പന്നങ്ങളുമായി കാര്യമായ പ്രവർത്തനപരമായ യോജിപ്പ് (Synergy) കുറവാണ്. കൂടാതെ, ഈ മേഖലയിൽ വളർച്ച കൈവരിക്കാൻ കാര്യമായ നിക്ഷേപം ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് യൂണിലിവറിൻ്റെ ആഗോള വളർച്ചാ പദ്ധതിയുടെ ഭാഗമായി ഐസ്ക്രീം ബിസിനസ് വേർതിരിക്കുന്നത്.

ഓഹരി ഉടമകൾക്ക് എന്ത് ലഭിക്കും?

വേർതിരിക്കൽ പദ്ധതി പ്രകാരം, എച്ച്‌യുഎൽ ഓഹരി ഉടമകൾക്ക് അവരുടെ കൈവശമുള്ള ഓരോ എച്ച്‌യുഎൽ ഓഹരിക്കും ക്വാളിറ്റി വാൾസ് (ഇന്ത്യ) ലിമിറ്റഡിൻ്റെ ഒരു ഓഹരി വീതം ലഭിക്കും. ഈ പുതിയ കമ്പനി വൈകാതെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യപ്പെടാനുളള സാധ്യതയുമുണ്ട്. 2026 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ക്വാളിറ്റി വാൾസ് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഐസ്ക്രീം പോലെയുള്ള വളർച്ചാ സാധ്യതയുള്ള ബിസിനസിൽ നേരിട്ടുള്ള ഓഹരി പങ്കാളിത്തം നേടാൻ ഇത് ഓഹരി ഉടമകളെ സഹായിക്കും.

പ്രധാന മാറ്റങ്ങൾ

ബ്രാൻഡുകൾ: ക്വാളിറ്റി വാൾസ്, കോർണെറ്റോ, മാഗ്നം, ഫീസ്റ്റ്, ക്രീമി ഡിലൈറ്റ് തുടങ്ങിയ എല്ലാ ഐസ്ക്രീം ബ്രാൻഡുകളും പുതിയ സ്ഥാപനത്തിലേക്ക് മാറ്റും.

ആസ്തികളും ജീവനക്കാരും: നിലവിലെ അഞ്ച് നിർമ്മാണ യൂണിറ്റുകളും 1,200 ഓളം ജീവനക്കാരും KWIL-ലേക്ക് മാറും.

പ്രധാന ഓഹരിയുടമ: യൂണിലിവറിൻ്റെ ആഗോള ഐസ്ക്രീം ബിസിനസ് വിഭാഗമായ മാഗ്നം ഹോൾഡ്‌കോ (Magnum HoldCo) KWIL-ൻ്റെ 61.9 ശതമാനം ഓഹരി കൈവശം വെക്കും. ബാക്കി ഓഹരികൾ എച്ച്‌യുഎൽ ഓഹരിയുടമകൾക്കായിരിക്കും.

ഈ വേർപ്പെടുത്തലിലൂടെ എച്ച്‌യുഎല്ലിന് സൗന്ദര്യവർദ്ധക വസ്തുക്കൾ, ഭക്ഷണം, ആരോഗ്യം തുടങ്ങിയ പ്രധാന ബിസിനസ് മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഐസ്ക്രീം ബിസിനസിനെ സ്വതന്ത്രമായി വളര്‍ത്താനും സാധിക്കും.

Hindustan Unilever separates its ₹1,800 crore ice cream business into a new entity, Quality Walls India Ltd, offering direct shareholder benefits.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com