വിപണിയിൽ വൻ തകർച്ച: നിഫ്റ്റിയിലും സെൻസെക്സിലും ഇനി ശ്രദ്ധിക്കേണ്ട പ്രധാന ലെവലുകൾ ഏതൊക്കെ?

പുതിയ വ്യാപാര ആഴ്ചയിൽ ക്രൂഡോയിൽ വില, രൂപയുടെ സ്ഥിരത, ആ​ഗോള ​സംഘർഷം എന്നിവയാണ് ഇന്ത്യൻ വിപണിയെ പ്രധാനമായും സ്വാധീനിക്കുന്ന ഘടകങ്ങൾ. ഇവയിൽ എന്തെങ്കിലും അനുകൂലമായ മാറ്റം പ്രകടമായാൽ ഓഹരി സൂചികകളിൽ ഹ്രസ്വകാല ആശ്വാസ കുതിപ്പ് തെളിയാം.
equity market weekly analysis
canva
Published on

മാർച്ച് മാസത്തിലെ അവസാന വ്യാപാര ആഴ്ചയിൽ വ്യാപാരം പുനരാരംഭിക്കുമ്പോൾ, ഇന്ത്യൻ വിപണി ചാഞ്ചാട്ടത്തിന്റെ പാതയിൽ തന്നെ തുടരുകയാണ്. എൻഎസ്ഇ നിഫ്റ്റി സൂചികയും ബിഎസ്ഇ സെൻസെക്സ് സൂചികയും രണ്ട് ശതമാനം ഇടിവ് നേരിട്ടു. നിഫ്റ്റി 22,600 നിലവാരത്തിലും സെൻസെക്സ് 72,800 നിലവാരത്തിലേക്കും എത്തിച്ചേർന്നു. പശ്ചിമേഷ്യയിലെ യുദ്ധവും ക്രൂഡോയിൽ വിലക്കയറ്റവും കാരണമുള്ള പ്രതികൂല ഘടകങ്ങളുടെ സ്വാധീനത്താൽ പ്രധാന ഓഹരി സൂചികകൾ നെ​ഗറ്റീവ് ട്രെൻഡിൽ തങ്ങിനിൽക്കാനുള്ള സാധ്യതയുണ്ട്. നിക്ഷേപകർ ജാ​ഗ്രത പാലിക്കണം.

അതേസമയം പുതിയ വ്യാപാര ആഴ്ചയിൽ ക്രൂഡോയിൽ വില, രൂപയുടെ സ്ഥിരത, ആ​ഗോള ​സംഘർഷം എന്നിവയാണ് ഇന്ത്യൻ വിപണിയെ പ്രധാനമായും സ്വാധീനിക്കുന്ന ഘടകങ്ങൾ. ഇവയിൽ എന്തെങ്കിലും അനുകൂലമായ മാറ്റം പ്രകടമായാൽ ഓഹരി സൂചികകളിൽ ഹ്രസ്വകാല ആശ്വാസ കുതിപ്പ് തെളിയാം. പ്രത്യേകിച്ചും സൂചികകൾ ഓവർസോൾഡ് മേഖലയിലായതിനാൽ. 2026 മാർച്ച് 23 മുതൽ 27 വരെയുള്ള കാലയളവിൽ പ്രധാന ഓഹരി സൂചികകളിൽ ശ്രദ്ധിക്കേണ്ട നിർണായക സപ്പോർട്ട്, റെസി​സ്റ്റൻസ് ലെവലുകൾ നോക്കാം.

നിഫ്റ്റി — ഇനിയെന്ത്?

ടെക്നിക്കൽ അനാലിസിസ് പ്രകാരം, നിഫ്റ്റി സൂചികയിൽ ദുർബലത പ്രകടമാകുന്ന ബെയറിഷ് ട്രെൻഡ് തുടരാം. പ്രധാന ടെക്നിക്കൽ ഇൻഡിക്കേറ്ററുകളിൽ നിന്നും അത്തരം സൂചനകളാണ് ലഭിക്കുന്നത്. കൂടാതെ ഹ്രസ്വകാല മൂവിങ് ആവറേജ് നിലവാരങ്ങൾക്ക് താഴെയാണ് നിഫ്റ്റിയുടെ വ്യാപാരം പുരോ​ഗമിക്കുന്നത്. നിഫ്റ്റിയുടെ ആഴ്ചക്കാലയളവിലെ ചാർട്ടിൽ നെ​ഗറ്റീവ് ക്യാൻഡിൽ കാണാം. ഇതിന്റെ മുകളിൽ ദീർഘമായി പതിഞ്ഞിരിക്കുന്ന ഷാ‍ഡോ, ഉയർന്ന നിലവാരങ്ങളിൽ നേരിടുന്ന ശക്തമായ വിൽപ്പന സമ്മർദത്തെ സൂചിപ്പിക്കുന്നു.

