Top

18ാം വയസില്‍ നിങ്ങള്‍ ഇങ്ങനെ ചെയ്താല്‍ കോടിപതിയാകും!

പതിനെട്ട് വയസ്സ്. രാജ്യത്ത് വോട്ടവകാശം ലഭിക്കുന്ന പ്രായമാണ്. അതായത് ഈ രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കാന്‍ അവകാശമുള്ള പ്രായം. വണ്ടിയോടിക്കാന്‍ ലൈസന്‍സും കിട്ടും ആ പ്രായത്തില്‍. എന്നാല്‍ ആ പ്രായത്തില്‍ സ്വന്തം ജീവിതം സുരക്ഷിതമാക്കാനുള്ള നിക്ഷേപത്തെ കുറിച്ച് വ്യക്തമായ ധാരണ പലര്‍ക്കും കാണാറില്ല. ഈ പ്രായക്കാരെ അതേ കുറിച്ച് ബോധവാന്മാരാക്കാന്‍ ഗൗരവമായി ശ്രമങ്ങളും കാണുന്നില്ല. അതുകൊണ്ട് തന്നെ യുവസമൂഹം ആദ്യ നിക്ഷേപം നടത്തുന്നത് പലപ്പോഴും നിര്‍ബന്ധം കൊണ്ടാവാം. അല്ലെങ്കില്‍ പരിചയക്കാര്‍ പറഞ്ഞതുകൊണ്ടാവാം. ഇത് പലപ്പോഴും അത്ര നല്ല തീരുമാനവും ആയിരിക്കില്ല.

ജീവിതത്തില്‍ പ്രാരാബ്ദങ്ങള്‍ വന്നു തുടങ്ങുമ്പോഴാണ് പലരും നിക്ഷേപത്തെ കുറിച്ച് ചിന്തിക്കുന്നത്. അന്നേരം രണ്ടുമൂന്ന് ലോണ്‍ അടവുണ്ടാവും. നിക്ഷേപം പോയിട്ട് മാസാവസാനം കൈയില്‍ മിച്ചം വെയ്ക്കാന്‍ അഞ്ചുപൈസ പോലും അപ്പോള്‍ കാണില്ല. ഈ ഘട്ടത്തിലാണ് പെട്ടെന്ന് ധനികനാകാനുള്ള വഴികള്‍ നോക്കുന്നത്. അത് ചതിക്കുഴിയില്‍ കൊണ്ടുപോയി ചാടിക്കുകയും ചെയ്യും.

പലപ്പോഴും മാതാപിതാക്കള്‍ മക്കള്‍ക്കായി പണം സ്വരൂപിക്കാറുണ്ട്. എന്നാല്‍ അത് അവരുടെ വിദ്യാഭ്യാസം, കല്യാണം തുടങ്ങിയ ആവശ്യങ്ങള്‍ വരുമ്പോള്‍ ചെലവാക്കി തീര്‍ന്നു പോകും.
ചെറുപ്പത്തിലേ തുടങ്ങാം നല്ല ശീലം
പലരും ചെറുപ്പത്തില്‍ പണം മിച്ചം വച്ച് ശീലിക്കുന്നുണ്ടെങ്കിലും അത് ഒരു നിക്ഷേപം ആവുന്നത് ആ പണം നമുക്ക് വേണ്ടി സമ്പാദിക്കുമ്പോള്‍ ആണ്. പല നിക്ഷേപങ്ങളും തവണകള്‍ ആയി ചേരേണ്ടതിനാല്‍ മുടങ്ങിയാല്‍ നഷ്ടം വരും എന്ന ഒരു പ്രശ്‌നവും ഉണ്ട്. എന്നാല്‍ ഇതൊന്നും ഇല്ലാത്ത, മികച്ച നേട്ടം തരുന്ന ഒന്നുണ്ട്; ഓഹരി നിക്ഷേപം.

നമ്മുടെ നാട്ടില്‍ ഓഹരി നിക്ഷേപത്തെ പലരും സംശയ ദൃഷ്ടിയോടെ ആണ് കാണുന്നത്. ഒട്ടുമിക്ക ആളുകളും ഓഹരി വിപണിയെ ഒരു ചൂതാട്ടം ആയി കാണുന്നു. എന്നാല്‍ ഓഹരി വിപണിയെ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിലൂടെ കാണേണ്ട സമയം, അല്ലെങ്കില്‍ കാട്ടി കൊടുക്കേണ്ട സമയം ആയിരിക്കുന്നു.

ഒരു രാജ്യത്തിന്റെ ഭരണം തീരുമാനിക്കാന്‍ ഉള്ള അവസരം നമ്മള്‍ 18 വയസ്സ് കഴിഞ്ഞ ഒരാള്‍ക്ക് നല്‍കുമ്പോള്‍, ഒരു കമ്പനിയുടെ ഭാവി പരിപാടികളില്‍ അഭിപ്രായം രേഖപ്പെടുത്താനും, കമ്പനിയുടെ ഒരു വിഹിതം, അതോടൊപ്പം ലാഭ വിഹിതം സ്വന്തമാക്കാനും ഉള്ള ഒരു അവസരത്തെ എന്തിനു നഷ്ടപ്പെടുത്തുന്നു?

