ഓഹരി വിപണിയില്‍ തിരിച്ചിറക്കം, പക്ഷേ അദാനി ഗ്രൂപ്പ് ഓഹരികള്‍ പറപറക്കുന്നു! കാരണമിതാണ്!

ഓഹരികള്‍ ഈടുവച്ചെടുത്ത വായ്പകളുടെ പലിശയടക്കം അദാനി ഗ്രൂപ്പ് തിരിച്ചടച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ വായ്പത്തട്ടിപ്പിന്റെ ഗണത്തില്‍ പെടുത്താന്‍ സാധിക്കില്ലെന്നും സെബി പറയുന്നു
gautam adani
Photo : Gautam Adani / Instagram
Published on

ഓഹരി വിപണി ഇന്ന് (സെപ്റ്റംബര്‍ 19, വെള്ളി) രാവിലെ മുതല്‍ വില്പന സമ്മര്‍ദത്തിലാണെങ്കിലും അദാനി ഓഹരികള്‍ ഗംഭീര കുതിപ്പാണ് നടത്തുന്നത്. അദാനി ഗ്രൂപ്പിനെ വിടാതെ പിന്തുടര്‍ന്ന ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) കണ്ടെത്തലാണ് ഓഹരികള്‍ക്ക് നേട്ടമായത്.

അദാനി ഗ്രൂപ്പ് കൃത്രിമമായി ഓഹരി വില പെരുപ്പിച്ച് കാട്ടിയെന്നും ഇത്തരത്തില്‍ സ്വന്തമാക്കിയ ഓഹരികള്‍ ഈടാക്കി വായ്പയെടുത്തെന്നും കടലാസ് കമ്പനികളിലേക്ക് പണം തിരിമറി നടത്തിയെന്നും അടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ 2023 ജനുവരിയിലാണ് ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ടത്. റിപ്പോര്‍ട്ട് രാജ്യത്ത് സാമ്പത്തികവും രാഷ്ട്രീയവുമായ വന്‍ ചലനങ്ങള്‍ക്ക് വഴിവച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം വിഷയം ഏറ്റെടുത്തിരുന്നു.

ഈ വിഷയത്തില്‍ സെബി അന്വേഷണം നടത്തിയിരുന്നു. ഓഹരികളില്‍ കൃത്രിമത്വം നടത്തിയെന്ന ഹിന്‍ഡെന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതകള്‍ക്ക് വിരുദ്ധമാണെന്നാണ് സെബി അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതോടെയാണ് അദാനി ഗ്രൂപ്പ് ഓഹരികള്‍ കുതിച്ചത്.

ഓഹരികള്‍ക്ക് ശരവേഗം

രാവിലെ വ്യാപാരം ആരംഭിച്ചതു മുതല്‍ അദാനി ഓഹരികളില്‍ മുന്നേറ്റം ദൃശ്യമാണ്. അദാനി ടോട്ടല്‍ ഗ്യാസ് ഓഹരികള്‍ ഒരുഘട്ടത്തില്‍ 12 ശതമാനത്തിലധികം കുതിപ്പാണ് നടത്തിയത്. അദാനി പവര്‍ 7 ശതമാനത്തിലധികം രാവിലെ നേട്ടമുണ്ടാക്കി. അദാനി എന്റര്‍പ്രൈസസ് 4 ശതമാനം. അദാനി പോര്‍ട്‌സ് 2 ശതമാനം, അദാനി ഗ്രീന്‍ 3 ശതമാനം, അദാനി എനര്‍ജി 3 ശതമാനം എന്നിങ്ങനെ പോകുന്നു കുതിപ്പ്.

ഹിന്‍ഡെന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ പറ്റിയ യാതൊരു തെളിവുകളും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് സെബി പറയുന്നു. ഹിന്‍ഡെര്‍ബര്‍ഗ് ആരോപണത്തിന്റെ പുകമറയില്‍ നിന്ന് പുറത്തു കടക്കാന്‍ സാധിച്ചത് അദാനി ഗ്രൂപ്പിനും ചെയര്‍മാന്‍ ഗൗതം അദാനിക്കും ആശ്വാസം പകരുന്നതാണ്.

അദാനിക്ക് ആശ്വാസം

ആരോപണ നിഴലിലായിരുന്ന ഗൗതം അദാനി, രാജേഷ് അദാനി, ഗ്രൂപ്പ് കമ്പനികളായ അദാനി പോര്‍ട്‌സ്, അദാനി പവര്‍ എന്നിവയ്ക്കുമേല്‍ പിഴയോ മറ്റ് യാതൊരു നടപടികളോ സ്വീകരിക്കില്ലെന്ന് സെബി വ്യക്തമാക്കിയിട്ടുണ്ട്.

വിദേശ കമ്പനികളുമായി നടത്തിയ ഇടപാടുകളില്‍ നിയമവിരുദ്ധമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഓഹരികള്‍ ഈടുവച്ചെടുത്ത വായ്പകളുടെ പലിശയടക്കം അദാനി ഗ്രൂപ്പ് തിരിച്ചടച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ വായ്പത്തട്ടിപ്പിന്റെ ഗണത്തില്‍ പെടുത്താന്‍ സാധിക്കില്ലെന്നും സെബി പറയുന്നു.

ഗൂഢലക്ഷ്യത്തോടെ അദാനി ഗ്രൂപ്പിനെതിരേ ആരോപണങ്ങള്‍ തൊടുത്തുവിട്ട ഹിന്‍ഡെന്‍ബര്‍ഗ് ഇന്ത്യയിലെ ജനങ്ങളോട് മാപ്പുപറയണമെന്ന ആവശ്യവുമായി ചെയര്‍മാന്‍ ഗൗതം അദാനം രംഗത്തുവന്നിട്ടുണ്ട്. എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

ഹിന്‍ഡെന്‍ബര്‍ഗ് ആരോപണങ്ങള്‍ കത്തിനില്‍ക്കുന്ന സമയത്ത് അദാനി കമ്പനികളുടെ മൂല്യത്തില്‍ 2.85 ലക്ഷം കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അദാനി കമ്പനികള്‍ വിപണിയില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. മൂന്നു ലക്ഷം കോടി വിപണി മൂല്യമുള്ള അദാനി എന്റര്‍പ്രൈസസിന്റെ 2024-25 സാമ്പത്തികവര്‍ഷത്തെ വരുമാനം 97,895 കോടി രൂപയാണ്. തിരുവനന്തപുരം എയര്‍പോര്‍ട്ട്, വിഴിഞ്ഞം തുറമുഖം, കളമശേരിയില്‍ ലോജിസ്റ്റിക് പാര്‍ക്ക് എന്നിവിടങ്ങളിലെല്ലാം അദാനി ഗ്രൂപ്പിന് നിക്ഷേപമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com