പ്രവര്‍ത്തനഫലം നോക്കാം, ​നല്ല കമ്പനികളെ കണ്ടെത്താം

കമ്പനികളുടെ കോര്‍പ്പറേറ്റ് പ്രവര്‍ത്തനഫലത്തിന്റെ പ്രസക്തി എന്താണ്?

കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഓരോ ത്രൈമാസത്തിലും അവയുടെ പ്രവര്‍ത്തനഫലം പുറത്തുവിടാറുണ്ട്. അത്, നിയമപരമായ പാലിക്കേണ്ട കാര്യവുമാണ്. ഓരോ കമ്പനിയുടെയും പ്രവര്‍ത്തനം, സാമ്പത്തികാരോഗ്യം, ഭാവി എന്നിവ മനസിലാക്കാന്‍ പ്രവര്‍ത്തനഫലം നോക്കിയാല്‍ മതിയാകും.

പക്ഷേ, പ്രവര്‍ത്തനഫലത്തില്‍ നിന്ന് എങ്ങനെ അത് മനസിലാക്കാം? നമുക്ക് അതിനുള്ള ചില ഘടകങ്ങള്‍ പരിശോധിക്കാം.
1. വരുമാന, വില്‍പന വളര്‍ച്ച: കമ്പനിയുടെ പ്രവര്‍ത്തനം മികച്ച നിലയിലാണോ എന്നറിയാന്‍ വരുമാനത്തിലും വില്‍പനയിലും വളര്‍ച്ചയുണ്ടോ എന്ന് പരിശോധിക്കണം. മുന്‍ പാദങ്ങളിലെ (ത്രൈമാസങ്ങളിലെ) വരുമാന, വില്‍പനയുമായി താരതമ്യം ചെയ്യുമ്പോള്‍ വളര്‍ച്ചാനിരക്ക് കൂടുതലാണെങ്കില്‍ കമ്പനി മെച്ചപ്പെട്ട നിലയിലാണ്.
2. ലാഭക്ഷമതാ മാനദണ്ഡങ്ങള്‍
(i) ഗ്രോസ് പ്രോഫിറ്റ് മാര്‍ജിന്‍: വരുമാനത്തിൽ ലാഭത്തിന്റെ അനുപാതമാണ് ഗ്രോസ് പ്രോഫിറ്റ് മാര്‍ജിന്‍. കമ്പനിക്ക് എത്രമാത്രം ലാഭമുണ്ടാക്കാന്‍ സാധിക്കുന്നുവെന്ന് ഇതില്‍ നിന്ന് മനസിലാക്കാം.
(ii) നെറ്റ് പ്രോഫിറ്റ് മാര്‍ജിന്‍: നികുതി അടക്കമുള്ള എല്ലാ ബാദ്ധ്യതകളും കിഴിച്ചശേഷം വരുമാനത്തിന് ആനുപാതികമായ ലാഭ അനുപാതമാണിത്. അനുപാതം കൂടുതലാണെങ്കില്‍ മികച്ച ലാഭമുണ്ടാക്കാനുള്ള കരുത്ത് കമ്പനിക്കുണ്ടെന്ന് പറയാം.
3. ഏര്‍ണിംഗ്‌സ് പെര്‍ ഷെയര്‍: കമ്പനിയുടെ ലാഭത്തെ നിലവിലെ ഓരോ ഓഹരിക്കും ആനുപാതികമായി വീതിക്കുന്നതാണ് ഏര്‍ണിംഗ്‌സ് പെര്‍ ഷെയര്‍ (EPS/ഇ.പി.എസ്). മുന്‍പാദങ്ങളിലെ കണക്കുമായി ഇത് താരതമ്യം ചെയ്യുക. ഇ.പി.എസ് കൂടുതലാണെങ്കില്‍ കമ്പനി കൂടുതല്‍ നല്ല സ്ഥിതിയിലെത്തി.
4. ഓപ്പറേറ്റിംഗ് എക്സ്പന്‍സസ്: കമ്പനിയുടെ ചെലവുകള്‍ ഏത് പ്രവര്‍ത്തന മേഖലയിലാണെന്ന് നോക്കുക. വില്‍പന, ഭരണ നിര്‍വഹണം, പൊതുചെലവ് തുടങ്ങിയ വിഭാഗങ്ങളെല്ലാം പരിശോധിക്കണം. ചെലവുകള്‍ നിയന്ത്രണവിധേയമാണെങ്കില്‍ അത് കമ്പനി സാമ്പത്തിക അച്ചടക്കം പാലിക്കുന്ന കമ്പനിയാണ്.
