

2025ല്‍ സ്വര്‍ണ നിക്ഷേപ രംഗത്ത് ഇന്ത്യക്ക് ശക്തമായ മുന്നേറ്റം. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ (WGC) പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ട് പ്രകാരം, ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കുള്ള (ETF) നിക്ഷേപങ്ങളില്‍ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്ത്. അമേരിക്കയും ചൈനയും മാത്രമാണ് ഇന്ത്യയ്ക്കു മുന്നില്‍.
ഒരു വര്‍ഷം കൊണ്ട് 4.37 ബില്യണ്‍ ഡോളറാണ് (ശരാശരി 40,000 കോടി രൂപ) ഇന്ത്യന്‍ ഗോള്‍ഡ് ETFകളിലേക്ക് ഒഴുകിയത്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍, രാജ്യങ്ങള്‍ക്കടിയിലെ സംഘര്‍ഷങ്ങള്‍, കറന്‍സി മൂല്യമാറ്റം എന്നിവയുടെ പശ്ചാത്തലത്തില്‍ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കാണുന്ന സമീപനം ശക്തമായതിന്റെ തെളിവാണിതെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
നിപ്പോണ്‍ ഇന്ത്യ ഇടിഎഫ് ഗോള്‍ഡ് ബീസ് (Nippon India ETF Gold BeES) ശ്രദ്ധേയ നേട്ടം കൈവരിച്ചു. 2025ല്‍ 1.17 ബില്യണ്‍ ഡോളറാണ് ഈ ഫണ്ടിലേക്ക് എത്തിയത്. ലോകത്തെ മുന്തിയ 15 ഗോള്‍ഡ് ETFകളില്‍ ഇടം നേടി. ഗ്ലോബല്‍ പട്ടികയില്‍ ഇടം നേടുന്ന ഇന്ത്യയിലെ ഏക ഗോള്‍ഡ് ETF എന്ന നിലയിലും ഗോള്‍ഡ് ബീസ് ശ്രദ്ധേയമാണ്.
ആഗോളതലത്തില്‍ 2025ല്‍ 88.5 ബില്യണ്‍ ഡോളറാണ് ഗോള്‍ഡ് ETFകളിലേക്ക് എത്തിയത്. നാണയപ്പെരുപ്പ ഭീഷണി, പലിശ നിരക്കിലെ അനിശ്ചിതത്വം, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവ നിക്ഷേപകരെ വീണ്ടും സ്വര്‍ണത്തിലേക്ക് ആകര്‍ഷിച്ചുവെന്നാണ് ഗോള്‍ഡ് കൗണ്‍സിലിന്റെ വിലയിരുത്തല്‍.
ഭൗതിക സ്വര്‍ണത്തിന് പകരം വ്യക്തതയും ലിക്വിഡിറ്റിയും നല്‍കുന്ന ഗോള്‍ഡ് ETFകളിലേക്കുള്ള ഇന്ത്യക്കാരുടെ വര്‍ധിച്ച താത്പര്യം, രാജ്യത്തിന്റെ നിക്ഷേപ രീതികളില്‍ സംഭവിക്കുന്ന വലിയ മാറ്റത്തിന്റെ സൂചനയാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine