

ഇന്ത്യൻ ഊർജ്ജ മേഖലയിൽ പടുത്തുയർത്തുന്ന നിർണായക പദ്ധതികളുടെ ടെൻഡറുകളിൽ പങ്കെടുക്കാൻ നാല് പ്രമുഖ ചൈനീസ് ഇലക്ട്രിക്കൽ എക്വിപ്‌മെന്റ് കമ്പനികൾക്ക് കേന്ദ്ര സർക്കാർ രണ്ട് വർഷത്തെ താത്കാലിക ഇളവ് നൽകിയെന്ന വാർത്ത പുറത്തുവന്നതോടെ ഇന്ത്യൻ പവർ എക്വിപ്‌മെന്റ് കമ്പനികളുടെ ഓഹരികളിൽ വൻ ഇടിവ്. ആഭ്യന്തര വിപണിയിൽ ചൈനീസ് കമ്പനികളിൽ നിന്നുള്ള മത്സരം കടുക്കുമെന്ന ആശങ്കയാണ് ഈ ഓഹരികളുടെ വില താഴ്ത്തിയത്.
ഹിറ്റാച്ചി എനർജി ഇന്ത്യ (BSE: 543187, NSE: POWERINDIA), ജി.ഇ വെർനോവ ടി&ഡി ഇന്ത്യ (BSE: 522275, NSE: GVT&D) ഓഹരികൾ 8 ശതമാനം വീതം ഇടിഞ്ഞു. സീമെൻസ് എനർജി ഇന്ത്യ (BSE: 544390, NSE: ENRIN), സി.ജി പവർ & ഇൻഡസ്ട്രിയൽ സൊലൂഷൻസ് (BSE: 500093, NSE: CGPOWER) ഓഹരികൾ 7 ശതമാനം വീതവും താഴ്ന്നു. അപർ ഇൻഡസ്ട്രീസ് (BSE: 532259, NSE: APARINDS), തെർമാക്സ് ലിമിറ്റഡ് (BSE: 500411, NSE: THERMAX), ട്രാൻസ്ഫോമേഴ്സ് & റെക്ടിഫൈയേഴ്സ് (BSE: 532928, NSE: TARIL) എന്നീ ഓഹരികൾ 6 ശതമാനം വീതവും തിരിച്ചടി നേരിട്ടു.
ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡ് (BSE: 500103, NSE: BHEL) ഓഹരി 5 ശതമാനവും കമ്മിൻസ് ഇന്ത്യ (BSE: 500480, NSE: CUMMINSIND) ഓഹരി 2 ശതമാനം നഷ്ടവും വെള്ളിയാഴ്ചത്തെ (ജൂലൈ 3) വ്യാപാരത്തിനൊടുവിൽ രേഖപ്പെടുത്തി.
ടി.ബി.ഇ.എ എനർജി (TBEA Energy), നാൻജിങ് ഇലക്ട്രിക് ഇന്ത്യ (Nanjing Electric India), ന്യൂ നോർത്ത് ഈസ്റ്റ് ഇലക്ട്രിക് ഇന്ത്യ, തായ്കായ് ഇലക്ട്രിക് (Taikai Electric) എന്നീ നാല് ചൈനീസ് കമ്പനികൾക്ക്, ഇക്കഴിഞ്ഞ ജൂൺ 24-ന് കേന്ദ്ര ധനമന്ത്രാലയം ഇളവ് അനുവദിച്ചതായി റോയിട്ടേഴ്സ് ആണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിലെ നിർണായക ഊർജ പദ്ധതികളിലേക്ക് ആവശ്യമായ ഉപകരങ്ങൾ വിതരണം ചെയ്യുന്നതിനും ടെൻഡറുകളിൽ പങ്കെടുക്കുന്നതിനുമാണ് ഇളവ് അനുവദിച്ചത്. എന്നാൽ ഇത് താത്കാലിക നടപടി മാത്രമാണെന്നും സെക്ടറിൽ നേരിടുന്ന പ്രതിസന്ധി മാറിക്കിട്ടുന്നതിനാണെന്നും മറ്റ് വിദേശ കമ്പനികൾക്ക് ഇതൊരു മുൻഗണനയായി കണക്കാക്കാനാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുകാലമായി ഉയർന്ന ഡിമാൻഡും കമ്പനികൾ തമ്മിലുള്ള പരസ്പര മത്സരം കുറഞ്ഞതും കാരണം മികച്ച നേട്ടമുണ്ടാക്കിയിരുന്ന ഇന്ത്യൻ ഊർജ്ജ അനുബന്ധ മേഖലയുമായി ബന്ധപ്പെട്ട ആഭ്യന്തര കമ്പനികൾക്ക് കേന്ദ്രസർക്കാർ ചൈനീസ് കമ്പനികൾക്ക് നൽകിയ ഇളവ് തിരിച്ചടിയായേക്കാം എന്നാണ് മാർക്കറ്റ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ചൈനീസ് കമ്പനികളുടെ വരവോടെ ഉത്പന്നങ്ങളുടെ വില കുറയ്ക്കാൻ (Pricing pressure) ആഭ്യന്തര പവർ എക്വിപ്‌മെന്റ് കമ്പനികൾ നിർബന്ധിതരാകുമെന്നാണ് വിപണിയുടെ വിലയിരുത്തൽ.
അതേസമയം ദീർഘകാലയളവിലേക്കുള്ള രാജ്യത്തെ ഊർജ്ജ മേഖലയിലെ അടിസ്ഥാന സൗകര്യ വികസന സാധ്യതകളെ (Power capex) ഇത് ദോഷകരമായി ബാധിക്കില്ല എന്നതിനാൽ പവർ എക്വിപ്‌മെന്റ് ഓഹരികളിലെ നിക്ഷേപകർ പരിഭ്രാന്തരാകേണ്ടതില്ല എന്നാണ് മാർക്കറ്റ് അനലിസ്റ്റുകൾ പൊതുവായി സൂചിപ്പിക്കുന്നത്.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine