

ഇന്ത്യൻ വിപണിയിൽ ഇന്ന് (2026 മാർച്ച് 5) ആവേശക്കുതിപ്പ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 4 ശതമാനം തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ്, നിക്ഷേപകർക്ക് പ്രതീക്ഷ പകരുന്ന മുന്നേറ്റം ഇന്ന് വിപണിയിൽ പ്രകടമായത്. പ്രധാന അടിസ്ഥാന ഓഹരി സൂചികകളായ ബിഎസ്ഇ സെൻസെക്സ്, എൻഎസ്ഇ നിഫ്റ്റി-50 എന്നിവ ഒരു ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കി. ഇതോടെ നിക്ഷേപകരുടെ ആസ്തിമൂല്യത്തിൽ 6 ലക്ഷം കോടി രൂപയുടെ വർധനയും രേഖപ്പെടുത്തി.
ഐടി ഒഴികെയുള്ള എല്ലാ ഓഹരി വിഭാഗങ്ങളും ഇന്ന് നേട്ടത്തോടെ ക്ലോസിങ് കുറിച്ചു. വിപണിയിലെ ഭയത്തിന്റെ അളവുകോലെന്ന് അറിയപ്പെടുന്ന വിക്സ് (VIX) സൂചിക ഇന്നത്തെ വ്യാപാരത്തിനിടെ 15 ശതമാനത്തിലേറെ താഴ്ന്ന് 18 നിലവാരത്തിന് താഴേക്ക് മടങ്ങിയെത്തിയതും ശ്രദ്ധേയമായി. വ്യാഴാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ നിഫ്റ്റി സൂചിക 285 പോയിന്റ് (+1.17%) വർധിച്ച് 24,766ലും ബിഎസ്ഇ സെൻസെക്സ് 900 പോയിന്റ് (+1.14%) കുതിച്ചുയർന്ന് 80,016 നിലവാരത്തിലും ക്ലോസിങ് രേഖപ്പെടുത്തി.
രാവിലെ നേട്ടത്തോടെ ആരംഭിച്ച വ്യാപാരം ഒരു ഘട്ടത്തിലും നെഗറ്റീവിലേക്ക് വഴിമാറിയില്ല. അവസാന മണിക്കൂറിൽ നേട്ടം വർധിപ്പിക്കുന്ന കാഴ്ചയ്ക്കാണ് വിപണി സാക്ഷ്യംവഹിച്ചത്. സ്മോൾ ക്യാപ്, മിഡ് ക്യാപ് സൂചികകൾ ഒന്നര ശതമാനത്തിലേറെ മുന്നേറ്റം കാണാനായി. മെറ്റൽ, കൺസ്യൂമർ ഡ്യൂറബിൾസ് എന്നീ എൻഎസ്ഇയുടെ സെക്ടറൽ സൂചികകൾ രണ്ട് ശതമാനത്തിലേറെയും ഓട്ടോമൊബീൽ, മീഡിയ, ഫാർമ, റിയാൽറ്റി, ഹെൽത്ത്കെയർ, ഓയിൽ & ഗ്യാസ് എന്നീ സെക്ടറൽ സൂചികകൾ ഒരു ശതമാനത്തിലേറെ നേട്ടം വീതവും കരസ്ഥമാക്കി.
ഇന്ന് എൻഎസ്ഇയിൽ 3,336 ഓഹരികളാണ് മൊത്തം വ്യാപാരം ചെയ്യപ്പെട്ടത്. ഇതിൽ 2,210 ഓഹരികൾ നേട്ടത്തിലും 1,039 ഓഹരികൾ നഷ്ടത്തിലും 87 ഓഹരികൾ വിലയിൽ മാറ്റമൊന്നും രേഖപ്പെടുത്താതെയും ക്ലോസിങ് രേഖപ്പെടുത്തി. ഇന്ന് എൻഎസ്ഇയിൽ വിൽക്കാൻ നിക്ഷേപകരില്ലാത്തതിനാൽ 109 ഓഹരികൾ അതിന്റെ അപ്പർ സർക്യൂട്ട് നിലവാരത്തിൽ ക്ലോസ് ചെയ്തു. 58 ഓഹരികൾ വാങ്ങാൻ ആളില്ലാത്തതിനാൽ ലോവർ സർക്യൂട്ട് നിലവാരത്തിലും വ്യാപാരം അവസാനിപ്പിച്ചു.
