

ഇറാൻ യുദ്ധത്തിൻ്റെ അനിശ്ചിതത്വത്തിനിടെ രാജ്യത്ത് വരൾച്ച ഭീഷണിയും. ഇന്ത്യൻ വിപണി ഇന്ന് (മേയ് 29) നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും പിന്നീട് താഴുകയും ചാഞ്ചാട്ടത്തിലേക്ക് വഴിമാറുകയും ചെയ്തു. നിഫ്റ്റി സൂചിക പലപ്പോഴും നഷ്ടത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
ഈ വർഷം തെക്കുപടിഞ്ഞാറൻ മൺസൂൺ എന്ന കാലവർഷം ദീർഘകാല ശരാശരിയുടെ 90 ശതമാനം മഴയേ നൽകൂ എന്നു കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ പ്രവചനം പുറത്തുവന്നു. 92 ശതമാനം മഴ കിട്ടും എന്നായിരുന്നു വകുപ്പ് നേരത്തേ പറഞ്ഞിരുന്നത്. പ്രായോഗികമായി ഇന്ത്യ വരൾച്ചയിലാകും എന്നാണ് ഇതിനർഥം.
ഭക്ഷ്യധാന്യ ലഭ്യത പ്രശ്നമാകുകയില്ലെങ്കിലും കാർഷികോൽപാദനത്തിലെ ഇടിവ് വിലക്കയറ്റം വർധിപ്പിക്കും. പഞ്ചസാര, പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ, പരുത്തി എന്നിവയുടെ വില കുതിച്ചു കയറും. ഇറക്കുമതിയുടെ അളവ് കൂട്ടേണ്ടിവരും.
ഔഷധ, അഗ്രി കെമിക്കൽ മേഖലയിലുള്ള ഹികലിനു (BSE: 524735, NSE: HIKAL) നാലാം പാദത്തിൽ വരുമാനം ആറു ശതമാനം കുറഞ്ഞു. അറ്റാദായം 71 ശതമാനം ഇടിഞ്ഞു. ഓഹരി എട്ടു ശതമാനം താഴ്ചയിലായി.
അതേസമയം കോഫീ ഡേ എൻ്റർപ്രൈസസ് (BSE: 539436, NSE: COFFEEDAY) നാലാം പാദത്തിൽ 33 കോടി നഷ്ടത്തിൽ നിന്ന് 132 കോടി അറ്റാദായത്തിലേക്കു കയറി. വിറ്റുവരവിലെ വർധന 4.66 ശതമാനം. വാർഷിക കണക്കിലും കമ്പനി മികച്ച ലാഭം ഉണ്ടാക്കി. ഓഹരി 20 ശതമാനം വരെ കുതിച്ചുയർന്നു. കമ്പനി സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനെ തുടർന്ന് പ്രൊമോട്ടർ വി.ജി.സിദ്ധാർഥ് ആത്മഹത്യ ചെയ്ത ശേഷം വിധവ മാളവിക ഹെഗ്‌ഡെയാണു കമ്പനിയെ നയിക്കുന്നത്.
സീമെൻസിന് (BSE: 500550, NSE: SIEMENS) ജെഫറീസ് 'ഹോൾഡ്' ശിപാർശ നൽകി. ലക്ഷ്യവില 4,000 രൂപയാക്കി. സീമെൻസ് എനർജി (BSE: 544390, NSE: ENRIN) ഓഹരിക്ക് ലക്ഷ്യവില 3,700 ൽ നിന്നു 4,300 രൂപയായി ഉയർത്തി 'വാങ്ങൽ' ശിപാർശയും നൽകി.
എം.സി.എക്സ് (BSE: 53409, NSE: MCX) ഓഹരിയുടെ റേറ്റിംഗ് യുബിഎസ് 'ന്യൂട്രൽ' ആയി താഴ്ത്തി. എന്നാൽ ലക്ഷ്യവില 3,600 രൂപയായി ഉയർത്തി നിശ്ചയിക്കുകയും ചെയ്തു. മൾട്ടി കമ്മോഡിറ്റി എക്‌സ്ചേഞ്ചിനു വലിയ ലാഭത്തിൻ്റെ കാലം കഴിഞ്ഞെന്നാണു യു.ബി.എസ് വിലയിരുത്തൽ.
ഭാരത് ഡൈനമിക്സ് ലിമിറ്റഡിൻ്റെ (BSE: 541143, NSE: BDL) നാലാം പാദ വരുമാനം 73 ശതമാനം ഇടിഞ്ഞപ്പോൾ അറ്റാദായം 58.5 ശതമാനം താഴ്ന്നു. ലാഭമാർജിൻ 16.82 ൽ നിന്ന് 11.5 ശതമാനമായി കുറഞ്ഞു. ഗോൾഡ്മാൻ സാക്സ് ഓഹരിയുടെ ലക്ഷ്യവില 1,260 രൂപയായി കുറച്ചു. ഓഹരി എട്ടു ശതമാനം ഇടിഞ്ഞു.
തെറ്റായ ബിസിനസ് രീതികളെപ്പറ്റി ആരോപണം ഉയർന്നു കഴിഞ്ഞ ദിവസം 2.6 ശതമാനം ഇടിഞ്ഞ എച്ച്.ഡി.എഫ്.സി ബാങ്ക് (BSE: 500180, NSE: HDFCBANK) ഓഹരി ഇന്ന് ഒരു ശതമാനത്തോളം താഴ്ന്നു. ഒരു ഘട്ടത്തിൽ 746 രൂപയിലേക്ക് വരെ എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരിയുടെ വില താഴ്ന്നു. പിന്നീട് നില മെച്ചപ്പെടുത്തി.
അതേസമയം ഐ.ടി സൂചിക രാവിലെ രണ്ടു ശതമാനത്തിലധികം ഉയർന്നു. ഇൻഫോസിസും വിപ്രോയും 3.5 ശതമാനത്തിലധികം കയറി.
യു.എസ് ഡോളറിനെതിരേയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം ഇന്നു രാവിലത്തെ വ്യാപാരത്തിൽ ഉയർന്നു. ഡോളർ 14 പൈസ താഴ്ന്ന് 95.55 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ പിന്നീട് 95.61 രൂപയിലേക്കു കയറി.
ലോക വിപണിയിൽ സ്വർണം ഒരു ഔൺസിന് 4,504 ഡോളറിലേക്കു കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1,160 രൂപ വർധിച്ച് 1,15,600 രൂപയായി.
ക്രൂഡ് ഓയിൽ വില രാവിലെ താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വില 92.54 ഡോളറിലും ഡബ്ള്യു.ടി.ഐ ഇനം ക്രൂഡ് ഓയിൽ വില 87.57 ഡോളറിലേക്കും എത്തിച്ചേർന്നു.
Read DhanamOnline in English
Subscribe to Dhanam Magazine