
ദിവസം മുഴുവന്‍ ചാഞ്ചാടിക്കളിച്ച ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരാന്ത്യം വീഴാതെ പിടിച്ചുനിന്നു. പെഗല്‍ഗാമിലെ ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ പ്രത്യാക്രമണമുണ്ടാകുമെന്ന അഭ്യൂഹങ്ങളും ഉടന്‍ പുറത്തുവരാനിരിക്കുന്ന യു.എസ് ഇക്കണോമിക് ഡേറ്റയും നിക്ഷേപകരെ സ്വാധീനിച്ചെന്നാണ് വിലയിരുത്തല്‍. ഇതിനിടയിലും ഓഹരികള്‍ വാങ്ങിക്കൂട്ടിയ വിദേശനിക്ഷേപകരാണ് വിപണിയെ ചുവപ്പില്‍ വീഴാതെ രക്ഷിച്ചത്. ചില ഹെവിവെയ്റ്റ് ഓഹരികളിലെ ലാഭമെടുപ്പും വിപണിയില്‍ പ്രകടമായിരുന്നു.
മുഖ്യഓഹരി സൂചികയായ സെന്‍സെക്‌സ് 70.01 പോയിന്റുകള്‍ (0.09 ശതമാനം) ഉയര്‍ന്ന് 80,288.38 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. t നിഫ്റ്റിയാകട്ടെ 7.45 പോയിന്റുകള്‍ (0.031 ശതമാനം) നേട്ടത്തില്‍ 24,335.95 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി മിഡ്ക്യാപ് 0.27 ശതമാനവും സ്‌മോള്‍ക്യാപ് 0.37 ശതമാനവും നേട്ടത്തിലായി.
വിവിധ സെക്ടറുകളുടെ പ്രകടനം പരിശോധിച്ചാല്‍ നിഫ്റ്റി ഐ.ടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നീ സൂചികകള്‍ ഒഴിച്ചുള്ളതെല്ലാം നഷ്ടത്തിലായി. ടി.സി.എസ്, ഇന്‍ഫോസിസ്, എച്ച്.സി.എല്‍ ടെക്, ടെക് മഹീന്ദ്ര തുടങ്ങിയ ഏതാണ്ടെല്ലാ ഐ.ടി കമ്പനികളുടെ ഓഹരികളിലും വാങ്ങല്‍ ശക്തമായതാണ് ഐ.ടി സൂചികക്ക് കരുത്തായത്. പ്രധാന ഐ.ടി കമ്പനികളുടെ നാലാം പാദ ഫലങ്ങള്‍ മികച്ചതാകുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ മൂന്ന് ആഴ്ചയായി സൂചിക നേട്ടത്തിലാണ്. 1.06 ശതമാനം ഇടിഞ്ഞ നിഫ്റ്റി ഫാര്‍മ സൂചികയാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയത്.
ചില ഹെവിവെയ്റ്റ് ഓഹരികളിലെ ലാഭമെടുപ്പ്, പുതിയ സംഭവികാസങ്ങള്‍ ഉണ്ടാകാത്തത്, സമ്മിശ്ര ആഗോള സൂചനകള്‍, അതിര്‍ത്തി പ്രശ്‌നങ്ങള്‍ എന്നിവയാണ് ഇന്ന് വിപണിയെ സ്വാധീനിച്ചത്. പ്രധാന വ്യാപാര പങ്കാളികളുമായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത് താരിഫ് യുദ്ധം അയയുമെന്ന സൂചന നല്‍കി. വാഹന മേഖലയിലെ താരിഫ് ആഘാതം കുറയുമെന്നും യു.എസ് അധികൃതര്‍ പറയുന്നു. എന്നാല്‍ ഇന്ത്യക്കും പാകിസ്ഥാനും ഇടയില്‍ ഉടലെടുത്ത പ്രശ്‌നങ്ങളിലും ഉടന്‍ പുറത്തുവരാനിരിക്കുന്ന കമ്പനികളുടെ നാലാം പാദ ഫലത്തിലുമാണ് വിപണിയുടെ ഇപ്പോഴത്തെ ആശങ്ക. പെഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ പ്രത്യാക്രമണം എങ്ങനെയായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് തിരിച്ചെത്തിയ വിദേശനിക്ഷേപകര്‍ കഴിഞ്ഞ ഒമ്പത് ദിവസത്തില്‍ വിപണിയിലേക്ക് ഒഴുക്കിയത് 35,000 കോടി രൂപയാണെന്ന് കണക്കുകള്‍. ആഗോള വ്യാപാര സൂചനകള്‍ നെഗറ്റീവാണെങ്കിലും ഇന്ത്യന്‍ വിപണി മികച്ച നിലയിലാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അടുത്ത വര്‍ഷത്തോടെ നിഫ്റ്റി 26,000 പോയിന്റ് കടക്കുമെന്നാണ് ബ്രോക്കറേജുകളുടെ പ്രവചനം. ഇതാണ് വിദേശനിക്ഷേപകരുടെ മനസ് മാറ്റിയതെന്നാണ് കരുതുന്നത്.
