യൂറോ ഇടിയുമ്പോള്‍ ചിരിക്കുന്ന റിലയന്‍സും മറ്റ് ഇന്ത്യന്‍ കമ്പനികളും, കാരണമിതാണ്

20 വര്‍ഷത്തിനിടെ ആദ്യമായി യുറോയുടെ വില ഇന്നലെ ഒരു ഡോളറിനും താഴേക്ക് ഇടിഞ്ഞിരുന്നു. യുറോയുടെ മൂല്യം ഇടിയുമ്പോള്‍ നേട്ടമുണ്ടാക്കുന്ന ഇന്ത്യന്‍ കമ്പനികളും ഉണ്ട്. യുറോയില്‍ (euro -denominated debt) പണം സമാഹരിച്ചിട്ടുള്ള കമ്പനികള്‍ക്കാണ് ഈ സാഹചര്യം ഗുണം ചെയ്യുക. കടം വീട്ടാനായി യൂറോ വാങ്ങുമ്പോള്‍ നേരത്തേ നല്‍കേണ്ടിയിരുന്ന അത്രയും ഡോളര്‍ ഇനി ചെലവാകില്ല എന്നതാണ് കാരണം.

ഈ വര്‍ഷം ജനുവരി മുതല്‍ യുറോയുടെ മൂല്യത്തില്‍ 12 ശതമാനം ഇടിവാണ് ഉണ്ടായത്. 2022 ജനുവരിയില്‍ ഒരു യുറോ ലാഭിക്കാന്‍ 1.13 ഡോളര്‍ നല്‍കണമായിരുന്നു. എന്നാല്‍ ഇന്ന് ഒരു ഡോളറിനും താഴെ മാത്രം നല്‍കിയാല്‍ മതി. ഇന്നലെ യുറോയുടെ വില 0.98 ഡോളര്‍ എന്ന നിലയിലേക്ക് എത്തിയിരുന്നു.

സാധാരണ രീതിയില്‍ ഇന്ത്യന്‍ കമ്പനികള്‍ ഫണ്ട് കണ്ടെത്തുന്നത് യുഎസ് വിപണിയില്‍ നിന്നാണ്. എന്നാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് അടക്കമുള്ളവ യുറോ ബോണ്ടുകളും ഇറക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ 300 മില്യണ്‍ യൂറോയാണ് സമാഹരിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് രണ്ട് ഘട്ടങ്ങളിലായി 560 മില്യണ്‍ യൂറോയും കണ്ടെത്തിയിരുന്നു. എന്‍ടിപിസിയാണ് യൂറോയില്‍ (500 മില്യണ്‍ യൂറോ) കടമെടുത്ത മറ്റൊരു പ്രമുഖ കമ്പനി.

യൂറോയിലുള്ള കടം വാങ്ങള്‍ ഇന്ത്യന്‍ കമ്പനികളുടെ യൂറോപ്യന്‍ നിക്ഷേപകരുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു. 2021ല്‍ ഇന്ത്യന്‍ കമ്പനികള്‍ ഹരിത കടപ്പത്രത്തിലൂടെ 2021ല്‍ 9.7 ബില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. അതില്‍ 3 ബില്യണ്‍ ഡോളറിലാണ്. അതേ സമയം യുറോയ്ക്ക് സമാനമായി ഡോളറിനെതിരെ ഇന്ത്യന്‍ രൂപയും ഇടിയുന്നതിനാല്‍ കമ്പനികള്‍ക്ക് വലിയ നേട്ടമുണ്ടായേക്കില്ല എന്ന വിലയിരുത്തലും ഉണ്ട്. ഈ വര്‍ഷം ഡോളറിനെതിരെ യൂറോ 12 ശതമാനം ഇടിഞ്ഞപ്പോള്‍ രൂപയുടെ മൂല്യത്തകര്‍ച്ച 7 ശതമാനം മാത്രമാണ്.

യൂറോ ഇനിയും ഇടിയുമോ ?

നിലവിലെ സാഹചര്യത്തില്‍ യൂറോയുടെ മൂല്യം 0.95 ഡോളറിലേക്ക് യൂറോയുടെ മൂല്യം ഇടിയുമെന്നാണ് വിലയിരുത്തല്‍. 1999ല്‍ ആണ് യുറോ അവതരിപ്പിക്കപ്പെടുന്നത്. 1999നും -2002നും ഇടയില്‍ മാത്രമാണ് ഇതിന് മുമ്പ് യൂറോയുടെ മൂല്യം ഒരു ഡോളറിനും താഴെ എത്തിയത്. 2000 ഒക്ടോബറില്‍ 0.82 ഡോളറിലേക്ക് യൂറോയുടെ മൂല്യം ഇടിഞ്ഞിരുന്നു. കറന്‍സിയെ പിടിച്ചു നിര്‍ത്താന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. പലിശ നിരക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it