

ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ പ്രമുഖ താരങ്ങളായ രോഹിത് ശര്‍മ്മ, ശ്രേയസ് അയ്യര്‍, തിലക് വര്‍മ്മ എന്നിവര്‍ ഒരു എസ്.എം.ഇ. (SME) കമ്പനിയുടെ ഓഹരികളില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു. എസ്.എം.ഇ. വിഭാഗത്തില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള സ്വരാജ് സൂട്ടിംഗ്‌സ് ലിമിറ്റഡിന്റെ (Swaraj Suiting) ഓഹരികളിലാണ് പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നിക്ഷേപം നടത്തുന്നത്.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, ശ്രേയസ് അയ്യര്‍, തിലക് വര്‍മ്മ, ശ്രേയസ് അയ്യരുടെ പിതാവ് സന്തോഷ് വെങ്കിടേശ്വരന്‍ അയ്യര്‍ എന്നിവരാണ് പ്രധാന നിക്ഷേപകര്‍. കൂടാതെ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കോച്ച് അഭിഷേക് മോഹന്‍ നായരും നിക്ഷേപം നടത്തുന്നവരുടെ പട്ടികയിലുണ്ട്.
പ്രിഫറന്‍ഷ്യല്‍ അലോട്ട്‌മെന്റ് (Preferential Allotment) വഴിയാണ് ഇവര്‍ക്ക് ഓഹരികള്‍ അനുവദിക്കുക. നാല് താരങ്ങള്‍ക്കും 11,000 ഓഹരികള്‍ വീതം ലഭിക്കും. മൊത്തം 198 പേര്‍ക്കാണ് പ്രിഫറന്‍ഷ്യല്‍ ഓഹരി വഴി കമ്പനി ഓഹരികള്‍ അലോട്ട് ചെയ്യുന്നത്. പുതിയ ഓഹരികള്‍ സൃഷ്ടിച്ച് മുന്‍ഗണനാ അടിസ്ഥാനത്തില്‍ യോഗ്യരായ നിക്ഷേപകര്‍ക്ക് നല്‍കുന്നതാണ് പ്രിഫറന്‍ഷ്യല്‍ ഓഹരി വില്‍പ്പന.
എക്‌സ്‌ചേഞ്ചുകള്‍ക്ക് കമ്പനി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം 43.76 ലക്ഷം ഓഹരികളാണ് പ്രിഫറന്‍ഷ്യല്‍ ഇഷ്യു വഴി മൊത്തം അനുവദിക്കുക. ഒന്നിന് 236 രൂപ നിരക്കിലാണ് ഓഹരികള്‍ ഇഷ്യൂ ചെയ്യുന്നത്. ഓഹരി വില്‍പ്പന വഴി കമ്പനി 103.28 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. കമ്പനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ ഓഹരി വില്‍പ്പന.
പ്രിഫറന്‍ഷ്യല്‍ ഇഷ്യു കൂടാതെ ഓഹരികളാക്കി മാറ്റാനാകുന്ന വാറന്റുകള്‍ (Warrants) വഴി 160.41 കോടി രുപയും സമാഹരിക്കാന്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. ഓഹരി ഒന്നിന് 236 രൂപ പ്രകാരമാണ് അതും അനുവദിക്കുക. ഈ വാറൻ്റുകൾ ഭാവിയിൽ തുല്യ എണ്ണം ഓഹരികളായി (Equity Shares) മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ആവശ്യമായ അനുമതികൾ ലഭിക്കുന്ന മുറയ്ക്ക് ഇത് പ്രൊമോട്ടർ ഗ്രൂപ്പിനും മറ്റ് നിക്ഷേപകർക്കുമായി അനുവദിക്കും.
അടുത്തിടെ കമ്പനിയുടെ ഓഹരി വിലയില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓഹരി നല്‍കിയത് 60 ശതമാനത്തിനു മുകളില്‍ നേട്ടമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine