

ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന് (LIC Ipo) പിന്നാലെ ഓഹരി വിപണിയിലേക്കുള്ള രംഗപ്രവേശനത്തിനൊരുങ്ങി സ്വകാര്യ ഇന്ത്യാഫസ്റ്റ് ലൈഫ് ഇന്‍ഷുറന്‍സും. ബാങ്ക് ഓഫ് ബറോഡ പ്രമോട്ട് ചെയ്യുന്ന ഇന്ത്യാഫസ്റ്റ് ലൈഫ് ഇന്‍ഷുറന്‍സിന്റെ (IndiaFirst Life Insurance Company) പ്രാഥമിക ഓഹരി വില്‍പ്പന ഈ വര്‍ഷവസാനത്തോടെയുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഐപിഒയ്ക്ക് (IPO) മുന്നോടിയായി ബാങ്കര്‍മാരെ ഇന്‍ഷുറന്‍സ് കമ്പനി നിയമിച്ചിട്ടുണ്ട്. ഐസിഐസിഐ സെക്യൂരിറ്റീസാണ് പ്രധാന ബാങ്കര്‍. കൂടാതെ, ആക്‌സിസ് സെക്യൂരിറ്റീസ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ്, ബിഎന്‍പി പരിബാസ് സെക്യൂരിറ്റീസ് എന്നിവയെയും ഇഷ്യുവിന്റെ ബാങ്കര്‍മാരായി നിയമിച്ചതായി കമ്പനിയുടെ അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി. ഐപിഒയ്ക്ക് മുന്നോടിയായി ഡിആര്‍എച്ച്പി രേഖകള്‍ അടുത്തപാദത്തോടെ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് മുമ്പാകെ സമര്‍പ്പിച്ചേക്കും.
സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാങ്ക് ഓഫ് ബറോഡയ്ക്ക് ഇന്ത്യാഫസ്റ്റ് ലൈഫ് ഇന്‍ഷുറന്‍സില്‍ 65 ശതമാനം പങ്കാളിത്തമാണുള്ളത്. 26 ശതമാനം ഓഹരികള്‍ കാര്‍മല്‍ പോയ്ന്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശവും ബാക്കി ഓഹരികള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള യൂണിയന്‍ ബാങ്കിന്റേതുമാണ്.
നിലവില്‍, ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ എന്നിവയാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍. ഇന്ത്യാഫസ്റ്റ് കൂടി ഓഹരി വിപണിയലേക്ക് എത്തുന്നതോടെ ലിസ്റ്റ് ചെയ്യുന്ന അഞ്ചാമത്തെ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയാകുമിത്.
Read DhanamOnline in English
Subscribe to Dhanam Magazine