

രാജ്യത്തെ മുന്‍നിര അസറ്റ് മാനേജ്മന്റ് കമ്പനിയായ ഐസിഐസിഐ പ്രൂഡന്‍ഷ്യലിന്റെ പ്രാരംഭ ഓഹരി വില്‍പന (ഐപിഒ) നാളെ (ഡിസംബര്‍ 12) ആരംഭിക്കും. 2,061 മുതല്‍ 2,165 രൂപ വരെയാണ് ഓഹരി ഒന്നിന് മുഖവിലയായി നിശ്ചയിച്ചിട്ടുള്ളത്. കുറഞ്ഞത് 6 ഓഹരികള്‍ ബിഡ് ചെയ്യണം. തുടര്‍ന്ന് 6ന്റെ ഗുണിതങ്ങളായി ഓഹരികള്‍ വാങ്ങിക്കാം.
കമ്പനി പ്രമോട്ടര്‍മാരുടെ കൈവശമുള്ള 4.89 കോടി ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ ഏകദേശം 10,500 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 15 ശതമാനത്തില്‍ കവിയാത്ത ഓഹരികള്‍ നോണ്‍-ഇന്‍സ്റ്റിറ്റിയുഷണല്‍ നിക്ഷേപകര്‍ക്കും 10 ശതമാനം വരെ വ്യക്തിഗത നിക്ഷേപകര്‍ക്കുമായി നീക്കിവച്ചിരിക്കുന്നു. ഐപിഒ ഈമാസം 16ന് അവസാനിക്കും.
ഓഫര്‍ ഫോര്‍ സെയില്‍ വഴിയുള്ള വില്പനയായതിനാല്‍ കമ്പനിക്ക് ഓഹരി വില്പനയില്‍ നിന്നുള്ള തുക ലഭിക്കില്ല. സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് ഇന്ത്യ, മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ കമ്പനി, ബോഫ സെക്യൂരിറ്റീസ് ഇന്ത്യ, ആക്‌സീസ് ക്യാപിറ്റല്‍, ക്ലാസ ഇന്ത്യ, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി തുടങ്ങിയവരാണ് ഐപിഒ മാനേജ് ചെയ്യുന്നത്.
ഡിസംബര്‍ പകുതിക്ക് ശേഷം ഒരു ഡസന്‍ ചെറുതും വലുതുമായ ഐപിഒകള്‍ വിപണി പ്രവേശനത്തിന് ഒരുങ്ങുന്നുണ്ട്. ക്ലീന്‍ മാക്സ് എന്‍വീറോ എനര്‍ജി സൊല്യൂഷന്‍സ് (Clean Max Enviro Energy Solutions) 5,200 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതടക്കം മറ്റ് മെയിന്‍ബോര്‍ഡ് ഐപിഒകളും ഈ മാസം ഉണ്ടാകും.
മണിപ്പാല്‍ പേയ്മെന്റ്സ് (750 കോടി രൂപ), കനോഡിയ സിമന്റ് (1,490 കോടി രൂപ), കൊറോണ റെമെഡീസ് (800 കോടി രൂപ), മില്‍ക്കീ മിസ്റ്റ് (2,030 കോടി രൂപ) അടക്കമുള്ള ഐപിഒകളെല്ലാം ചേര്‍ത്ത് 40,000 കോടി രൂപയ്ക്ക് മുകളില്‍ സമാഹരിക്കും. ഇതെല്ലാം ചേരുമ്പോള്‍ ഈ വര്‍ഷത്തെ ആകെ ഐപിഒ വിഹിതം രണ്ട് ട്രില്യണ്‍ പിന്നിടും.
Read DhanamOnline in English
Subscribe to Dhanam Magazine