ബാങ്ക് ഓഹരികൾ പിന്തുണയ്ക്കുമോ? ഇന്ത്യൻ വിപണി കരകയറുമോ? നിഫ്റ്റിക്ക് നിർണായകം ഈ ലെവലുകൾ

നിഫ്റ്റി വ്യക്തമായ ഒരു ദിശയിലേക്ക് നീങ്ങണമെങ്കിൽ 23,500-ന് മുകളിലേക്കോ അല്ലെങ്കിൽ 23,150-ന് താഴേക്കോ ഒരു ശക്തമായ ബ്രേക്കൗട്ട് സംഭവിക്കണം
Share Market Technical Analysis
Canva
Published on

കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ ഓഹരി വിപണി പൊതുവെ സമ്മിശ്ര പ്രതികരണമാണ് കാഴ്ചവെച്ചത്. പ്രമുഖ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും നേരിയ ഇടിവ് രേഖപ്പെടുത്തിയപ്പോൾ ബാങ്കിംഗ് മേഖലയിലെ ഏതാനും ഓഹരികളിൽ ദൃശ്യമായ നിക്ഷേപക താത്പര്യം ബാങ്ക് നിഫ്റ്റി സൂചികയെ നേട്ടത്തിലെത്തിക്കാൻ സഹായിച്ചു. പലിശ നിരക്കുകളിൽ മാറ്റംവരുത്താതെ പ്രഖ്യാപിക്കപ്പെട്ട ആർ.ബി.ഐയുടെ പണനയം, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ, വിദേശ നിക്ഷേപകരുടെ (FII) ഭാ​ഗത്തു നിന്നുമുള്ള തുടർച്ചയായ വിൽപ്പന സമ്മർദ്ദം, രൂപയുടെ മൂല്യശോഷണം എന്നിവയാണ് കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണിയെ സ്വാധീനിച്ച പ്രധാന ഘടകങ്ങൾ.

പ്രതിവാര അടിസ്ഥാനത്തിൽ ബി.എസ്.ഇ സെൻസെക്സ് 0.71 ശതമാനം ഇടിഞ്ഞ് 74,243 നിലവാരത്തിലും നിഫ്റ്റി സൂചിക 0.80 ശതമാനം താഴ്ന്ന് 23,367-ലും വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, ബാങ്ക് നിഫ്റ്റി 0.50 ശതമാനം നേട്ടത്തോടെ 54,496-ൽ ക്ലോസ് ചെയ്തു. സെക്ടറുകളിൽ മീഡിയ, ബാങ്കിംഗ് ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ എഫ്.എം.സി.ജി, റിയൽറ്റി, മെറ്റൽ, ഫിനാൻഷ്യൽ സർവീസസ് മേഖലകൾ കടുത്ത വിൽപ്പന സമ്മർദ്ദം നേരിട്ടു.

ടെക്നിക്കൽ അനാലിസിസ്

നിഫ്റ്റി: കഴിഞ്ഞ ആഴ്ച തിരിച്ചടിയോടെ വ്യാപാരത്തിന് തുടക്കമിട്ട നിഫ്റ്റി സൂചിക ഒരു ഘട്ടത്തിൽ 23,150 വരെയുള്ള താഴ്ന്ന നിലവാരത്തിലേക്ക് വീണെങ്കിലും പിന്നീട് തിരിച്ചുപിടിച്ച് 23,367-ലാണ് ക്ലോസ് ചെയ്തത്. നിലവിൽ നിഫ്റ്റി അതിന്റെ ഹ്രസ്വകാല മൂവിംഗ് ആവറേജുകൾക്ക് താഴെയാണ് വ്യാപാരം നടത്തുന്നത്. സൂചികയ്ക്ക് 23,150 നിലവാരത്തിലാണ് തൊട്ടടുത്ത പിന്തുണയുള്ളത്. ഇവിടം തകർന്നാൽ വിപണി 22,500 നിലവാരത്തിലേക്ക് താഴാൻ സാധ്യതയുണ്ട്. മറിച്ച് നിഫ്റ്റി മുകളിലേക്ക് ഉയരണമെങ്കിൽ 23,500-ലുള്ള പ്രതിരോധം മറികടക്കേണ്ടതുണ്ട്. ഇത് മറികടക്കാനായാൽ വരും ദിവസങ്ങളിൽ സൂചിക 24,100 വരെ ഉയർന്നേക്കാം.

ബാങ്ക് നിഫ്റ്റി: പ്രതിവാര ചാർട്ടിൽ അനുകൂലമായ കാൻഡിൽ രൂപപ്പെട്ടത് ബാങ്കിംഗ് സെക്ടറിനെ സംബന്ധിച്ച് പോസിറ്റീവ് സൂചന നൽകുന്നുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി 53,000 മുതൽ 55,500 വരെയുള്ള ഒരു വലിയ പരിധിക്കുള്ളിലാണ് ബാങ്ക് നിഫ്റ്റിയുടെ കൺസോളിഡേഷൻ നടക്കുന്നത്. ബാങ്ക് നിഫ്റ്റി വ്യക്തമായ ഒരു ദിശയിലേക്ക് നീങ്ങണമെങ്കിൽ 55,500-ന് മുകളിലേക്കോ അല്ലെങ്കിൽ 53,000-ന് താഴെയായോ ശക്തമായൊരു ബ്രേക്കൗട്ട് സംഭവിക്കണം.

സെൻസെക്സ്: നിലവിൽ ബി.എസ്.ഇ സെൻസെക്സ് സൂചികയിൽ നേരിയ ​നെ​ഗറ്റീവ് ട്രെൻഡിനുള്ള ലക്ഷണങ്ങളാണ് പ്രകടമാകുന്നത്. വിപണിയിൽ പോസിറ്റീവായ നീക്കങ്ങൾ ഉണ്ടാകണമെങ്കിൽ 76,750 എന്ന പ്രധാന പ്രതിരോധ നില മറികടക്കേണ്ടതുണ്ട്. താഴേക്ക് 74,000 നിലവാരത്തിൽ നിന്നും ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്.

അടുത്ത ആഴ്ചത്തെ വിപണി സാധ്യതകൾ

പുതിയ വ്യാപാര ആഴ്ചയിലും (ജൂൺ 8-12) ആഭ്യന്തര വിപണിയിൽ വലിയ കുതിച്ചുചാട്ടത്തിന് സാധ്യത കുറവാണെന്നും ഒരു നിശ്ചിത പരിധിക്കുള്ളിൽ (Range-bound) തന്നെ വ്യാപാരം തുടരാനാണ് സാധ്യതയെന്നും വിലയിരുത്തപ്പെടുന്നു. ആർ.ബി.ഐ വിദേശ നിക്ഷേപകർക്കായി പ്രഖ്യാപിച്ച പുതിയ മൂലധന നയങ്ങളും നികുതി ഇളവുകളും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ (DII) തുടർച്ചയായ വാങ്ങലുകളും ക്രൂഡ് ഓയിൽ വിലയിൽ നേരിടുന്ന ഇടിവും ഇന്ത്യൻ വിപണിക്ക് താങ്ങായേക്കാം.

എങ്കിലും വിദേശ ഫണ്ടുകളുടെ പിന്മാറ്റവും ആഗോള വിപണിയിലെ അസ്ഥിരതയും നിക്ഷേപകരെ സ്വാഭാവികമായും ജാഗ്രതയോടെ നീങ്ങാൻ പ്രേരിപ്പിക്കും. നിഫ്റ്റി വ്യക്തമായ ഒരു ദിശയിലേക്ക് നീങ്ങണമെങ്കിൽ 23,500-ന് മുകളിലേക്കോ അല്ലെങ്കിൽ 23,150-ന് താഴേക്കോ ഒരു ശക്തമായ ബ്രേക്കൗട്ട് സംഭവിക്കണം.

വിദേശ നിക്ഷേപം ആകർഷിക്കാൻ ആർ.ബി.ഐ നടപടികൾ

വിദേശ മൂലധനം ആകർഷിക്കുക, വിപണിയിലെ പണലഭ്യത (market liquidity) വർധിപ്പിക്കുക, ഇന്ത്യൻ രൂപയ്ക്ക് കരുത്തുപകരുക എന്നിവ ലക്ഷ്യമിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർ.ബി.ഐ) കേന്ദ്ര സർക്കാരും പുതിയ ഇളവുകളും പദ്ധതികളും പ്രഖ്യാപിച്ചു. ഇതിന്റെ പ്രധാന വിശദാംശങ്ങൾ താഴെ ചേർക്കുന്നു.

1. സർക്കാർ സെക്യൂരിറ്റികളിലെ ഇളവുകൾ: പുതുതായി പുറത്തിറക്കിയ 15 വർഷം, 30 വർഷം, 40 വർഷം കാലാവധിയുള്ള സർക്കാർ സെക്യൂരിറ്റികളെ 'ഫുള്ളി ആക്സസിബിൾ റൂട്ട്' (FAR) പരിധിയിൽ ആർ.ബി.ഐ ഉൾപ്പെടുത്തി. ഇതിലൂടെ വിദേശ നിക്ഷേപകർക്ക് യാതൊരുവിധ നിക്ഷേപ നിയന്ത്രണങ്ങളുമില്ലാതെ ഇതിൽ പണമിറക്കാം. ഒപ്പം, ഇത്തരം നിക്ഷേപങ്ങളുടെ മൂലധന നേട്ട നികുതി (Capital Gains Tax), പലിശ വരുമാന നികുതി എന്നിവയിൽ നിന്ന് വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരെ (FPI) കേന്ദ്ര സർക്കാർ ഒഴിവാക്കിയിട്ടുണ്ട്.

2. പരിധികൾ ഒഴിവാക്കൽ: ജനറൽ റൂട്ട് വഴി നിക്ഷേപം നടത്തുന്ന എഫ്.പി.ഐകൾക്ക് ബാധകമായിരുന്ന 30 ശതമാനം ഹ്രസ്വകാല നിക്ഷേപ പരിധിയും വ്യക്തിഗത സെക്യൂരിറ്റി തിരിച്ചുള്ള പരിധികളും പൂർണ്ണമായി എടുത്തുമാറ്റി.

3. പ്രവാസി നിക്ഷേപങ്ങൾ ലളിതമാക്കി: പ്രവാസി ഭാരതീയർക്കും (NRIs), ഒ.സി.ഐ കാർഡുടമകൾക്കും ലിസ്റ്റഡ് ഓഹരികളിൽ നിക്ഷേപിക്കുന്നതിനായി പ്രത്യേക സെബി (SEBI) രജിസ്ട്രേഷൻ ആവശ്യമില്ലാത്ത രീതിയിൽ നിക്ഷേപ പരിധികൾ വർധിപ്പിച്ചു. ഈ ആനുകൂല്യം വിദേശത്ത് താമസിക്കുന്ന മറ്റുള്ളവർക്കും (PROIs) ലഭ്യമാക്കിയിട്ടുണ്ട്.

[ലേഖനം തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com​); സെബി അം​ഗീക‍ൃത റിസർച്ച് അനലി​സ്റ്റ് (Registration No: INH000023843).]

(Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും വിധത്തിൽ നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധനെ മാർ​ഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com