ഓഹരിക്കുതിപ്പ്: വിപണിമൂല്യത്തില്‍ ടോപ് 10ല്‍ എത്തി ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്

ഓഹരി വിലയിലെ കുതിപ്പിന്റെ കരുത്തില്‍ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ പത്ത് ലിസ്റ്റഡ് ബാങ്കുകളുടെ എലീറ്റ് ക്ലബ്ബില്‍ ഇടംപിടിച്ച് സ്വകാര്യബാങ്കായ ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് (IDFC First Bank). സെപ്റ്റംബര്‍ നാലിലെ കണക്കുകള്‍ പ്രകാരം 65,325 കോടി രൂപയാണ് ബാങ്കിന്റെ വിപണിമൂല്യം (Market-Cap). യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയെയും കനറാ ബാങ്കിനെയും പിന്നിലാക്കിയാണ് ടോപ് 10 ലിസ്റ്റില്‍ ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് ഇടംനേടിയത്.

സെപ്റ്റംബര്‍ നാലിലെ കണക്കനുസരിച്ച് കനറാ ബാങ്കിന് 61,081 കോടി രൂപയും യൂണിയന്‍ ബാങ്കിന് 65,251 കോടി രൂപയുമാണ് വിപണിമൂല്യം.
ഒന്നാംസ്ഥാനത്ത് എച്ച്.ഡി.എഫ്.സി
സെപ്റ്റംബര്‍ നാലുവരെയുള്ള കണക്കെടുത്താല്‍ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബാങ്ക് എച്ച്.ഡി.എഫ്.സി ബാങ്കാണ് (11.99 ലക്ഷം കോടി രൂപ). ഐ.സി.ഐ.സി.ഐ ബാങ്കാണ് 6.76 ലക്ഷം കോടി രൂപയാണ് രണ്ടാമത്. മൂന്നാമതുള്ള എസ്.ബി.ഐക്ക് മൂല്യം 5.13 ലക്ഷം കോടി രൂപ.
കോട്ടക് മഹീന്ദ്ര ബാങ്ക് (3.50 ലക്ഷം കോടി രൂപ), ആക്‌സിസ് ബാങ്ക് (3.02 ലക്ഷം കോടി രൂപ), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (1.10 ലക്ഷം കോടി രൂപ), ബാങ്ക് ഓഫ് ബറോഡ (1.01 ലക്ഷം കോടി രൂപ) എന്നിവയാണ് യഥാക്രമം നാല് മുതല്‍ ഏഴ് വരെ സ്ഥാനങ്ങളില്‍. പഞ്ചാബ് നാഷണല്‍ ബാങ്ക് 74,247 കോടി രൂപയുമായി എട്ടാമതും ഐ.ഡി.ബി.ഐ ബാങ്ക് 69,847 കോടി രൂപയുമായി ഒമ്പതാമതുമുണ്ട്.
ഓഹരിക്കുതിപ്പ്
ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിന്റെ ഓഹരികളില്‍ ഇന്ന് രാവിലത്തെ സെഷനില്‍ വ്യാപാരം നടക്കുന്നത് 0.11 ശതമാനം നഷ്ടത്തോടെ 99.13 രൂപയിലാണ്. കഴിഞ്ഞദിവസം ഓഹരി വില റെക്കോഡ് ഉയരമായ 100.70 രൂപയില്‍ എത്തിയിരുന്നു. ഈ കുതിപ്പാണ് വിപണിമൂല്യത്തില്‍ മുന്നേറാനും ടോപ്10 പട്ടികയില്‍ ഇടംനേടാനും വഴിയൊരുക്കിയത്.
എന്നാല്‍, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 7.37 ശതമാനം, ഒരുമാസത്തിനിടെ 13.26 ശതമാനം, മൂന്ന് മാസത്തിനിടെ 34.21 ശതമാനം, 6 മാസത്തിനിടെ 73.32 ശതമാനം എന്നിങ്ങനെ നേട്ടം ബാങ്കിന്റെ ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
കുതിപ്പിന് പിന്നില്‍
അമേരിക്കന്‍ നിക്ഷേപകരായ ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ് ബ്ലോക്ക് ഡീലിലൂടെ ബാങ്കില്‍ 2.6 ശതമാനം ഓഹരി പങ്കാളിത്തം നേടിയത് ഓഹരികള്‍ക്ക് ഉണര്‍വായിട്ടുണ്ട്. ബാങ്കിതര ധനകാര്യ സ്ഥാപനമായ ഐ.ഡി.എഫ്.സി ലിമിറ്റഡുമായുള്ള ലയന നീക്കങ്ങളും ഓഹരികളെ മുന്നോട്ട് നയിച്ചു. ലയനം ഈ വര്‍ഷം തന്നെ പൂര്‍ത്തിയായേക്കും. ലയന ഉടമ്പടി പ്രകാരം ഐ.ഡി.എഫ്.സി ലിമിറ്റഡിന്റെ ഓരോ 100 ഓഹരിക്കും ഓഹരി ഉടമകള്‍ക്ക് ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിന്റെ 155 ഓഹരികള്‍ വീതം ലഭിക്കും.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it