ഇന്നത്തെ ചെറുപ്പക്കാരില്‍ പലര്‍ക്കും പോക്കറ്റ് മണി എന്ന പേരിലും അല്ലെങ്കില്‍ സ്വന്തമായ അധ്വാനത്തിലൂടെയും പൈസ വന്നു ചേരുന്നുണ്ട്. അവരുടെ അഭിരുചികള്‍ മനസ്സിലാക്കാന്‍ ഓണ്‍ലൈന്‍ ഇ കോമേഴ്‌സ് കമ്പനികള്‍ മത്സരിക്കുന്നു. പലര്‍ക്കും പണം വന്നു ചേരുന്നത് പോലെ തന്നെ ചെലവുകളും ഉണ്ട്. പണത്തിന് ഒരു ഉപാധി എന്നതില്‍ കവിഞ്ഞു വില കൊടുക്കാത്തവരും ഉണ്ട്.
മാസം നൂറുരൂപ മാറ്റിവെയ്ക്കാനുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കും കോടിപതിയാകും
ശുഭകരമായ ഒരു തുടക്കം ആവട്ടെ പതിനെട്ടാം വയസ്സ്! മിച്ചം പിടിക്കാവുന്നതെത്രയോ അതില്‍ ഒരു ഭാഗം ഓഹരികള്‍ വാങ്ങാനോ, മ്യൂച്ചല്‍ ഫണ്ട് മുഖേന നിക്ഷേപിക്കാനോ തീരുമാനം എടുക്കാം. അധികം ഒന്നും വേണ്ട, മാസം നൂറു രൂപ വച്ച് തുടങ്ങാം. നല്ല പല ഓഹരികളും മ്യൂച്ചല്‍ ഫണ്ടുകളും ഈ വിലക്കുള്ളില്‍ ലഭ്യമാണ്. വില കുറഞ്ഞത് എല്ലായ്‌പ്പോഴും നല്ലത് ആവണമെന്നില്ല, എന്നിരുന്നാലും.
നമ്മള്‍ക്ക് മനസ്സിലാവുന്ന, പരിചയമുള്ള വ്യവസായങ്ങളില്‍ വേണം നിക്ഷേപങ്ങള്‍ തുടങ്ങാന്‍. അങ്ങനെ ഉള്ളവയില്‍ വരുന്ന മാറ്റങ്ങള്‍ നമുക്ക് മനസ്സിലാക്കാനും, അതിനനുസരിച്ചു തീരുമാനങ്ങള്‍ എടുക്കാനും പറ്റും.
ബിസിനസ് മാനേജ്‌മെന്റും നന്നായി പഠിക്കാം!
യുവാക്കള്‍ക്ക് താല്‍പ്പര്യമുള്ള ഒരു കോഴ്‌സ് ആണ് ബിസിനസ് മാനേജ്‌മെന്റ്. എന്നാല്‍ ഓഹരി വിപണിയിലൂടെ ഒരു മാനേജ്്‌മെന്റ് കോഴ്‌സില്‍ പഠിക്കുന്ന അത്ര തന്നെ വിജ്ഞാനം നമ്മുടെ താല്‍പ്പര്യം മൂലം നമ്മള്‍ അറിയാതെ തന്നെ ലഭിക്കുന്നു. ഒരു തൊഴിലാളി അല്ലെങ്കില്‍ സാധാരണ പൗരന്‍ എന്ന നിലയില്‍ ചിന്തിക്കുന്നതിനു പകരം ഒരു ഉടമസ്ഥന്‍ ചിന്തിക്കും പോലെ (ownership mentaltiy) ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. നമ്മുടെ കമ്പനിയുടെ വിപണിയിലെ ഏറ്റ കുറച്ചിലുകള്‍ പഠിക്കുന്നതോടൊപ്പം അവ എങ്ങനെ സംഭവിക്കുന്നു എന്നതും നാം മനസ്സിലാക്കുന്നു. സ്വന്തം പൈസ വിപണിയില്‍ ഇറക്കിയാല്‍, കമ്പനികളെ കുറിച്ച് കൂടുതല്‍ പഠിക്കാനും താല്‍പ്പര്യം ഉണ്ടാവും.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അമിത ലാഭം വാഗ്ദാനം ചെയ്തും, കടം എടുത്തു നിക്ഷേപിച്ചും പണമുണ്ടാക്കാന്‍ പലരും ഉപദേശം തന്നെന്നിരിക്കും. അവയെ അവഗണിക്കുക. തനിക്കു സാധിക്കുന്ന തുക മാത്രം നിക്ഷേപിക്കുക, അത് നൂറു രൂപയോ, ഇരുനൂറോ, അമ്പതു രൂപയോ ആവട്ടെ. സാമ്പത്തികമായ അച്ചടക്കം നമ്മള്‍ ശീലിക്കേണ്ട ഒന്നാണ്.
സ്വന്തമായി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. ഇന്റര്‍നെറ്റിന്റെ അനന്തമായ സാധ്യതകള്‍ ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഏതൊരു സാങ്കേതിക വിദ്യയും എളുപ്പം സ്വായത്തമാക്കുന്ന യുവ ജനതയ്ക്ക് ഇതൊന്നും ആയാസകരമല്ല.
