ഇന്ത്യ മാന്ദ്യത്തിലേക്ക് വീഴുമോ...അടുത്ത സാമ്പത്തിക വര്‍ഷത്തെ പ്രവചനങ്ങള്‍ ഇങ്ങനെ

അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യ 6 ശതമാനത്തോളം വളര്‍ച്ച നേടുമെന്ന് വിവിധ ഏജന്‍സികള്‍. ആഗോള സമ്പത്ത് വ്യവസ്ഥകള്‍ മാന്ദ്യത്തിലേക്ക് വീഴുമ്പോഴാണ് ഇന്ത്യ ഭേദപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കും എന്ന വിലയിരുത്തല്‍. അതേ സമയം നടപ്പ് സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ചയുടെ തോത് കുറയും.

2023-24ല്‍ രാജ്യം 6.1 ശതമാനം വളര്‍ച്ച നേടുമെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) വിലയിരുത്തല്‍. കെയര്‍ റേറ്റിംഗ്‌സും സമാനമായ പ്രവചനമാണ് നടത്തിയിരിക്കുന്നത്. അതേ സമയം ക്രിസില്‍ (CRISIL) ക്വാണ്ട്ഈക്കോ(QuantEco) എന്നീ സ്ഥാപനങ്ങളുടെ വളര്‍ച്ചാ അനുമാനം 6 ശതമാനം ആണ്. ലോക ബാങ്ക് ആണ് ഇക്കൂട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് പ്രവചിച്ചിരിക്കുന്നത്, 6.6 ശതമാനം.

2023ല്‍ ആഗോള ജിഡിപി 2.7 ശതമാനം മാത്രമായിരിക്കുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍. ലോകവ്യാപാരത്തിലെ വളര്‍ച്ച 2.5 ശതമാനം മാത്രമായിരിക്കുമെന്നും പുതിയ റിപ്പോര്‍ട്ടില്‍ ഐഎംഎഫ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യം രാജ്യത്തെ കയറ്റുമതിയെയും മറ്റ് അനുബദ്ധ മേഖലകളെയും ബാധിക്കാം. ചൈന,ജപ്പാന്‍ പോലുള്ള രാജ്യങ്ങളില്‍ ഉണ്ടാവുന്ന കോവിഡ് തരംഗങ്ങളാണ് മറ്റൊരു ഭീഷണി.

പണപ്പെരുപ്പം കുറയുന്നത്, ഉയരുന്ന ഉപഭോക്തൃ ഡിമാന്‍ഡ്, കാര്‍ഷിക മേഖലയിലുള്‍പ്പെടെ ഉല്‍പ്പാദനം വര്‍ധിക്കുന്നതൊക്കെ ആഭ്യന്തര തലത്തില്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യും. നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യ 6.8 ശതമാനമോ അതിന് മുകളിലോ വളര്‍ച്ച നേടുമെന്നാണ് വിവിധ സ്ഥാപനങ്ങളുടെ വിലയിരുത്തല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ 8.7 ശതമാനം വളര്‍ച്ച നേടിയിരുന്നു. 2022ല്‍ ചൈനയുടെ വളര്‍ച്ച 4.4 ശതമാനം ആയിരിക്കും എന്നാണ് ഷീ ജിങ്പിങ്ങ് സര്‍ക്കാരിന്റെ അനുമാനം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it