നിക്ഷേപകർക്ക് കോടികൾ നൽകി; പക്ഷേ റിസർച്ചിന് പണം മുടക്കിയില്ല; എഐ വന്നപ്പോൾ ഐടി കമ്പനികൾ വീഴുമോ?

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഓഹരിയുടമകൾക്ക് 4.8 ലക്ഷം കോടി രൂപ മടക്കി നൽകിയ ഇന്ത്യൻ ഐടി കമ്പനികൾ, ഭാവി സാങ്കേതികവിദ്യകൾക്കും നവീകരണത്തിനുമായി പണം ചെലവഴിച്ചില്ലെന്ന വിമർശനവുമായി എയ്ക്വിറ്റാസിന്റെ റിപ്പോർട്ട്.
Indian IT Research
canva
Published on

കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ കണക്കുകൾ നോക്കിയാൽ ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികൾ ഡിവിഡന്റ്, ഷെയർ ബൈബാക്ക് മുഖേന വളരെ മികച്ച ആദായമാണ് ഓഹരിയുടമകൾക്ക് കൈമാറിയിട്ടുള്ളത്. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ അതിവേ​ഗം വളരുകയും ആ​ഗോള ടെക്നോളജി മേഖലയെ ഉഴുതു മറിക്കുകയും ചെയ്യുമ്പോൾ ഉയർന്നുവരുന്ന ചോദ്യമിതാണ്, നാളെയിലേക്ക് ആവശ്യമായ നവീകരണത്തിന് പണം ചെലവഴിക്കാതെ ഇന്ന് കിട്ടിയ ലാഭം പാരിതോഷികങ്ങൾക്കായി വിനിയോ​ഗിച്ചത് ശരിയായോ?

5 വർഷത്തിൽ കൈമാറിയത് 4.8 ലക്ഷം കോടി

പ്രമുഖ അസറ്റ് മാനേജ്മെന്റ് കമ്പനിയായ എയ്ക്വിറ്റാസ് പുറത്തുവിട്ട റിസർച്ച് റിപ്പോ‌ർട്ട് പ്രകാരം, സമീപ ദിവസങ്ങളിൽ ഐടി ഓഹരികളിൽ നേരിടുന്ന വമ്പൻ തിരിച്ചടിക്കുള്ള കാരണം, എഐ സാങ്കേതികവിദ്യയിൽ നിന്നുമുയരുന്ന ഭീഷണിയേക്കാളും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഐടി കമ്പനികൾ മൂലധനം വകയിരുത്തിയതിൽ (Capital Allocation) സംഭവിച്ച പാകപ്പിഴകളാണെന്നാണ് സൂചിപ്പിക്കുന്നത്.

2020നും 2025-നും ഇടയിലുള്ള അഞ്ച് സാമ്പത്തിക വർഷങ്ങൾക്കിടെ മാത്രം ഇന്ത്യയിലെ ഏറ്റവും വലിയ അ‍ഞ്ച് ഐടി കമ്പനികൾ ചേർന്ന് 4.8 ലക്ഷം കോടി രൂപയാണ് ഓഹരിയുടമകൾക്ക് പാരിതോഷികമായി നൽകിയത്. ഇക്കാലയളവിൽ അഞ്ച് കമ്പനികളും നേടിയ മൊത്തം അറ്റാദായത്തിന്റെ (Net Profits) 87 ശതമാനമാണ് ഇത്തരത്തിൽ വിതരണം ചെയ്യപ്പെട്ടത്. രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസ് ആകട്ടെ, ഇതേ കാലയളവിലെ 99 ശതമാനവും ലാഭം ഓഹരിയുടമകൾക്ക് വിതരണം ചെയ്തിട്ടുണ്ട്. 2025-ലാണ് ഇൻഫോസിസ് 18,000 കോടി രൂപയുടെ ഓഹരികൾ നിക്ഷേപകരിൽ നിന്നും മടക്കി വാങ്ങിയത് (ഷെയർ ബൈബാക്ക് - Share Buyback).

ഓഹരിയുടമകൾക്ക് കൈമാറിയ പാരിതോഷികങ്ങളെ കമ്പനിയുടെ ഉയർന്ന വരുമാനം ആർജിക്കാനുള്ള കഴിവായും ബാലൻസ് ഷീറ്റിൽ പുലർത്തുന്ന അച്ചടക്കവുമായും ഒക്കെ വിലയിരുത്തുന്നതിൽ തെറ്റില്ല. എന്നാൽ ഭാവിയിലെ സാങ്കേതികവിദ്യകളായ എഐ, മെഷീൻ ലേണിങ്, പ്രൊപ്രൈറ്ററി പ്ലാറ്റ്ഫോംസ് എന്നിവയിൽ ആവശ്യമായ ​ഗവേഷണ വികസന പ്രവർത്തനങ്ങൾക്കായുള്ള നിക്ഷേപം നടത്താതെ ഡിവിഡന്റ്, ബൈബാക്ക് എന്നിവയ്ക്കായി കിട്ടിയ ലാഭം വിനിയോ​ഗിക്കാൻ കാണിച്ച പരി​ഗണനയെയാണ് എയ്ക്വിറ്റാസിന്റെ റിപ്പോർട്ടിൽ വിമർശന വിധേയമാക്കുന്നത്.

യു.എസ് കമ്പനികൾ നാളെയെ മറന്നില്ല

ഇന്ത്യൻ കമ്പനികൾ വരുമാനത്തിൽ നിന്നും ​ഗവേഷണത്തിനും വികസനത്തിനുമായി ചെലവഴിക്കുന്ന തുക വളരെ കുറവാണ്. ഇന്ത്യൻ ഐടി സോഫ്റ്റ്‍വെയർ സെക്ടറിലുള്ള കോർപറേറ്റ് കമ്പനികൾ ​ഗവേഷണത്തിനായി 2021 സാമ്പത്തിക വർഷത്തിൽ ചെലവാക്കിയിരുന്നത് വരുമാനത്തിന്റെ 4 ശതമാനമായിരുന്നത് 2024 സാമ്പത്തിക വർഷമാകുമ്പോഴേക്കും 3 ശതമാനത്തിലേക്ക് താഴ്ന്നു.

എന്നാൽ മറുവശത്ത് യു.എസ് ടെക് കമ്പനികളാകട്ടെ വരുമാനത്തിന്റെ ഇരട്ടയക്ക ശതമാനം തോതിലാണ് ​റിസർച്ച് പ്രവർത്തനങ്ങൾക്കായി പണം ചെലവഴിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റ് 13-14 ശതമാനവും ആൽഫബെറ്റ് (​ഗൂ​ഗിൾ) 15-16 ശതമാനവും മെറ്റ (ഫേസ്ബുക്ക്) 20 ശതമാനത്തിലേറെയും ആമസോൺ 10-12 ശതമാനവും വീതമാണ് വരുമാനത്തിൽ നിന്നും ​ഗവേഷണ വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നത്. ചുരുക്കത്തിൽ യു.എസ് കമ്പനികൾ ടെക്നോളജി സ്വന്തമാക്കാൻ അധ്വാനിച്ചപ്പോൾ, സേവനങ്ങൾ നൽകുന്നതിലാണ് ഇന്ത്യൻ കമ്പനികൾ ശ്രദ്ധിച്ചതെന്ന് സാരം.

എഐ ഭീഷണി എത്രത്തോളം?

എഐ സാങ്കേതികവിദ്യയുടെ മുന്നേറ്റം ഇന്ത്യൻ ഐടി കമ്പനികളുടെ നിലനിൽപ്പിന് പൂർണമായും ഭീഷണിയല്ല. പക്ഷേ, പരിവർത്തനത്തിന് പ്രേരിപ്പിക്കുന്നതാണെന്നും എയ്ക്വിറ്റാസിന്റെ റിസർച്ച് റിപ്പോർട്ടിൽ അഭിപ്രായപ്പെടുന്നു. എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കാലത്തിനൊത്ത് പ്രവർത്തനം പരുവപ്പെടുത്താത്ത കമ്പനികൾക്ക് പ്രാധാന്യം ക്രമേണ നഷ്ടമാകുമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചു.

നിലവിൽ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) 7.3 ശതമാനമാണ് ഐടി സെക്ടറിന്റെ സംഭാവന. ഏകദേശം 58 ലക്ഷം പ്രൊഫഷണലുകൾക്ക് നേരിട്ട് തൊഴിൽ നൽകുന്നു. മൊത്തം സേവന കയറ്റുമതിയുടെ 58 ശതമാനം ഐടിയിൽ നിന്നാണ്. ഇതിൽ നിന്നും 22,400 കോടി ഡോളറിന്റെ വിദേശനാണ്യം നേടുന്നു. ഐടി മേഖലയിൽ ഏറെക്കാലം നീണ്ടുനിൽക്കുന്ന മാന്ദ്യമുണ്ടായാൽ പുതിയ ജോലികളേയും വൻ ന​ഗരങ്ങളായ ബെം​ഗളൂരു, ഹൈദരാബാദ് എന്നിവയേയും വായ്പ വിതരണത്തേയും പ്രതികൂലമായി ബാധിക്കാമെന്നും എയ്ക്വിറ്റാസ് റിപ്പോർട്ടിൽ സൂചിപ്പിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com