നിഫ്റ്റിയുടെ തൊട്ടടുത്ത സപ്പോർട്ട് നിലവാരം 23,000 ആണ്. ഇതിന്റെ താഴേക്ക് ശക്തിയോടെ വീണാൽ കൂടുതൽ താഴ്ന്ന നിലവാരത്തിലേക്ക് പോകാം. എങ്കിൽ പിന്നീട് പിന്തുണ പ്രതീക്ഷിക്കാവുന്ന നിലവാരം 22,300 ആണ്. അതേസമയം 23,000 നിലവാരം കാത്തുസൂക്ഷിക്കാനായാൽ വിപണി കൺസോളിഡേഷൻ ഘട്ടത്തിലേക്ക് കടക്കാം. മറുവശത്ത് വിപണി മുന്നോട്ടേക്ക് കുതിക്കാൻ ശ്രമിച്ചാൽ, ആദ്യം മറികടക്കേണ്ട പ്രതിരോധ കടമ്പ 23,900 ആണ്. ഇതിന് മുകളിൽ നിലനിൽക്കാൻ സാധിച്ചാൽ വിപണിയിൽ ഒരു തിരിച്ചുവരവിനുള്ള കളമൊരുങ്ങും. അതുവരെ സമീപഭാവിയിലേക്ക് വിപണി കൺസോളിഡേഷൻ ഘട്ടത്തിൽ തങ്ങിനിൽക്കാനും ട്രെൻഡ് നെ​ഗറ്റീവായി തുടരാനുമാണ് സാധ്യത.

ബാങ്ക് നിഫ്റ്റി — ഇനിയെന്ത്?

കഴിഞ്ഞയാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ ബാങ്ക് നിഫ്റ്റി സൂചിക 0.6 ശതമാനം താഴ്ന്ന് 53,427 നിലവാരത്തിലാണ് ക്ലോസ് ചെയ്തിരുന്നത്. ബാങ്ക് വിഭാ​ഗം ഓഹരികൾ നേരിടുന്ന തിരിച്ചടിയുടെ ലക്ഷണമാണിത്. ടെക്നിക്കൽ ഇനഡിക്കേറ്ററുകളും ദുർബലതയുടെ ലക്ഷണങ്ങളാണ് പങ്കുവെക്കുന്നത്. സൂചികയ്ക്ക് തൊട്ടടുത്ത് നേരിടേണ്ട ആദ്യ പ്രതിരോധ കടമ്പ 53,600 നിലവാരമാണ്. ഇവിടം മറികടക്കാൻ സാധിക്കുന്നില്ലെങ്കിൽ, ബാങ്ക് നിഫ്റ്റി സൂചിക കൂടുതൽ താഴ്ചയിലേക്ക് വീഴാൻ സാധ്യതയുണ്ട്. 53,600 നിലവാരം മറികടന്ന് നിലനിൽക്കാൻ സാധിച്ചാൽ മാത്രമാണ് ബാങ്കിം​ഗ് സൂചികയുടെ ഹ്രസ്വകാല കാഴ്ചപ്പാട് പോസിറ്റീവായി മാറുകയുള്ളൂ. അതേസമയം ബാങ്ക് നിഫ്റ്റി സൂചികയുടെ തൊട്ടടുത്ത നിർണായക സപ്പോർട്ട് നിലവാരം 52,000 ആണ്.

സെൻസെക്സ് — ഇനിയെന്ത്?

കഴിഞ്ഞയാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ സെൻസെക്സ് ക്ലോസ് ചെയ്തത് 74,533 നിലവാരത്തിലാണ്. ടെക്നിക്കൽ അനാലിസിസ് പ്രകാരം, സെൻസെക്സ് സൂചികയുടെ ഹ്രസ്വകാല കാഴ്ചപ്പാട്, നെ​ഗറ്റീവ് ട്രെൻഡിലാണെന്നുള്ള ലക്ഷണമാണ് പ്രകടിപ്പിക്കുന്നത്. നിലവിൽ പ്രധാന ഹ്രസ്വകാല മൂവിങ് ആവറേജ് നിലവാരങ്ങൾക്ക് താഴെയാണ് സെൻസെക്സ് വ്യാപാരം ചെയ്യപ്പെടുന്നത്. അതേസമയം മുന്നോട്ടേക്കുള്ള പ്രയാണത്തിന് സെൻസെക്സ് ആദ്യം മറികടക്കേണ്ട പ്രതിരോധ കടമ്പ 77,000 നിലവാരത്തിലാണ് ഉള്ളത്. ഇതിന് താഴെ സെൻസെക്സ് തുടരുന്നിടത്തോളം നെ​ഗറ്റീവ് ട്രെൻഡിൽ തങ്ങിനിൽക്കുന്നതായിരിക്കും. അതേസമയം തിരിച്ചടി തുടർന്നാൽ സെൻസെക്സിന് പ്രതീക്ഷിക്കാവുന്ന പിന്തുണ 73,100 - 71,400 നിലവാരങ്ങളിൽ നിന്നാകുന്നു.

[ലേഖനം തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com​); സെബി അം​ഗീക‍ൃത റിസർച്ച് അനലി​സ്റ്റ് (Registration No: INH000023843).]

Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധരിൽ നിന്നും മാർ​ഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com