ട്രേഡിംഗ് വഴി വരുമാനം 12 ലക്ഷം, ട്രേഡിംഗ് പഠിപ്പിച്ച് 105 കോടി, ഫിന്‍ഫ്‌ളുവന്‍സറിനെ വിലക്കി സെബി
സ്റ്റോക്ക് മാര്‍ക്കറ്റ് ഇന്‍ഫ്‌ളുവന്‍സറായ അസ്മിത പട്ടേലിനും മറ്റ് അഞ്ച് പേര്‍ക്കും വിലക്കേര്‍പ്പെടുത്തി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. രജിസ്‌ട്രേഷനില്ലാതെ ഉപദേശക സേവനങ്ങള്‍ നല്‍കിയെന്നാരോപിച്ചാണ് നടപടി.
അസ്മിതയുടെ ഉടമസ്ഥതയിലുള്ള അസ്മിത പട്ടേല്‍ ഗ്ലോബല്‍ സ്‌കൂള്‍ ഓഫ് ട്രേഡിംഗ്, (APGSOT) ജിതേഷ് ജേതാലാല്‍ പട്ടേല്‍, കിംഗ് ട്രേഡേഴ്‌സ്, ജെമിനി എന്റര്‍പ്രൈസ്, യുണൈറ്റഡ് എന്റര്‍പ്രൈസ് എന്നീ സ്ഥാപനങ്ങള്‍ ഫീസായി വാങ്ങിയ 53 കോടി രൂപ തിരിച്ചടയ്ക്കാനും സെബി ആവശ്യപ്പെട്ടിട്ടുണ്ട്.
അസ്മിത പട്ടേല്‍ ഗ്ലോബല്‍ സ്‌കൂള്‍ ഓഫ് ട്രേഡിംഗ് അനധികൃത നിക്ഷേപ ഉപദേശക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി ആരോപിച്ച് 42 നിക്ഷേപകരില്‍ നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് സെബി അന്വേഷണം ആരംഭിച്ചത്. 120 പേജുള്ള ഉത്തരവിലാണ് സെബി വിപണിയില്‍ നിന്ന് വിലക്കിയത്.
104.4 കോടിയെക്കുറിച്ച് അന്വേഷണം
അസ്മിതയുടെ സ്ഥാപനം നല്‍കിയിരുന്നത് പഠന കോഴ്‌സുകളല്ലെന്നും ഓഹരി വാങ്ങല്‍, വില്‍ക്കല്‍ ശിപാര്‍ശകളാണെന്നും സെബി കണ്ടെത്തി. രജിസ്റ്റേഡ് ലൈസന്‍സ് ഉള്ള അഡൈ്വസേഴ്‌സിന് മാത്രമാണ് ഇത്തരം സേവനങ്ങള്‍ നല്‍കാനാകുക.
ഇത്തരം അനധികൃതമായ നിക്ഷേപ ഉപദേശങ്ങളിലൂടെ നേടിയ 53.67 കോടി രൂപ തിരിച്ചടയ്ക്കാനാണ് സെബി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു കൂടാതെ കോഴ്‌സ് ഫീസായി സമാഹരിച്ച 104.6 കോടി രൂപയെ കുറിച്ചും സെബി അന്വേഷിക്കുന്നുണ്ട്. നിക്ഷേപ ഉപദേശങ്ങളുടെ ഭാഗമായുള്ളതാണ് ഈ തുകയെന്ന് സെബി സംശയിക്കുന്നു. കമ്പനിയുടെ എല്ലാ സേവനങ്ങളും നിര്‍ത്തിവയ്ക്കാനും സെബി ആവശ്യപ്പെട്ടിട്ടുണ്ട്. കിംഗ് ട്രേഡേഴ്‌സ്, ജെമിനി എന്റര്‍പ്രൈസസ്, യുണൈറ്റഡ് എന്റര്‍പ്രൈസസ് എന്നീ സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വക മാറ്റി സെബിയുടെ ശ്രദ്ധയില്‍ പെടാതിരിക്കാനുള്ള ബോധപൂര്‍വമായ ശ്രമവും കമ്പനി നടത്തിയതായി ആരോപണമുണ്ട്.
നാല് വര്‍ഷം വരുമാനം 12 ലക്ഷം
കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് 12.28 ലക്ഷം രൂപയാണ് അസ്മിത പട്ടേലും കമ്പനിയും ചേര്‍ന്ന് ട്രേഡിംഗ് വഴി ഉണ്ടാക്കിയത്.
സ്ഥാപനം 140 കോടി രൂപയുടെ പോര്‍ട്ട്‌ഫോളിയോ കൈകാര്യം ചെയ്യുന്നുവെന്നായിരുന്നു അസ്മിത അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇതെല്ലാം പച്ചക്കള്ളമാണെന്ന് സെബി കണ്ടെത്തി.
ലെറ്റ്‌സ് മേക്ക് ഇന്ത്യ ട്രേഡ് (എല്‍.എം.ഐ.ടി), മാസ്റ്റേഴ്‌സ് ഇന്‍ പ്രൈസ് ആക്ഷന്‍ ട്രേഡിംഗ് (എം.പി.എ.ടി) തുടങ്ങിയ കോഴ്‌സുകളില്‍ ചേര്‍ന്ന് പഠിക്കുന്നവര്‍ക്ക് 300 ശതമാനം നേട്ടമാണ് സ്‌കൂള്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ അധ്യാപകര്‍ക്കും പോലും ഈ നേട്ടത്തിന്റെ അടുത്തെത്താനായില്ലെന്നതാണ് വാസ്തവം.
ആരാണ് അസ്മിത പട്ടേല്‍
ട്രേഡിംഗ് മേഖലയില്‍ 17 വര്‍ഷത്തെയും സാമ്പത്തിക മേഖലയില്‍ 10 വര്‍ഷത്തെയും അനുഭവ സമ്പത്തുണ്ടെന്ന് അവകാശപ്പെടുന്ന അസ്മിത 'ഷീ വൂള്‍ഫ് ഓഫ് ദി സ്റ്റോക്ക് മാര്‍ക്കറ്റ്', 'ഓപ്ഷന്‍ ക്വീന്‍' എന്നിങ്ങനെയാണ് സ്വയം വിശേഷിപ്പിക്കുന്നത്. ലോകത്താകമാനം ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ മെന്റര്‍ ചെയ്തതായും അവര്‍ അവകാശപ്പെുന്നു.
അസ്മിത പട്ടേല്‍ ഡോട്ട് കോം എന്ന വെബ്‌സൈറ്റ് വഴി ശക്തമായ ഡിജിറ്റല്‍ സാന്നിധ്യമുണ്ട്. യൂട്യൂബില്‍ 5.26 ലക്ഷം വരിക്കാരും ഇന്‍സ്റ്റഗ്രാമില്‍ 2.9 ലക്ഷം, ഫെയ്‌സ്ബുക്കില്‍ 73,000, ലിങ്ക്ഡ് ഇന്നില്‍ 1,900, ട്വിറ്ററില്‍ 4,200 എന്നിങ്ങനെ ഫോളോവേഴ്‌സുമുണ്ട്. ഭര്‍ത്താവ് ജിതേഷ് പട്ടേലും കമ്പനിയില്‍ ഡയറക്ടറാണ്.
Read DhanamOnline in English
Subscribe to Dhanam Magazine