1. പശ്ചിമേഷ്യയിൽ അനുരജ്ഞന സാധ്യത: യു.എസ് - ഇസ്രായേൽ സഖ്യവും ഇറാനും തമ്മിൽ പശ്ചിമേഷ്യയിൽ നടക്കുന്ന കനത്ത സംഘർഷത്തിന് അയവുണ്ടാകുമെന്ന പ്രതീക്ഷ പകരുന്ന റിപ്പോർട്ട് പുറത്തുവന്നത് ആഭ്യന്തര വിപണിയെ വളരെ അനുകൂലമായി സ്വാധീനിച്ചിട്ടുണ്ട്. യു.എസിന്റെ ചാരസംഘടനയായ സി.ഐ.എ.യുടെ നേതൃത്വത്തെ ഇറാന്റെ ഇന്റലിജൻസ് വിഭാഗം പരോക്ഷ മാർഗത്തിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചുവെന്ന് പ്രമുഖ യു.എസ് മാധ്യമമായ ന്യൂയോർക്ക് ടൈംസ് ചെയ്തു. ശ്രീലങ്കൻ തീരത്ത് ഇറാന്റെ യുദ്ധക്കപ്പൽ യു.എസ് നാവികസേന തകർത്തതിന് ശേഷമാണ് അനുരജ്ഞന സാധ്യത ഇറാൻ പരോക്ഷമായി തേടിയതെന്നാണ് വിവരം. എന്നാൽ ഈ റിപ്പോർട്ടിനെ കുറിച്ച് രണ്ട് രാജ്യങ്ങളുടെയും തലപ്പത്ത് നിന്നുള്ള ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.
2. ആഗോള വിപണികൾ പോസിറ്റീവായത്: പശ്ചിമേഷ്യയിൽ അനുരജ്ഞന സാധ്യതകളെന്ന വാർത്ത വന്നതിന്റെയും കഴിഞ്ഞ ദിവസം യു.എസ് വിപണി നേട്ടത്തിൽ കലാശിച്ചതിന്റേയും പിൻബലത്തിൽ വ്യാഴാഴ്ച രാവിലെ ഏഷ്യൻ വിപണികൾ നേട്ടത്തോടെയാണ് വ്യാപാരം പുനരാരംഭിച്ചത്. ഇന്നലെ തകർന്നടിഞ്ഞ ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക ഇന്ന് 10 ശതമാനം തിരികെ കയറി. ജപ്പാൻ, ചൈന, ഹോങ്കോംഗ് വിപണികളും മികച്ച നേട്ടത്തിലായിരുന്നു. ഇതോടെ ഇന്ത്യൻ വിപണിയും പോസിറ്റീവായി ഓപ്പൺ ചെയ്തു.
3. ക്രൂഡോയിൽ സ്ഥിരതയാർജിക്കുന്നത്: ഇറാനും യു.എസും തമ്മിലുള്ള സംഘർവും ആഗോള സമുദ്ര വ്യാപാര പാതയിൽ നിർണായക സ്ഥാനമുള്ള ഹോർമുസ് കടലിടുക്കും പോരാട്ട വേദിയായതും കാരണം കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ചുയർന്ന ക്രൂഡോയിൽ വില സ്ഥിരതയാർജിക്കുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാക്കിയത് ഇന്ത്യൻ വിപണിയെ പന്തുണയ്ക്കുന്നുണ്ട്. കൂടാതെ ഹോർമുസ് കടലിടുക്ക് വഴിയുള്ള ക്രൂഡോയിൽ ചരക്ക് കടത്ത് തടസ്സപ്പെടാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനവും ക്രൂഡോയിൽ വിലക്കയറ്റത്തിന് തടയിട്ടിട്ടുണ്ട്.
4. രൂപ നില മെച്ചപ്പെടുത്തിയത്: വ്യാഴാഴ്ചത്തെ വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ, സർവകാല റെക്കോഡ് താഴ്ചയിൽ നിന്നും നില മെപ്പെടുത്തി യു.എസ് ഡോളറിനെതിരായ ഇന്ത്യൻ രൂപയുടെ വിനിമയമൂല്യം രേഖപ്പെടുത്തിയത് ഓഹരി വിപണിക്കും പുത്തൻ ഊർജമേകി. ഇന്ന് രാവിലെ 48 പൈസയുടെ വർധനയോടെ ഡോളറിനെതിരെ 91.57 നിലവാരത്തിലാണ് രൂപയുടെ വ്യാപാരം ആരംഭിച്ചത്.
5. ഇൻഡക്സ് ഓഹരികളുടെ കുതിപ്പ്: എൻഎസ്ഇ നിഫ്റ്റി, ബിഎസ്ഇ സെൻസെക്സ് പോലുള്ള പ്രധാന അടിസ്ഥാന സൂചികകളിൽ ഉയർന്ന വെയിറ്റേജ് ഉള്ള ഓഹരികളിലെ (ഹെവിവെയിറ്റ് ഇൻഡക്സ് ഓഹരി) മുന്നേറ്റവും വിപണി നില മെച്ചപ്പെടുത്തുന്നതിന് അനുകൂലമായി ഭവിച്ചു. ഇന്ത്യയിൽ വിപണി മൂല്യത്തിൽ മുന്നിലുള്ള ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി 3 ശതമാനത്തിലേറെ നേട്ടം ഇന്നത്തെ വ്യാപാരത്തിൽ കരസ്ഥമാക്കിയത് പ്രധാന അടിസ്ഥാന സൂചികകളുടെ തിളക്കമേറ്റി.
Read DhanamOnline in English
Subscribe to Dhanam Magazine