ആഗോള റാങ്കിംഗിൽ ഇന്ത്യൻ കമ്പനികൾ 'ഔട്ട്'; ടോപ്പ് 100-ൽ ഇടമില്ലാതെ ഇന്ത്യ; എന്തുപറ്റി?

2025-ന്റെ തുടക്കത്തിൽ മൂന്ന് ഇന്ത്യൻ കമ്പനികൾക്ക് ആ​ഗോള റാങ്കിം​ഗിലെ ആദ്യ നൂറിനുള്ളിൽ സ്ഥാനം നേടാൻ കഴിഞ്ഞിരുന്നു
Listed Company Ranking
Canva
Published on

വിപണി മൂല്യത്തിന്റെ (Market Cap) അടിസ്ഥാനത്തിലുള്ള ലി​സ്റ്റഡ് കമ്പനികളുടെ ലോക റാങ്കിം​ഗിൽ ഇന്ത്യൻ കമ്പനികൾ ആദ്യ നൂറിൽ നിന്നും പുറത്ത്. കഴിഞ്ഞ നാല് വർഷത്തിനിടെ ആദ്യമായാണ്, ഇന്ത്യയിൽ നിന്നുള്ള ഒരു കമ്പനിക്ക് പോലും ആ​ഗോള പട്ടികയിലെ ആദ്യ നൂറിനുള്ളിൽ ഇടം നേടാൻ കഴിയാതെ പോകുന്നത്. ആഭ്യന്തര വിപണിയിൽ നേരിടുന്ന തിരിച്ചടിയാണ് ഇത്തരമൊരു ദൗർഭാഗ്യകരമായ നാഴികക്കല്ല് പിന്നിടാൻ വഴിയൊരുക്കിയത്.

2025-ന്റെ തുടക്കത്തിൽ മൂന്ന് ഇന്ത്യൻ കമ്പനികൾക്ക് ആ​ഗോള റാങ്കിം​ഗിലെ ആദ്യ നൂറിനുള്ളിൽ സ്ഥാനം നേടാൻ കഴിഞ്ഞിരുന്നു. റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്), എച്ച്.‍ഡി.എഫ്.സി ബാങ്ക് എന്നിവയായിരുന്നു അത്. 2026-ന്റെ തുടക്കത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന് മാത്രമാണ് ഇടം നേടാൻ സാധിച്ചത്. എന്നാൽ പിന്നീട്, ആഭ്യന്തര വിപണിയിൽ ശക്തമായ തിരുത്തൽ നേരിട്ടതോടെ മിക്ക ഓഹരികളും പ്രധാന സൂചികയേക്കാളും നഷ്ടം രേഖപ്പെടുത്തുകയായിരുന്നു.

റിലയൻസും വീണു

ലോകത്തെ ഏറ്റവും വലിയ ലി​സ്റ്റഡ് കമ്പനികളുടെ പട്ടികയിൽ 2025-ലും 2026-ന്റെ തുടക്കത്തിലും ശതകോടീശ്വര വ്യവസായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് (BSE: 500325, NSE: RELIANCE) ഇടം നേടിയിരുന്നു. യഥാക്രമം 74, 73 റാങ്കുകളിലായിരുന്നു അന്ന് റിലയൻസിന്റെ സ്ഥാനമുണ്ടായിരുന്നത്. എന്നാൽ പിന്നീട് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിക്ക് ശക്തമായ തിരുത്തൽ നേരിടേണ്ടിവന്നു. കഴിഞ്ഞ 3 മാസത്തിനിടെ 7 ശതമാനവും ഈ വർഷം ഇതുവരെയായി 15 ശതമാനം വീതവും നഷ്ടം റിലയൻസ് ഓഹരിയിൽ കുറിച്ചു. ഇതോടെ ആ​ഗോള റാങ്കിം​ഗിൽ റിലയൻസിന്റെ സ്ഥാനം 105-ലേക്ക് താണു.

കമ്പനികളുടെ നിലവിലെ സ്ഥാനം

2025-ന്റെ തുടക്കത്തിൽ, ലോകത്തിലെ ഏറ്റവും വലിയ ലി​സ്റ്റഡ് കമ്പനികളുടെ കൂട്ടത്തിൽ ആദ്യ 500-നുള്ളിൽ 15 ഇന്ത്യൻ കമ്പനികളുണ്ടായിരുന്നു. 2026-ന്റെ തുടക്കത്തിൽ ഇത് 13 ആയി താഴ്ന്നു. നിലവിൽ 9 ഇന്ത്യൻ കമ്പനികൾ മാത്രമാണ് ആദ്യ 500-നുള്ളിൽ സ്ഥാനം പിടിച്ചിട്ടുള്ളത്.

അതുപോലെ ഈ വർഷം തുടക്കത്തിൽ 6 ഇന്ത്യൻ കമ്പനികൾക്ക് 100 ബില്യൺ ഡോളറിന് (10,000 കോടി ഡോളർ) മുകളിൽ വിപണി മൂല്യം ഉണ്ടായിരുന്നു. എന്നാൽ നിലവിൽ അത് മൂന്ന് കമ്പനികളായി ചുരുങ്ങി. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഭാരതി എയർടെൽ എന്നീ ഓഹരികൾക്ക് മാത്രമാണ് ഇപ്പോൾ 100 ബില്യൺ ഡോളർ ക്ലബ്ബിലുള്ളത്. സോഴ്സ്: ബ്ലൂംബർ​ഗ്

Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിനായുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com