

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ആലസ്യത്തില്‍ നിന്ന് തിരിച്ചുവരവിന്റെ സൂചനകള്‍ നല്കിയതോടെ ഓഹരി വിപണിയും തിരിച്ചുകയറ്റത്തിന്റെ പാതയിലാണ്. വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ പല കമ്പനികളും പ്രാഥമിക ഓഹരി വില്പനയ്ക്ക് തയാറെടുത്തിരുന്നെങ്കിലും പിന്നീട് മാറ്റിവയ്ക്കപ്പെട്ടു. വിപണിയിലെ കാലാവസ്ഥ അനുകൂലമല്ലാത്തതായിരുന്നു കാരണം.
ആദ്യ മാസങ്ങളില്‍ മാറ്റിവച്ച ഐപിഒകള്‍ പലതും ഈ മാസങ്ങളിലാണ് വന്നത്. ഐപിഒകള്‍ വഴി ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച മാസമായി ഈ ഒക്ടോബര്‍ മാറിയിരിക്കുകയാണ്. ഇൗ മാസം 14 ഐപിഒകളിലായി 46,000 കോടി രൂപയാണ് കമ്പനികള്‍ സമാഹരിച്ചത്.
രണ്ട് മെഗാ ഐപിഒകളാണ് റെക്കോഡിലേക്ക് എത്താന്‍ സഹായിച്ചത്. ടാറ്റ ക്യാപിറ്റല്‍സിന്റെ ഐപിഒ 15,512 കോടി രൂപയുടേതായിരുന്നു. എല്‍ജി ഇലക്‌ട്രോണിക്‌സ് ഇന്ത്യ സമാഹരിച്ചത് 11,607 കോടി രൂപയും. ഈ രണ്ട് പ്രധാന ഐപിഒകള്‍ മൊത്തം സമാഹരണത്തിന്റെ പകുതിയിലധികം സംഭാവന ചെയ്തു. ഇന്ന് (ഒക്ടോബര്‍ 31) ലെന്‍സ്‌കാര്‍ട്ട് സെല്യൂഷന്‍സ് ഐപിഒ കൂടി എത്തുന്നുണ്ട്. 7,278 കോടി രൂപയുടേതാണ് ഇത്.
വിവര്‍ക്ക് ഇന്ത്യ (WeWork India), കാനറ എച്ച്എസ്ബിസി ലൈഫ് ഇന്‍ഷുറന്‍സ് (Canara HSBC Life Insurance), ഓര്‍ക്ക്‌ല ഇന്ത്യ (Orkla India), റൂബികോണ്‍ റിസര്‍ച്ച് (Rubicon Research) എന്നീ ഐപിഒകളും ഈ മാസം വന്നിരുന്നു.
2024 ഒക്ടോബറിലെ റെക്കോഡാണ് ഈ മാസം മറികടന്നത്. കഴിഞ്ഞ വര്‍ഷം 6 ഐപിഒകള്‍ ചേര്‍ന്ന് 38,690 കോടി രൂപ സമാഹരിച്ചിരുന്നു. ഏറ്റവും കൂടുതല്‍ തുക സമാഹരിച്ചതില്‍ മൂന്നാംസ്ഥാനത്തുള്ളത് 2021 നവംബര്‍ മാസമാണ്. അന്ന് 9 ഐപിഒകളില്‍ നിന്നായി 35,665 കോടി രൂപയാണ് സമാഹരിച്ചത്. 8 ഐപിഒകളില്‍ നിന്നായി 31,145 കോടി രൂപ സമാഹരിച്ച 2024 നവംബറാണ് നാലാംസ്ഥാനത്ത്. 2022 മെയ് മാസം 8 ഐപിഒകളില്‍ നിന്നായി 29,510 കോടി രൂപ കളക്ട് ചെയ്തു.
ഈ വര്‍ഷം ഐപിഒകളുടെ പൂക്കാലമാണ്. 2025ല്‍ ഇതുവരെ 89 ഐപിഒകളാണ് നടന്നത്. ആകെ സമാഹരിച്ചത് 1.38 ലക്ഷം കോടി രൂപയാണ്. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് അകലം പാലിച്ച സമയത്താണ് ഇതെന്നത് ശ്രദ്ധേയമാണ്. 2024ല്‍ ഐപിഒ വഴി 1.6 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്. ഈ റെക്കോഡ് മറികടക്കുമെന്നാണ് പ്രതീക്ഷ.
Read DhanamOnline in English
Subscribe to Dhanam Magazine