

ഇന്ത്യയിലെ ആദ്യത്തെ മഴ അധിഷ്ഠിത ഡെറിവേറ്റീവ്സ് കോൺട്രാക്ട് ആയ 'റെയിൻ മുംബൈ' (RAINMUMBAI) നാഷണൽ കമ്മോഡിറ്റി ആൻഡ് ഡെറിവേറ്റീവ്സ് എക്സ്ചേഞ്ച് (എൻ.സി.ഡി.ഇ.എക്സ്) പുറത്തിറക്കി. ഇന്ന് (2026 മേയ് 29) രാവിലെ 10 മണി മുതൽ ഈ റെയിൻഫോൾ ഡെറിവേറ്റീവ് കോൺട്രാക്റ്റിൽ (ഫ്യൂച്ചേഴ്സ് മാത്രം) വ്യാപാരം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ചിക്കാഗോ മെർക്കന്റൈൽ എക്സ്ചേഞ്ച് (CME) 1999 മുതൽ താപനിലയെ അടിസ്ഥാനമാക്കിയുള്ള വെതർ ഡെറിവേറ്റീവ് കോൺട്രാക്റ്റുകൾ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും, കാലവർഷത്തെ (Monsoon) അടിസ്ഥാനമാക്കി ഒരു ഡെറിവേറ്റീവ്സ് കോൺട്രാക്റ്റ് വിപണിയിലെത്തുന്നത് ആഗോളതലത്തിൽ തന്നെ ആദ്യമായാണ്.
അതേസമയം 'റെയിൻ മുംബൈ' കോൺട്രാക്റ്റുകളുടെ ട്രേഡിംഗ് ആരംഭിച്ച ദിവസം തന്നെ, ഈ വർഷത്തെ മൺസൂൺ മഴയെ സംബന്ധിച്ച പുതിയ റിപ്പോർട്ട് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) പുറത്തുവിട്ടിട്ടുണ്ട്. മൺസൂൺ മഴയുടെ ദീർഘകാല ശരാശരിയുടെ (LPA) 92 ശതമാനത്തിൽ നിന്ന് 90 ശതമാനമായി ഇത്തവണത്തെ കാലവർഷം കുറഞ്ഞേക്കുമെന്ന പ്രവചനമാണ് ഐ.എം.ഡി നടത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയം. കൂടാതെ ഈ ജൂൺ മുതൽ എൽ-നിനോ പ്രതിഭാസത്തിനുള്ള സാധ്യതയും ഐ.എം.ഡി പ്രവചിക്കുന്നുണ്ട്.
അടിസ്ഥാന ഘടന: മുംബൈയിലെ മൺസൂൺ സീസണായ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള നാല് മാസങ്ങളിലെ കഴിഞ്ഞ 30 വർഷത്തെ ദീർഘകാല ശരാശരി മഴയായ (Historical LPA) 2,206.7 മില്ലീമീറ്ററിനെ (mm) അടിസ്ഥാനമാക്കിയാണ് ഈ റെയിൻഫോൾ ഡെറിവേറ്റീവ് കോൺട്രാക്റ്റ് പ്രവർത്തിക്കുന്നത്.
സാമ്പത്തിക മൂല്യം: ഈ ശരാശരിയിൽ നിന്നുണ്ടാകുന്ന ഓരോ മില്ലീമീറ്റർ വ്യത്യാസത്തിനും 50 രൂപ വീതമാണ് മൂല്യം നിശ്ചയിച്ചിരിക്കുന്നത്. പരമാവധി 50 ലോട്ടുകളുടെ ഓർഡർ വരെ പ്ലേസ് ചെയ്യാം. ഒരു ലോട്ടിന്റെ വാല്യൂ 1,10,335 രൂപയാണ് (അടിസ്ഥാന വിലയെ ആസ്പദമാക്കി).
വ്യാപാരം: തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ രാത്രി 11.55 മണി വരെ റെയിൻ മുംബൈ കോൺട്രാക്റ്റുകൾ ട്രേഡ് ചെയ്യാനാകും. അതേസമയം കോൺട്രാക്റ്റിന്റെ എക്സ്പയറി മാസത്തിലെ അവസാന പ്രവർത്തി (ബിസിനസ്) ദിനത്തിന്റെ തൊട്ടുതലേ ദിവസം ആയിരിക്കും ആ കോൺട്രാക്റ്റിന്റെ അവസാന ട്രേഡിംഗ് ദിനം.
സെറ്റിൽമെന്റ്: സെബിയുടെ അംഗീകാരത്തോടെ മറ്റ് സർക്കാർ ഇടപെടലുകളോ ഇൻഷുറൻസ് ക്ലെയിം നടപടികളോ ഇല്ലാതെ ജൂൺ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ എന്നിങ്ങനെ ട്രേഡ് ചെയ്യാൻ ലഭ്യമായിട്ടുള്ള 4 മന്ത്ലി (Monthly) ഫ്യൂച്ചേഴ്സ് കോൺട്രാക്റ്റുകളുടേയും അവസാന ദിവസം ക്യാഷ് സെറ്റിൽമെന്റ് രീതിയിലാണ് സെറ്റിൽമെന്റ് നടപ്പാക്കുന്നത്. മഴ കുറയുമ്പോൾ കോൺട്രാക്ട് സെൽ ചെയ്തിട്ടുള്ളവർക്കും (Seller), ശരാശരിയേക്കാൾ കൂടുടൽ മഴ ലഭിക്കുമ്പോൾ കോൺട്രാക്ട് ബൈ ചെയ്തിട്ടുള്ളവർക്കും (Buyer) ഇതിന്റെ സാമ്പത്തിക ലാഭം ലഭിക്കും.
