ക്രിപ്‌റ്റോയ്‌ക്കെതിരെ കടുപ്പിച്ച് കേന്ദ്രം; ബിനാന്‍സിന്റേതടക്കം വെബ്‌സൈറ്റ് പൂട്ടിച്ചു

വിദേശ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകളുടെയും വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരായ ബിനാന്‍സ്, കുക്കോയിന്‍, ഒ.കെ.എക്സ് എന്നിവയുടെയും വെബ്‌സൈറ്റുകള്‍ക്ക് പൂട്ടിട്ട് കേന്ദ്രം. ഈ ആപ്പുകളുടെ ആന്‍ഡ്രോയിഡ് പതിപ്പുകളും ഉടന്‍ നീക്കം ചെയ്യും. ഇവ കള്ളപ്പണം വെളുപ്പിക്കുന്നതിന് ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന ധനമന്ത്രാലയത്തിന്റെ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ (എഫ്.ഐ.യു) വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി.

കള്ളപ്പണം വെളുപ്പിക്കല്‍ തടയാന്‍ ആവശ്യമായ നിയമങ്ങള്‍ പാലിക്കാത്തതിനാല്‍ ബിനാന്‍സിനും മറ്റ് എട്ട് ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകള്‍ക്കും എഫ്.ഐ.യു ഡിസംബര്‍ 28ന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇത്തരം ക്രിപ്റ്റോകറന്‍സി ആപ്ലിക്കേഷനുകള്‍ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യാന്‍ കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം ആപ്പിളിനോട് അടുത്തിടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സമയപരിധി കഴിഞ്ഞിട്ടും കാരണം കാണിക്കല്‍ നേട്ടീസിന് കമ്പനികള്‍ മറുപടി നല്‍കാത്തതിനാലാണ് ഇവയുടെ യു.ആര്‍.എല്ലിലേക്കുള്ള (യൂണിഫോം റിസോഴ്സ് ലൊക്കേറ്ററി) പ്രവേശനം തടഞ്ഞതെന്ന് ഇക്കണോമിക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി.കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ ബിനാന്‍സ് പോലുള്ള ഓഫ്ഷോര്‍ ക്രിപ്റ്റോകറന്‍സി ഡീലിംഗ് ആപ്പുകള്‍ കേന്ദ്രം പൂര്‍ണമായും നിരോധിച്ചേക്കും. ആഗോള ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകള്‍ക്ക് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനമില്ല. അതിനാല്‍ കേന്ദ്ര ഖജനാവിന് പ്രതിവര്‍ഷം 3,000 കോടി രൂപയുടെ നികുതി ചോര്‍ച്ചയാണ് സംഭവിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.


Related Articles
Next Story
Videos
Share it