വിദേശനിക്ഷേപം വാരിക്കൂട്ടി ഇന്ത്യ; ചൈനയും ജപ്പാനുമടക്കം മറ്റ് ഏഷ്യന്‍ വമ്പന്മാര്‍ ബഹുദൂരം പിന്നില്‍

വിദേശ നിക്ഷേപം വാങ്ങിക്കൂട്ടുന്നതില്‍ ഈ മാസം (March) മറ്റ് ഏഷ്യന്‍ രാജ്യങ്ങളെയെല്ലാം കടത്തിവെട്ടി ഇന്ത്യയുടെ തിളക്കം. വിദേശ ധനകാര്യസ്ഥാപനങ്ങള്‍ (FII) 363 കോടി ഡോളറാണ് (ഏകദേശം 30,250 കോടി രൂപ/ രൂപയ്ക്ക് 83.3 എന്ന മൂല്യപ്രകാരം) മാര്‍ച്ചില്‍ ഇതുവരെ ഇന്ത്യയില്‍ നിക്ഷേപിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
290 കോടി ഡോളര്‍ നേടി ദക്ഷിണ കൊറിയയാണ് രണ്ടാമതുള്ളത്. തായ്‌വാന്‍ 114.2 കോടി ഡോളറും ഇന്‍ഡോനേഷ്യ 58.44 കോടി ഡോളറും നേടി. മറ്റ് പ്രമുഖ ഏഷ്യന്‍ രാജ്യങ്ങളൊക്കെ കുറിച്ചത് വിദേശ നിക്ഷേപ നഷ്ടമാണ്.
നിരാശരായി ജപ്പാനും തായ്‌ലന്‍ഡും
പ്രമുഖ ഏഷ്യന്‍ രാജ്യങ്ങളില്‍ ജപ്പാന്‍ ഈ മാസം ഇതിനകം 535.4 കോടി ഡോളറിന്റെ വിദേശ നിക്ഷേപ നഷ്ടം നേരിട്ടു. തായ്‌ലന്‍ഡില്‍ നിന്ന് എഫ്.ഐ.ഐകള്‍ 113.2 കോടി ഡോളര്‍ പിന്‍വലിച്ചു. മലേഷ്യക്ക് നഷ്ടമായത് 51.3 കോടി ഡോളര്‍. വിയറ്റ്‌നാം 19.7 കോടി ഡോളറും ഫിലിപ്പൈന്‍സ് 4 കോടി ഡോളറും ശ്രീലങ്ക 1.42 കോടി ഡോളറും നഷ്ടം നേരിട്ടു.
ബ്ലോക്ക് ഡീലുകളും സൂചികകളില്‍ ഓഹരികളുടെ പുനഃക്രമീകരണവും വഴി മികച്ചതോതില്‍ ഈമാസം ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം ഒഴുകിയത് നേട്ടമായെന്ന് വിലയിരുത്തപ്പെടുന്നു. മിഡ്, സ്‌മോള്‍ക്യാപ്പ് ഉള്‍പ്പെടെ നിരവധി ഓഹരികളുടെ വില കുറഞ്ഞുനിന്നതും വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിച്ചു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it