ഉദാഹരണം: മുംബൈയിൽ ലഭിക്കുന്ന മഴ സാധാരണ നിരക്കിൽ നിന്നും 54.7 മില്ലീമീറ്റർ കുറഞ്ഞ് 2,152 മില്ലീമീറ്റർ ആവുകയാണെങ്കിൽ കോൺട്രാക്റ്റ് സെൽ ചെയ്തിരിക്കുന്നവർക്ക് ഒരു ലോട്ടിന് 2,735 രൂപ ലാഭം ലഭിക്കും. മഴ ദീർഘകാല ശരാശരിയേക്കാൾ കൂടിയാൽ വാങ്ങുന്നയാൾക്കായിരിക്കും (Buyer) ലാഭം.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾ ലഘൂകരിക്കാൻ വെതർ ഡെറിവേറ്റീവ്സ് സംവിധാനം സഹായകരമാകും എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ:
കർഷകരും എഫ്.പി.ഒകളും (Farmers Producer Organisations): വിള നാശത്തിലൂടെയുള്ള സാമ്പത്തിക നഷ്ടം പരിമിതമാക്കാൻ സാധിക്കുന്നു.
ബാങ്കുകളും എൻ.ബി.എഫ്.സികളും: കാർഷിക വായ്പകളിലെ നിഷ്ക്രിയ ആസ്തികൾ (NPA) വർധിക്കുന്നത് തടയാൻ ബാങ്കിംഗ് മേഖലയ്ക്ക് ഇതൊരു അധിക സുരക്ഷാ മാർഗ്ഗമാണ്.
ഊർജ്ജ വിതരണ കമ്പനികൾ: മുംബൈയിലെ ജലവൈദ്യുത ഉത്പാദനത്തിന്റെ 40-50 ശതമാനവും മഴയെ ആശ്രയിച്ചിരിക്കുന്നതിനാൽ, ഊർജ്ജ കമ്പനികൾക്ക് വരുമാന നഷ്ടം ഒഴിവാക്കാൻ ഉപകരിക്കപ്പെടാം.
ലോജിസ്റ്റിക്സ്, ഗതാഗത മേഖല: കനത്ത മഴ മൂലമുണ്ടാകുന്ന വെള്ളപ്പൊക്കവും ചരക്കുനീക്ക തടസ്സങ്ങളും വഴിയുള്ള വരുമാന നഷ്ടം നികത്താൻ ഈ കരാറുകൾ ലോജിസ്റ്റിക്സ് മേഖലയിലെ കമ്പനികൾക്കും പ്രയോജനപ്പെടുത്താം.
കാലാവസ്ഥാ വ്യതിയാനം മൂലമുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം ഫിനാൻഷ്യൽ പ്രോഡക്ടുകൾക്ക് വലിയ തോതിലുള്ള പ്രസക്തിയുണ്ട്. മുംബൈയിൽ 2005, 2017, 2021 വർഷങ്ങളിലുണ്ടായ കനത്ത മഴ വലിയ സാമ്പത്തിക നഷ്ടം വരുത്തിവച്ചിരുന്നു. 2022, 2023 വർഷങ്ങളിൽ രാജ്യത്ത് മൺസൂൺ വൈകിയത്, ഖാരിഫ് വിളവെടുപ്പിനെ ബാധിക്കുകയും കാർഷിക മേഖലയിലെ വായ്പകളിൽ നിഷ്ക്രിയ ആസ്തി (എൻ.പി.എ) സമ്മർദ്ദം വർധിപ്പിക്കുകയും ചെയ്തിരുന്നു.
ഈയൊരു പശ്ചാത്തലത്തിൽ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടുള്ള നോർത്ത്—ഈസ്റ്റ് മൺസൂൺ (North-East Monsoon) റെയിൻഫോൾ ഡെറിവേറ്റീവ്സ് കോൺട്രാക്ടുകളും, ഉത്തരേന്ത്യയിലെ കടുത്ത വേനലിനെ ആസ്പദമാക്കി ഹീറ്റ് ഇൻഡക്സ് (Heat Index) ഡെറിവേറ്റീവ്സ് കോൺട്രാക്ടുകളും കൂടി ഭാവിയിൽ അവതരിപ്പിക്കാൻ എൻ.സി.ഡി.ഇ.എക്സ് ലക്ഷ്യമിടുന്നുണ്ട്.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഡെറിവേറ്റീവ് ട്രേഡിംഗ് ഉയർന്ന ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ വെതർ ഡെറിവേറ്റീവ്സിനെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ മാർഗനിർദേശം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine