15000 രൂപ നാലര വര്‍ഷം കൊണ്ട് 2.18 ലക്ഷമായി; അമ്പരിപ്പിക്കുന്ന നേട്ടം നല്‍കിയ ഓഹരി ഇതാണ്!

കോവിഡും ലോക്ക്ഡൗണും ഓഹരി വിപണിയില്‍ കോളിളക്കങ്ങളും ഉണ്ടായിട്ടും ലിസ്റ്റിംഗ് നടത്തി നാലര വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് കൈനിറയെ നേട്ടം നല്‍കി തിളക്കത്തോടെ ഒരു കമ്പനി. രാജ്യത്തെ പ്രമുഖ നിക്ഷേപകന്‍ രാധാകിഷന്‍ ധമാനിയുടെ നേതൃത്വത്തിലുള്ള അവന്യു സൂപ്പര്‍മാര്‍ക്കറ്റ്‌സ് ലിമിറ്റഡാണ് കണ്ണഞ്ചും നേട്ടം നല്‍കി നിക്ഷേപകരെ ആഹ്ലാദിപ്പിച്ചുകൊണ്ടേയിരിക്കുന്നത്.

2017 മാര്‍ച്ച് 21നാണ് അവന്യു സൂപ്പര്‍മാര്‍ക്കറ്റ്‌സിന്റെ ഐ പി ഒ തുടങ്ങിയത്. അന്ന് ഒരു ഓഹരിയുടെ വില 299 രൂപയായിരുന്നു. 50 ഓഹരികളുടെ ഒരു ലോട്ടായായിട്ടായിരുന്നു വില്‍പ്പന. അതായത് ഐ പി ഒയില്‍ നിക്ഷേപകന്‍ ചുരുങ്ങിയത് 14,950 രൂപ നിക്ഷേപിക്കണമായിരുന്നു.

ഈ ഓഹരി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തപ്പോള്‍ തന്നെ വില ഇരട്ടിയായി. 640 രൂപയായിരുന്നു ലിസ്റ്റിംഗ് പ്രൈസ്.

ഇന്നലെ അവന്യു സൂപ്പര്‍മാര്‍ക്കറ്റ്‌സിന്റെ ഓഹരി വില 4,367 രൂപ. അതായത് ഐ പി ഒ പ്രൈസിനേക്കാള്‍ 14.6 മടങ്ങ്. ലിസ്റ്റിംഗ് പ്രൈസ് അടിസ്ഥാനമാക്കിയാല്‍ അവന്യു സൂപ്പര്‍മാര്‍ക്കറ്റ്‌സിന്റെ വില ഇപ്പോള്‍ 114 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്.

14,950 രൂപയ്ക്ക് 50 ഓഹരികള്‍ ഉള്‍ക്കൊള്ളുന്ന ഒരു ലോട്ട് വാങ്ങിയ നിക്ഷേപകന്റെ സമ്പാദ്യം ഇപ്പോള്‍ 2,18,350 രൂപയായിട്ടുണ്ടാകും.
ഇനിയും നേട്ടം സമ്മാനിക്കുമോ?
സുസ്ഥിരമായ വളര്‍ച്ചയാണ് അവന്യു സൂപ്പര്‍മാര്‍ക്കറ്റ്‌സിന്റേത്. വിപണി മൂല്യം മൂന്ന് ലക്ഷം കോടി രൂപയിലേക്ക് അടുക്കുകയാണ് കമ്പനിയിപ്പോള്‍.

അവന്യു സൂപ്പര്‍മാര്‍ക്കറ്റ്‌സിന്റെ റീറ്റെയ്ല്‍ ചെയ്‌നായ ഡി മാര്‍ട്ടിന്റെ ബിസിനസ് മോഡലിന്റെ കരുത്താണ് ഓഹരിയുടെ വളര്‍ച്ചയുടെ രഹസ്യവും. രാധാകിഷന്‍ ധമാനിയുടെ രാകിമിനുക്കിയ റീറ്റെയ്ല്‍ തന്ത്രമാണ് ഡി മാര്‍ട്ടിന്റെ വിജയ രഹസ്യം. സാധാരണ ജനങ്ങള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ വില കുറച്ച് ലഭിക്കുന്ന സ്ഥലമാണ് ഡി മാര്‍ട്ട്. എല്ലാവര്‍ക്കും വേണ്ടതെല്ലാ്ം ഒരു കുടക്കീഴില്‍ ഡിസ്‌കൗണ്ട് നിരക്കില്‍ ഇവിടെ കിട്ടുന്നു.

ഇടനിലക്കാരെ ഒഴിവാക്കി ഉല്‍പ്പാദകരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി നേരെ ഉപഭോക്താവിന് നല്‍കുന്നതിന് നല്‍കുന്നതിനാല്‍ വിലക്കുറവ് ഇവിടെ ഉറപ്പാക്കുന്നു. പരമാവധി വിലക്കുറവ് നല്‍കുന്നതിനാല്‍ കൂടുതല്‍ കച്ചവടം ഡിമാര്‍ട്ട് സ്റ്റോറുകള്‍ക്കുണ്ട്. വിവിധ സംസ്ഥാനങ്ങളിലേക്ക് അതിവേഗമാണ് ഈ റീറ്റെയ്ല്‍ ശൃംഖല വ്യാപിക്കുന്നത്. ഇതെല്ലാം അവന്യു സൂപ്പര്‍മാര്‍ക്കറ്റ്‌സിന് ഓഹരി വിപണിയില്‍ കരുത്താകുന്നുണ്ട്.

2022 മാര്‍ച്ചോടെ ഈ ഓഹരി വില 5000 രൂപ തൊട്ടാലും അത്ഭുതപ്പെടാനില്ലെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്.

കടരഹിതമായ കമ്പനിയാണിത്. മാത്രമല്ല സ്റ്റോറുകളെല്ലാം തന്ത്രപ്രധാനമായ സ്ഥലങ്ങളിലാണ് വിന്യസിച്ചിരിക്കുന്നത്. സ്വന്തമായ കെട്ടിടങ്ങളിലാണ് സ്റ്റോറുകള്‍ എന്നതിനാല്‍ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപത്തിലെ മൂല്യവര്‍ധനയും കമ്പനിക്ക് ലഭിക്കും.


Related Articles
Next Story
Videos
Share it