വിപണി അനിശ്ചിതമായാലും നിക്ഷേപം സുരക്ഷിതം: ഐസിഐസിഐ പ്രൂഡൻഷ്യൽ അസറ്റ് അലോകേറ്റര്‍ ഫണ്ട്

വിപണിയെ പിന്തുടരാന്‍ സമയമോ വൈദഗ്ധ്യമോ ഇല്ലാത്തവര്‍ക്ക് ആശ്രയിക്കാവുന്ന പദ്ധതി
mutual funds
Image courtesy: Canva
Published on

എല്‍ദോസ് ഐസക്ക്

വിപണി അറിഞ്ഞ് തീരുമാനമെടുക്കാന്‍ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളാണ് നിക്ഷേപം ഏറ്റവും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നത്. റീറ്റെയ്ല്‍ നിക്ഷേപകരാകട്ടെ സ്വയം എല്ലാം ചെയ്യാം എന്ന മനോഭാവക്കാരാണ്. അങ്ങനെ വരുമ്പോള്‍ എല്ലായ്പ്പോഴും മികച്ച ഫലം കിട്ടണമെന്നില്ല. പ്രത്യേകിച്ച് അനിശ്ചിതത്വം നിറഞ്ഞ വിപണി സാഹചര്യത്തില്‍. ഭൗമ രാഷ്ട്രീയസംഘര്‍ഷങ്ങള്‍, യുഎസ് തീരുവ നയങ്ങള്‍, പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍, ആഗോള മാന്ദ്യഭീതി തുടങ്ങിയവ വിപണിയെ അസ്ഥിരമായിരിക്കുകയാണ്. ഇന്ത്യയില്‍ ആര്‍ബിഐ നിരക്ക് വെട്ടിക്കുറയ്ക്കുമെന്ന സൂചന വളര്‍ച്ചാ ആശങ്ക ഉയര്‍ത്തുന്നുണ്ട്.

നിക്ഷേപം പല ആസ്തികളില്‍

ഇത്തരമൊരു സാഹചര്യത്തില്‍ ഓഹരി, കടപ്പത്രം, സ്വര്‍ണം തുടങ്ങിയവ ശരിയായ അനുപാതത്തില്‍ വാങ്ങുന്നത് നിര്‍ണായകവും അതേസമയം സങ്കീര്‍ണവുമാണ്. സാമ്പത്തിക വളര്‍ച്ചയുടെ സമയത്ത് ഓഹരികള്‍ മികച്ച നേട്ടം തരും. എന്നാല്‍ മാന്ദ്യകാലത്ത് ഇടിയുകയും ചെയ്യും. പലിശ നിരക്ക് കുറയുമ്പോള്‍ കടപ്പത്രങ്ങള്‍ നേട്ടം തരികയും ഉയരുമ്പോള്‍ നേട്ടം കുറയുകയും ചെയ്യുന്നു. വിപണിയില്‍ അനിശ്ചിതത്വം ഉണ്ടാകുമ്പോള്‍ സ്വര്‍ണ വില കുതിക്കുകയും വിപണി സ്ഥിരത കൈവരിക്കുമ്പോള്‍ വില ഇടിയുകയും ചെയ്യുന്നു. എല്ലാക്കാലത്തും ഒരു പോലെ മികച്ച പ്രകടനം നടത്തുന്ന ഒരു ആസ്തി വിഭാഗവും ഇല്ല. അതുകൊണ്ടു തന്നെ പരസ്പര ബന്ധമില്ലാത്ത വിവിധ ആസ്തികളില്‍ നിക്ഷേപിക്കുക എന്നത് പ്രധാനമാണ്. പക്ഷേ ഇത് മികവുറ്റ രീതിയില്‍ ചെയ്യണമെങ്കില്‍ സാമ്പത്തിക സൂചകങ്ങളായ ജിഡിപി, പണപ്പെരുപ്പം, നാണ്യ പ്രവണതകള്‍ തുടങ്ങിയവയെ കുറിച്ച് ആഴത്തിലുള്ള അറിവ് ആവശ്യമാണ്. ഇവിടെയാണ് പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍മാരുടെ പ്രസക്തി.

മ്യൂച്വല്‍ ഫണ്ടുകളുടെ പ്രസക്തി

ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ നിക്ഷേപങ്ങളെ ക്രമീകരിക്കുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ ഈ പ്രക്രിയ ലളിതമാക്കുന്നു. ഭയം, അത്യാഗ്രഹം തുടങ്ങിയ വൈകാരികതകള്‍ കുറച്ച് വലിയ നികുതി ബാധ്യതകളില്ലാത്ത വിധത്തില്‍ പോര്‍ട്ട്ഫോളിയോകള്‍ സന്തുലിതമാക്കി നിര്‍ത്തുകയും നിക്ഷേപകരുടെ ദീര്‍ഘകാല ലക്ഷ്യങ്ങളുമായി പൊരുത്തപ്പെട്ട് പോകാന്‍ സഹായിക്കുകയും ചെയ്യുന്നു.

വിപണിയെ പിന്തുടരാന്‍ സമയമോ വൈദഗ്ധ്യമോ ഇല്ലാത്തവര്‍ക്ക് വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍, മികച്ച റിസ്‌ക് മാനേജ്മെന്റ്, സ്ഥിരമായ വരുമാനം എന്നിവ നല്‍കുന്ന ഒരിടമായി ഈ ഫണ്ടുകള്‍ മാറുന്നു.

അസറ്റ് അലോകേറ്റര്‍ ഫണ്ട്

അത്തരത്തിലൊരു ഫണ്ടാണ് ഐസി ഐസിഐ പ്രൂഡന്‍ഷ്യല്‍ അസറ്റ് അലോകേറ്റര്‍ ഫണ്ട് (FOF). ഇന്‍ ഹൗസ് മൂല്യനിര്‍ണയ മാതൃകയുടെ അടിസ്ഥാനത്തില്‍ ഓഹരികള്‍, കടപ്പത്രങ്ങള്‍, ഗോള്‍ഡ്മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ അല്ലെങ്കില്‍ ഇടിഎഫുകള്‍ തുടങ്ങിയവയില്‍ നിക്ഷേപിക്കുകയാണ് ഇതിലൂടെ. 2025 മാര്‍ച്ച് 28 ലെ കണക്കനുസരിച്ച് ഇത് 9.50 ശതമാനം വാര്‍ഷിക നേട്ടം നല്‍കിയിട്ടുണ്ട്. മൂന്നു വര്‍ഷത്തില്‍ 12.86 ശതമാനവും അഞ്ചു വര്‍ഷത്തേക്ക് 19.04 ശതമാനവുമാണ് ഫണ്ടിന്റെ നേട്ടം. ചുരുക്കത്തില്‍, നിക്ഷേപത്തിന്റെ കാര്യത്തില്‍ വൈദഗ്ധ്യത്തോടെയും അച്ചടക്കത്തോടെയും നിങ്ങളുടെ പോര്‍ട്ട്ഫോളിയോ കൈകാര്യം ചെയ്യാന്‍ കഴിയുന്ന പ്രൊഫഷണലുകളെ ആശ്രയിക്കുക എന്നതാണ് ബുദ്ധിപൂര്‍വമായ കാര്യം.

(ഇ.ഐ വെല്‍ത്ത് ഇന്‍വെസ്റ്റ്മെന്റ് സര്‍വീസസിന്റെ സ്ഥാപകനാണ് ലേഖകന്‍)

(Originally published in Dhanam Magazine 31 May 2025 issue.)

ICICI Prudential Asset Allocator Fund offers diversified, expert-managed investments for uncertain markets.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com