Begin typing your search above and press return to search.
ഇന്ത്യന്‍ ഓഹരി നിക്ഷേപര്‍ക്ക് ഇന്ന് നഷ്ടമായത് 7 ലക്ഷം കോടി രൂപ!

കോവിഡ് 19 വൈറസിന്റെ പുതിയ വ്യാപനത്തെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായുള്ള ആശങ്കയില്‍ ഇന്ന് (ഡിസംബര്‍ 21) ഇന്ത്യന്‍ ഓഹരി നിക്ഷേപര്‍ക്ക് 7 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപോര്‍ട്ടുകള്‍. ബിഎസ്ഇയില്‍ ലിസ്റ്റുചെയ്ത കമ്പനികളുടെ മാര്‍ക്കറ്റ് ക്യാപിറ്റലിസഷന്‍ വെള്ളിയാഴ്ച ഉണ്ടായിരുന്ന 185 ലക്ഷം കോടിയില്‍ നിന്ന് ഇന്ന് 178 ലക്ഷം കോടി രൂപയായി തകര്‍ന്നു.
ബിഎസ്ഇ സെന്‍സെക്‌സ് 1,407 പോയിന്റ് താഴ്ന്നു 45,554 ആയപ്പോള്‍ എന്‍എസ്ഇ നിഫ്റ്റി50 432 പോയിന്റ് ഇടിഞ്ഞു 13,328ല്‍ എത്തി.
ബിഎസ്ഇയിലെ 473 ഓഹരികള്‍ ഇന്ന് ലോവര്‍ സര്‍ക്യൂട്ടില്‍ എത്തി. പ്രോസോണ്‍ ഇന്റു, സ്‌പൈസ് ജെറ്റ്, ഗ്രാഫൈറ്റ് ഇന്ത്യ, വിപുള്‍, ടാറ്റ സ്റ്റീല്‍ പിപി, ഹിന്ദുസ്ഥാന്‍ കോപ്പര്‍ എന്നിവ ഇതില്‍ പെടുന്നു.
റിയലന്‍സിന്റെ ഓഹരി 2.92 ശതമാനം ഇടിഞ്ഞ് 1,934 രൂപയിലെത്തി. ഇത് മൂലം മാര്‍ക്കറ്റ് ക്യാപിറ്റലിസഷന്‍ 13.47 ലക്ഷം കോടി രൂപയില്‍ നിന്ന് ഏകദേശം 12.26 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഐസിഐസിഐ ബാങ്കിന്റെ മാര്‍ക്കറ്റ് ക്യാപിറ്റലിസഷന്‍ 3.57 ലക്ഷം കോടി രൂപയില്‍ നിന്ന് 3.39 ലക്ഷം കോടി രൂപയായി ഇടിഞ്ഞു. മറ്റൊരു പ്രമുഖ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ക്യാപിറ്റലിസഷന്‍ ആകട്ടെ 7.77 ലക്ഷം കോടി രൂപയില്‍ നിന്ന് 7.61 ലക്ഷം കോടി രൂപയായി. എഫ്എംസിജിയിലെ പ്രമുഖ കമ്പനി ഐടിസിയുടെ വിപണി മൂല്യം 2.64 ലക്ഷം കോടി രൂപയില്‍ നിന്ന് 2.46 ലക്ഷം കോടി രൂപയായി കുറഞ്ഞു.
സെന്‍സെക്‌സിലെ 30 സ്‌റ്റോക്കുകളും നഷ്ടത്തില്‍ ആണ് അവസാനിച്ചത്.
മിഡ്ഡ്ക്യാപ് സ്‌റ്റോക്കുകളിലും വന്‍ ഇടിവുണ്ടായി. ടാറ്റ പവര്‍ 10.70 ശതമാനം ഇടിഞ്ഞ് 68 രൂപയായി. കാനറ ബാങ്ക് 10.35 ശതമാനം തകര്‍ന്നു 109.10 രൂപയായി. ഫെഡറല്‍ ബാങ്ക് 9.65 ശതമാനം കുറഞ്ഞു 59.95 രൂപയായി.
ബിഎസ്ഇ മെറ്റല്‍ സ്‌റ്റോക്കുകള്‍ തകര്‍ച്ച രേഖപ്പെടുത്തി. മെറ്റല്‍ സൂചിക 5.75 ശതമാനം ഇടിഞ്ഞ് 10,717 ല്‍ എത്തി. നാല്‍കോ ഏകദേശം 10 ശതമാനം വിലയിടിഞ്ഞപ്പോള്‍ വേദാന്ത (8.55 ശതമാനം), ജിന്‍ഡാല്‍ സ്റ്റീല്‍ (7.50 ശതമാനം ), ഹിന്‍ഡാല്‍കോ (7.32 ശതമാനം ), കോള്‍ ഇന്ത്യ (5.82 ശതമാനം) എന്നിവയും നഷ്ടം രേഖപ്പെടുത്തി.
ഇതിനിടെ പുതിയ കൊറോണ വൈറസ് ബാധയുടെ വ്യാപനം കണക്കിലെടുത്ത് യുകെയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാനങ്ങളും ഡിസംബര്‍ 31 വരെ ഇന്ത്യന്‍ സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
Next Story