5. ഡെറ്റ് ആന്‍ഡ് ലിക്വിഡിറ്റി
(i) ഡെറ്റ് ടു ഇക്വിറ്റി റേഷ്യോ: നേരത്തേ കമ്പനിയുടെ ലാഭത്തെ അതിന്റെ ഓരോ ഇക്വിറ്റിയുമായി (ഓഹരി) വീതിച്ച് ഏര്‍ണിംഗ്‌സ് പെര്‍ ഷെയര്‍ കണക്കാക്കുന്നത് നാം വായിച്ചു. സമാനരീതിയില്‍ കമ്പനിയുടെ കടബാദ്ധ്യതയെയും ഓരോ ഓഹരിക്കുമായി വീതിക്കുക. മുന്‍ പാദങ്ങളെ അപേക്ഷിച്ച് ഈ ഡെറ്റ് ടു ഇക്വിറ്റി റേഷ്യോ കൂടുതലാണെങ്കില്‍ കമ്പനിയുടെ സാമ്പത്തികസ്ഥിതി മെച്ചമല്ല.
(ii) കറന്റ് റേഷ്യോ: കമ്പനിയുടെ നിലവിലെ ആസ്തിയും നിലവിലെ ബാദ്ധ്യതകളും താരതമ്യം ചെയ്തശേഷം ഹ്രസ്വകാല സാമ്പത്തിക സ്ഥിതിയുടെ അനുപാതമാണ് കറന്റ് റേഷ്യോ.
6. കാഷ് ഫ്‌ളോ: പ്രവര്‍ത്തനം, നിക്ഷേപം, സാമ്പത്തികച്ചെലവ് എന്നിവയ്ക്കായി കമ്പനിക്കുള്ള പണലഭ്യത നോക്കുക. ഉയര്‍ന്ന പണലഭ്യത സ്ഥിരതയാര്‍ന്ന പ്രകടനത്തിനും മികച്ച വളര്‍ച്ചയ്ക്കും അനിവാര്യമാണ്.
7. അസറ്റ് ക്വാളിറ്റി
(i) നോണ്‍-പെര്‍ഫോമിംഗ് അസറ്റ്: ധനകാര്യസേവന കമ്പനികളുടെ പ്രവര്‍ത്തനഫലമാണ് നിങ്ങള്‍ പരിശോധിക്കുന്നതെങ്കില്‍ നിഷ്‌ക്രിയ ആസ്തി (എന്‍.പി.എ/NPA) നോക്കുക. വായ്പകളില്‍ കിട്ടാക്കട അനുപാതം അഥവാ എന്‍.പി.എ നിരക്ക് (മൊത്തം/Gross NPAയും അറ്റ/Net NPAയും) കൂടുതലാണെങ്കില്‍ കമ്പനിയുടെ സ്ഥിതി മെച്ചമല്ല.
(ii) ഇന്‍വെന്ററി ടേണോവര്‍: കമ്പനിയുടെ കൈവശമുള്ള സ്റ്റോക്ക് എത്രവേഗം വിറ്റഴിയുന്നു, ഉപയോഗിക്കുന്നു അല്ലെങ്കില്‍ പുതിയ സ്റ്റോക്ക് വരുന്നു എന്നത് വിലയിരുത്തി സാമ്പത്തികസ്ഥിതി ഭദ്രമാണോ എന്ന് മനസിലാക്കാവുന്നതാണ്.
8. റിട്ടേണ്‍ ഓണ്‍ അസറ്റും (RoA) റിട്ടേണ്‍ ഓണ്‍ ഇക്വിറ്റയും (RoE): ഒരു കമ്പനി അതിന്റെ ആസ്തിയും ഓഹരികളും ലാഭം നേടാന്‍ എത്ര ഫലപ്രദമായി ഉപയോഗിക്കുന്നു എന്ന് ഈ കണക്കുകള്‍ പരിശോധിച്ച് തിരിച്ചറിയാം.
9. ഡിവിഡന്‍ഡ് പേയൗട്ട് ആന്‍ഡ് റീട്ടെയ്ന്‍ഡ് ഏര്‍ണിംഗ്‌സ്: കമ്പനിയുടെ ലാഭവിഹിത (ഡിവിഡന്‍ഡ്) വിതരണനയവും വരുമാനം, ലാഭം എന്നിവയില്‍ നിന്ന് ഭാവി പദ്ധതികള്‍ക്കും മികച്ച വളര്‍ച്ചയ്ക്കുമായി എത്രതുക കമ്പനി നീക്കിവയ്ക്കുന്നു (റീട്ടെയ്ന്‍ഡ് ഏര്‍ണിംഗ്‌സ്) എന്നും നോക്കുക. രണ്ടും സുസ്ഥിരവും മികച്ചതുമെങ്കില്‍ കമ്പനിയുടെ സ്ഥിതിയും മെച്ചമാണ്.
10. മാനേജ്‌മെന്റ്‌സ് ഡിസ്‌കഷന്‍ ആന്‍ഡ് അനാലിസിസ്: പ്രവര്‍ത്തനഫലത്തിനൊപ്പം മാനേജ്‌മെന്റ് തലത്തിലുള്ളവര്‍ കമ്പനിയെ കുറിച്ച് നടത്തുന്ന വിലയിരുത്തലുകളും ലഭ്യമാകും. അതില്‍ നിന്ന് കമ്പനിയുടെ പ്രവര്‍ത്തനം, മുഖ്യ സംഭവവികാസങ്ങള്‍, വെല്ലുവിളികള്‍, ഭാവി പദ്ധതികള്‍ തുടങ്ങിയവ അറിയാം. കമ്പനിയുടെ കാഴ്ചപ്പാടും മനസിലാക്കാം.
11. ഇന്‍ഡസ്ട്രി ആന്‍ഡ് പീയര്‍ കമ്പാരിസണ്‍: കമ്പനിയുടെ പ്രവര്‍ത്തനം വിപണിയുടെ ശരാശരി പ്രകടനവുമായും സമാന കമ്പനികളുടെ കണക്കുകളുമായും താരതമ്യം ചെയ്യുക.
12. ഇക്കണോമിക് എന്‍വയോണ്‍മെന്റ്: വിപണിയിലെ പൊതുവായ സാമ്പത്തിക സാഹചര്യം നോക്കുക. വിപണിയിലെ പുതിയ ട്രെന്‍ഡുകളും പരിശോധിക്കുക. ഇവ കമ്പനിയുടെ പ്രവര്‍ത്തനത്തെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തുക.
13. റിസ്‌ക്സ് ആന്‍ഡ് ഓപ്പര്‍ച്യുണിറ്റീസ്: നിയമപരം, വിപണി, പ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ കമ്പനി പ്രതിസന്ധി നേരിടുന്നുണ്ടോ എന്ന് നോക്കണം. കമ്പനിയുടെ മികച്ച പ്രകടനത്തിന് അനുകൂലമായ സാഹചര്യമാണോ നിലവിലുള്ളതെന്നും നോക്കുക.
14. സസ്‌റ്റൈനബിലിറ്റി ആന്‍ഡ് ഇ.എസ്.ജി ഫാക്ടേഴ്‌സ്: കമ്പനിയുടെ പാരിസ്ഥിതിക, സാമൂഹിക, ഭരണനിര്‍വഹണ (ഇ.എസ്.ഇ/ESG) പ്രവര്‍ത്തനങ്ങളും പ്രഖ്യാപനങ്ങളും മികച്ചതെങ്കില്‍ വിപണിയില്‍ കൂടുതല്‍ പ്രാമുഖ്യം ലഭിക്കും, നിക്ഷേപങ്ങള്‍ നേടാനും സഹായകമാകും.
15. ഗൈഡന്‍സ് ആന്‍ഡ് ഔട്ട്‌ലുക്ക്: കമ്പനിയുടെ ഭാവിയിലേക്കുള്ള പദ്ധതികള്‍, പ്രഖ്യാപനങ്ങള്‍, വളര്‍ച്ചാ അനുമാനങ്ങള്‍ തുടങ്ങിയവ പ്രായോഗികമാണെങ്കില്‍ മികച്ച വളര്‍ച്ചയും ലാഭക്ഷമതയും പ്രതീക്ഷിക്കാം.
മേല്‍പ്പറഞ്ഞ ഏതെങ്കിലും ഒരു ഘടകം മാത്രം നോക്കി കമ്പനിയുടെ പ്രവര്‍ത്തനം മികച്ചതാണോ അല്ലയോ എന്ന് വിധി കല്‍പ്പിക്കാനാവില്ല. എല്ലാ ഘടകങ്ങളും പരിശോധിക്കണം. വാര്‍ത്തകള്‍, വിപണിയിലെ ചലനങ്ങള്‍, ആഗോള സാമ്പത്തിക രംഗത്തെ പുത്തന്‍ സംഭവങ്ങള്‍ തുടങ്ങിയ വിലയിരുത്തിയും കമ്പനികളുടെ പ്രവര്‍ത്തനം ഏത് ദിശയിലേക്കാണെന്ന് വിലയിരുത്താന്‍ സാധിക്കും.
Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it