ഓഹരി വിപണിയുടെ നിക്ഷേപ സാധ്യതകള്‍ ജനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ കമ്പനികള്‍ക്ക് മെച്ചപ്പെട്ട വളര്‍ച്ച സാധ്യമാകുന്നു, കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. നമ്മള്‍ വളരുന്നതിനോടൊപ്പം നമ്മുടെ നിക്ഷേപവും വളരുന്നു.നമ്മുടെ വളര്‍ച്ചക്കൊപ്പം നമ്മുടെ നിക്ഷേപ രീതിയും തോതും മാറ്റാവുന്നതാണ്.
ലോട്ടറിയെടുക്കുകയല്ല വേണ്ടത്, ഓഹരി വാങ്ങണം
നമ്മുടെ നാട് വളരെ അനുഗ്രഹീതമാണെങ്കിലും ഓരോ ബസ് സ്‌റ്റോപ്പിലും കാണാം ഭാഗ്യക്കുറി വില്‍പനക്കാര്‍. ഭാഗ്യ ദേവതയുടെ കടാക്ഷം സ്വപ്നം കണ്ടുകൊണ്ട് പലരും ലോട്ടറി എടുക്കുന്നു. ലോട്ടറി മൂലം പൈസ നഷ്ടമാവുന്നത് സാധാരണ സംഭവമാക്കി മാറ്റിയ നമ്മള്‍ ഓഹരിയിലും ഭാഗ്യം തേടുന്നു, നിരാശരാവുന്നു. എന്നാല്‍ ഭാഗ്യം അല്ല, സാമാന്യ ബോധം ഉള്ള ആര്‍ക്കും ക്ഷമയോടെ പെരുമാറിയാല്‍ ലാഭം ഉണ്ടാക്കാവുന്ന ഒരു മേഖലയാണ് ഓഹരി. അകറ്റി നിര്‍ത്തി ഭയപ്പെടേണ്ട ഒന്നല്ല, അടുത്തറിഞ്ഞു നേട്ടം എടുക്കേണ്ട ഒന്നാണ് ഓഹരി വിപണി.
ഒന്ന് പറഞ്ഞു കൊള്ളട്ടെ, ഓഹരി വ്യാപാരം എന്നാല്‍ വെറും ഊഹ കച്ചവടം അല്ല. പലര്‍ക്കും കൈ പൊള്ളുന്നത് അവിടെയാണ്. രാവിലെ വാങ്ങി വൈകുന്നേരം ലാഭം ഉണ്ടാക്കാന്‍ പറ്റും എന്ന് പലരും പറയുന്നുണ്ടാവാം. പക്ഷെ, നഷ്ട സാധ്യതകള്‍ വളരെ ഏറെയാണ്. തുടക്കത്തില്‍ അതിനു നില്‍ക്കാതെ, നല്ല കമ്പനികളുടെ ഓഹരികള്‍ എങ്ങനെ മാസാമാസം സ്വരൂപിക്കാം എന്നതില്‍ ശ്രദ്ധിക്കുക.
ആദ്യ പടിയായി നമുക്ക് ഇഷ്ടമുള്ള കമ്പനികളെ തിരഞ്ഞു കണ്ടു പിടിക്കാം. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന, ദീര്‍ഘ വീക്ഷണം ഉള്ള, നല്ല നേതാക്കള്‍ മുന്നില്‍ നിന്ന് നയിക്കുന്ന പേരെടുത്ത കമ്പനികള്‍. നിങ്ങള്‍ പലപ്പോഴും സ്ഥിരമായി ഉപയോഗിക്കുന്ന ഒരു ഉത്പന്നം അല്ലെങ്കില്‍ സേവനം ഇവയെല്ലാം ഇങ്ങനെ ഒരു ലിസ്റ്റ് ഉണ്ടാക്കാന്‍ നമ്മെ സഹായിക്കും.
എങ്ങനെ നിക്ഷേപം തുടങ്ങാം?
ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ ഇപ്പോള്‍ വളരെ എളുപ്പമാണ്. ഇതിനു വേണ്ട ഡീ മാറ്റ് അക്കൗണ്ട് എല്ലാം ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി തന്നെ തുറക്കാവുന്നതാണ്. ഒരു സ്മാര്‍ട്ട് ഫോണില്‍ ചെയ്യാവുന്ന അത്ര ലളിതമായ മൊബീല്‍ ആപ്പ് കള്‍ ഇപ്പോള്‍ ലഭ്യമാണ്. പല നല്ല ഓഹരികളും ഇപ്പോള്‍ കൈയ്യിലൊതുങ്ങുന്ന വിലക്ക് ലഭ്യമാണ് താനും. ഒരു നല്ല നാളെക്കായി ഒരു നൂറു രൂപ മാസം തോറും മാറ്റി വച്ചു കൂടെ?
പുതിയ തലമുറ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. സാമ്പത്തിക സ്വാതന്ത്ര്യം വ്യക്ത്തി സ്വാതന്ത്ര്യത്തിലേക്കുള്ള ഏറ്റവും വലിയ ചവിട്ടു പടിയാണ്. ആഗ്രഹിച്ച ജീവിതം കെട്ടിപ്പടുക്കാനുള്ള ഏറ്റവും സാധ്യമായ മാര്‍ഗവും ഇതാണ്: ചെറുപ്പത്തിലേ ഉള്ള തുടക്കം, പിന്നെ സാമ്പത്തിക അച്ചടക്കത്തോടെയുള്ള നിക്ഷേപം.Jaidev Poomath
Jaidev Poomath  

Related Articles

Next Story

Videos

Share it