

ആഗോള വിപണി മൂലധന (Market Cap) റാങ്കിംഗിൽ ഇന്ത്യയെ പിന്തള്ളി ദക്ഷിണ കൊറിയ ആറാം സ്ഥാനത്തെത്തി. കഴിഞ്ഞ ആഴ്ചയില്‍ തായ്‌വാൻ ഇന്ത്യയെ മറികടന്നതിന് പിന്നാലെയാണ് ഇപ്പോൾ ദക്ഷിണ കൊറിയയും ഇന്ത്യയെ പിന്തള്ളിയിരിക്കുന്നത്. നിലവില്‍ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഇന്ത്യ. ദക്ഷിണ കൊറിയയുടെ വിപണി മൂലധനം 5.04 ട്രില്യൺ ഡോളറാണ്. ഇന്ത്യയുടെ മൂല്യം 4.84 ട്രില്യൺ ഡോളറായി കുറഞ്ഞു. നിലവിൽ 5.15 ട്രില്യൺ ഡോളറുമായി തായ്‌വാൻ അഞ്ചാം സ്ഥാനത്താണ്.
ദക്ഷിണ കൊറിയയുടെയും തായ്‌വാന്റെയും ഈ മുന്നേറ്റത്തിന് പ്രധാന കാരണം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), സെമികണ്ടക്ടർ മേഖലകളിലുണ്ടായ വൻ വളർച്ചയാണ്. സാംസങ്, എസ്കെ ഹൈനിക്സ് (SK Hynix) തുടങ്ങിയ കമ്പനികൾ എഐ ഡാറ്റാ സെന്ററുകൾക്കാവശ്യമായ ചിപ്പുകളുടെ നിർമ്മാണത്തിലൂടെ വൻ ലാഭമാണ് കൊയ്യുന്നത്. ദക്ഷിണ കൊറിയയുടെ പ്രധാന ഓഹരി സൂചികയായ 'കോസ്പി' (KOSPI) 2026 ൽ ഇതുവരെ 110 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തി.
മറുവശത്ത്, ഇന്ത്യൻ വിപണി കനത്ത തിരിച്ചടിയാണ് നേരിടുന്നത്. 2026 ൽ ഇതുവരെ സെൻസെക്സ് 12 ശതമാനവും നിഫ്റ്റി 15 ശതമാനവും ഇടിഞ്ഞു. ഉയർന്ന ഓഹരി മൂല്യങ്ങൾ (Stretched valuations), കുറഞ്ഞ കമ്പനി ലാഭം, വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിക്കുന്നത് എന്നിവയാണ് തിരിച്ചടിക്ക് കാരണമായത്.
കൂടാതെ, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ മൂലം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലെത്തിയത് ഇന്ത്യയുടെ വ്യാപാര മേഖലയെയും പണപ്പെരുപ്പത്തെയും ദോഷകരമായി ബാധിച്ചു. എഐ മേഖലയുമായി ബന്ധപ്പെട്ട ഓഹരികളുടെ അഭാവവും രൂപയുടെ മൂല്യത്തകർച്ചയും ഇന്ത്യക്ക് തിരിച്ചടിയായി. കാലാവസ്ഥാ വകുപ്പിന്റെ കുറഞ്ഞ മൺസൂൺ പ്രവചനവും വരും മാസങ്ങളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്.
പട്ടികയിൽ ഇന്ത്യക്ക് മുന്നിലുള്ള രാജ്യങ്ങൾ:
യുണൈറ്റഡ് സ്റ്റേറ്റ്സ് (USA)
ചൈന
ജപ്പാൻ
ഹോങ്കോംഗ്
തായ്‌വാൻ
ദക്ഷിണ കൊറിയ
Read DhanamOnline in English
Subscribe to Dhanam Magazine