ചാഞ്ചാട്ടം കഴിഞ്ഞ് മുന്നേറ്റം; റിയൽറ്റി കുതിക്കുന്നു, സോളർ ഇൻഡസ്ട്രീസ്, ഹിറ്റാച്ചി എനർജി നേട്ടത്തില്‍

കൺസ്യൂമർ ഡ്യൂറബിൾസും ഐടിയും ഓട്ടോയും ഒഴികെ എല്ലാ മേഖലകളും കയറ്റത്തില്‍
stock market
Published on

തുടക്കത്തിൽ വല്ലാതെ ചാഞ്ചാടിയ ശേഷം ഇന്നു രാവിലെ ഇന്ത്യൻ വിപണി നേട്ടം തുടർന്നു. എഫ് ആൻഡ് ഒ കോൺട്രാക്ടുകൾ കാലാവധി ആയതിൻ്റെ വിഷയങ്ങളാണ് ചാഞ്ചാട്ടത്തിലേക്കു നയിച്ചത്. പിന്നീടു നിഫ്റ്റി 23,300 ഉം സെൻസെക്സ് 76,800 ഉം കടന്നു.

കൺസ്യൂമർ ഡ്യൂറബിൾസും ഐടിയും ഓട്ടോയും ഒഴികെ എല്ലാ മേഖലകളും രാവിലെ കയറ്റത്തിലാണ്. റിയൽറ്റിയാണ് കൂടുതൽ നേട്ടം ഉണ്ടാക്കിയത്. ബാങ്ക് നിഫ്റ്റി ചെറിയ മുന്നേറ്റം കൊണ്ടു തൃപ്തിപ്പെട്ടു.

കരസേനയ്ക്കു പിനാക മിസൈലുകൾ വാങ്ങാൻ 10,000 കോടി രൂപയുടെ പദ്ധതി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഇതു സോളർ ഇൻഡസ്ട്രീസ് ഓഹരി ഏഴു ശതമാനം വരെ ഉയരാൻ സഹായിച്ചു. സോളറും മുൻപ് ഓർഡ്നൻസ് ഫാക്ടറി ബോർഡിനു കീഴിലായിരുന്ന മ്യൂണിഷൻസ് ഇന്ത്യയും ആണ് പിനാക നിർമിക്കുക.

മികച്ച റിസൽട്ട് ബ്രിഗേഡ് എൻ്റർപ്രൈസസ് ഓഹരിയെ ഏഴു ശതമാനം ഉയർത്തി.

മൂന്നാം പാദ വില്പനയും ലാഭവും പ്രതീക്ഷയേക്കാൾ കുറഞ്ഞതുമൂലം ടാറ്റാ മോട്ടോഴ്സ് ഓഹരി എട്ടു ശതമാനത്തിലധികം താഴ്ന്നു.

വേൾപൂൾ ഇന്ത്യയിലെ വിദേശ മാതൃകമ്പനിയുടെ ഓഹരി പങ്കാളിത്തം ഈ വർഷം തന്നെ 20 ശതമാനമായി കുറയ്ക്കും എന്ന റിപ്പോർട്ട് കമ്പനി ഓഹരിയെ 20 ശതമാനം താഴ്ത്തി. യുഎസ് മാതൃകമ്പനി ഇന്ത്യയിലെ ബിസിനസിൽ നിന്നു പിന്മാറുകയാണോ എന്നു വിപണി സംശയിക്കുന്നു.

മൂന്നാം പാദത്തിലെ ബിസിനസ് മോശമായതിനെ തുടർന്നു വോൾട്ടാസ് ഓഹരി പത്തു ശതമാനം ഇടിഞ്ഞു. വിൽപന മോശമായ ബ്ലൂസ്റ്റാർ ലിമിറ്റഡിൻ്റെ ഓഹരി രണ്ടു ശതമാനം താഴ്ചയിലായി.

മികച്ച റിസൽട്ടും ഭാവി പ്രതീക്ഷയും കെപിഐടി ടെക്നോളജീസ് ഓഹരിയെ ഏഴു ശതമാനം ഉയർത്തി.

ഹിറ്റാച്ചി എനർജി ഇന്ത്യയുടെ ബിസിനസും ലാഭവും ലാഭമാർജിനും മികച്ച നേട്ടം കാണിച്ചപ്പോൾ ഓഹരി 20 ശതമാനം കുതിച്ചു.

രൂപ ഇന്നും ദുർബലമായി. ഡോളർ നാലു പൈസ കയറി 86.58 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ സൂചിക 107.84 ലാണ്.

സ്വർണം ലോകവിപണിയിൽ 2762 ഡോളറിലാണ്. കേരളത്തിൽ ആഭരണ സ്വർണം പവന് 120 രൂപ കൂടി 60,880 രൂപ എന്ന റെക്കോർഡ് ആയി.

ക്രൂഡ് ഓയിൽ ചെറിയ കയറ്റിറക്കങ്ങളിലാണ്. ബ്രെൻ്റ് ഇനം ബാരലിന് 76.52 ഡോളറിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com