അതിര്‍ത്തിയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് രണ്ട് ദിവസമായി പ്രതിരോധ രംഗത്തെ കമ്പനികളുടെ ഓഹരികള്‍ മികച്ച നിലയിലാണ് വ്യാപാരം ചെയ്യുന്നത്. ഇതിന്റെ ചുവട് പിടിച്ച് ഇന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 9.88 ശതമാനം ഉയര്‍ന്ന് ഓഹരിയൊന്നിന് 1,502.10 രൂപക്കാണ് വ്യാപാരം അവസാനിപ്പിച്ചത്. കപ്പല്‍ നിര്‍മാണ രംഗത്തെ മറ്റൊരു കമ്പനിയായ മസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്‌സും ഇന്ന് 8.71 ശതമാനം നേട്ടമുണ്ടാക്കി ലാഭക്കണക്കില്‍ രണ്ടാമതെത്തി. നാലാം പാദ ഫലങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ സുഡിയോ, വെസ്റ്റ് സൈഡ് എന്നീ ബ്രാന്‍ഡുകളുടെ മാതൃകമ്പനിയായ ട്രെന്റ് ലിമിറ്റഡ് ഓഹരികളും മികച്ച നേട്ടമുണ്ടാക്കി. പ്രതീക്ഷിച്ചതിനേക്കാളും ഉയര്‍ന്ന ലാഭം നേടാനായതാണ് ടാറ്റ ഗ്രൂപ്പ് കമ്പനിക്ക് ഗുണമായത്. വാഹന ഘടകങ്ങളെ തീരുവയില്‍ നിന്നും ഒഴിവാക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സോണല്‍ ബി.എല്‍.ഡബ്ല്യൂ കമ്പനിയുടെ ഓഹരികളെ നേട്ടത്തിലാക്കിയത്. സ്റ്റീല്‍ നിര്‍മാണ രംഗത്തെ പ്രമുഖ കമ്പനിയായ ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റിന്റെ ഓഹരികളും ഇന്ന് ലാഭക്കണക്കില്‍ മുന്നിലെത്തി.
1,094 കോടി രൂപ മൂല്യമുള്ള ഓഹരികള്‍ ടി.പി.ജി റൈസ് ക്ലൈമറ്റ് എസ്.എഫ് പ്രൈവറ്റ് ലിമിറ്റഡ് വിറ്റെന്ന വാര്‍ത്തകളാണ് ഇന്ന് ടാറ്റ ടെക്‌നോളജീസിന്റെ ഓഹരി വില ഇടിച്ചത്. 6.11 ശതമാനം വിലയിടിഞ്ഞ ഓഹരി 662.50 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മികച്ച നാലാം പാദ ഫലങ്ങള്‍ പുറത്തുവിട്ടിട്ടും ടി.വി.എസ് മോട്ടോര്‍ കമ്പനിയുടെ ഓഹരിയും ഇന്ന് കനത്ത നഷ്ടം നേരിട്ടു. നിക്ഷേപകര്‍ ലാഭമെടുക്കല്‍ വര്‍ധിപ്പിച്ചതാണ് ഓഹരിക്ക് വിനയായത്. ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ്, അരബിന്ദോ ഫാര്‍മ (Aurobindo Pharma), വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികളുടെ ഓഹരികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ന് കേരള കമ്പനികളില്‍ ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനിയാണ്. 10.96 ശതമാനം ഉയര്‍ന്ന് ഓഹരിയൊന്നിന് 282 രൂപക്കാണ് വ്യാപാരം അവസാനിപ്പിച്ചത്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, പോപ്പുലര്‍ വെഹിക്കിള്‍ ആന്‍ഡ് സര്‍വീസസ്, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ് തുടങ്ങിയ കമ്പനികളുടെ ഓഹരികളും ഇന്ന് മികച്ച നേട്ടമുണ്ടാക്കി.
കേരള കമ്പനികളില്‍ ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് സ്‌കൂബീ ഡേ ഗാര്‍മെന്റ്‌സിനാണ്. 4.41 ശതമാനം നഷ്ടത്തില്‍ ഓഹരിയൊന്നിന് 90 രൂപയെന്ന നിലയിയാണ് കിറ്റെക്‌സിന്റെ വ്യാപാരം അവസാനിച്ചത്. സെല്ല സ്‌പേസ്, കിംഗ്‌സ് ഇന്‍ഫ്ര, സി.എസ്.ബി ബാങ്ക്, പോപ്പീസ് കെയര്‍ എന്നീ കമ്പനികളുടെ ഓഹരികളും ഇന്ന് നഷ്ടത്തിലായിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine