ഇന്ത്യയിലെ ടയർ — റബർ സെക്ടറിൽ നിന്നുള്ള മികച്ച ഓഹരികൾ ഏതൊക്കെ?

റബര്‍ മേഖലയില്‍ രണ്ടു വിഭാഗത്തിലുള്ള വ്യവസായങ്ങളാണ് പൊതുവെ. പ്രധാനികള്‍ ടയര്‍ നിര്‍മാതാക്കള്‍ തന്നെ. സ്‌പെഷ്യാലിറ്റി ടയര്‍, റീട്രേഡിം​ഗ്, റബര്‍ സംസ്‌കരണം തുടങ്ങിയ അനുബന്ധ വ്യവസായങ്ങളാണ് രണ്ടാമത്തെ വിഭാഗത്തില്‍.
Tyre Stocks
Published on

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ നിർണായക മേഖലകളായ ഓട്ടോമൊബൈൽ, ലോജിസ്റ്റിക്സ്, കൃഷി, ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയവയുടെ വളർച്ചയിൽ ടയർ — റബർ വ്യവസായം പ്രധാന പങ്ക് വഹിക്കുന്നു. വാഹനങ്ങളുടെ വർധിച്ചുവരുന്ന ഉപയോഗം, മാറ്റി ഉപയോ​ഗിക്കുന്നർ വർധിക്കുന്നത് കാരണമുള്ള ഉയർന്ന ആവശ്യകത, കയറ്റുമതിയിലെ വർധനവ്, അടിസ്ഥാന സൗകര്യ വികസനത്തിലുള്ള മുന്നേറ്റം എന്നിവയൊക്കെ ഈ മേഖലയുടെ വളർച്ചയ്ക്ക് പിൻബലമേകുന്നു.

റബര്‍ മേഖലയില്‍ രണ്ടു വിഭാഗത്തിലുള്ള വ്യവസായങ്ങളാണ് പൊതുവെ. പ്രധാനികള്‍ ടയര്‍ നിര്‍മാതാക്കള്‍ തന്നെ. സ്‌പെഷ്യാലിറ്റി ടയര്‍, റീട്രേഡിം​ഗ്, റബര്‍ സംസ്‌കരണം തുടങ്ങിയ അനുബന്ധ വ്യവസായങ്ങളാണ് രണ്ടാമത്തെ വിഭാഗത്തില്‍. ഏതാനും വൻകിട കമ്പനികൾ ടയർ നിർമാണ മേഖലയിൽ ആധിപത്യം പുലർത്തുമ്പോൾ വിശാലമായ വ്യവസായ പരിതഃസ്ഥിതിയിൽ ചെറുകിട കമ്പനികളും അനിഷേധ്യസ്ഥാനം കൈയടിക്കിയിട്ടുണ്ട്.

1). ടയർ നിർമാണ കമ്പനികൾ (പ്രധാന വിഭാ​ഗം)

ഇന്ത്യൻ ടയർ നിർമ്മാണ മേഖലയെ പ്രധാനമായും പാസഞ്ചർ വാഹനങ്ങൾ (PV) & കൊമേഴ്സ്യൽ വാഹനങ്ങൾ (CV), ഓഫ്-ഹൈവേ & സ്പെഷ്യാലിറ്റി ടയറുകൾ, ഇരുചക്ര/ മുചക്ര വാഹനങ്ങൾ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. ടയർ നിർമാണ മേഖലയിലെ പ്രമുഖ കമ്പനികൾ താഴെ ചേർക്കുന്നു.

  • എം.ആർ.എഫ് (BSE: 500290, NSE: MRF) : ഇന്ത്യയിലെ ഏറ്റവും വലിയ ടയർ നിർമ്മാതാക്കളായ ഇവർക്ക് പാസഞ്ചർ വാഹനങ്ങൾ, കൊമേഴ്സ്യൽ വാഹനങ്ങൾ, ഇരുചക്ര വാഹനങ്ങൾ, ഓഫ്-ദി-റോഡ് (OTR) എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും ശക്തമായ സാന്നിധ്യമുണ്ട്.

  • അപ്പോളോ ടയേഴ്സ് (BSE: 500877, NSE: APOLLOTYRE): ആഭ്യന്തര വിപണിക്ക് പുറമെ ആഗോളതലത്തിലും സാന്നിധ്യമറിയിച്ചിട്ടുള്ള കമ്പനിയാണിത്. പാസഞ്ചർ, കൊമേഴ്സ്യൽ, കയറ്റുമതി എന്നിങ്ങനെ വൈവിധ്യവത്കരിച്ച ബിസിനസാണുള്ളത്.

  • സിയറ്റ് (BSE: 500878, NSE: CEATLTD): പാസഞ്ചർ വാഹനങ്ങൾ, ഇരുചക്ര വാഹനങ്ങൾ, ട്രക്ക്/ബസ് റേഡിയൽ ടയറുകൾ എന്നീ വിഭാ​ഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

  • ജെ.കെ ടയർ (BSE: 530007, NSE: JKTYRE): പാസഞ്ചർ, കൊമേഴ്സ്യൽ, ഓഫ്-ഹൈവേ തുടങ്ങിയ ടയർ വിഭാ​ഗങ്ങളിൽ സജീവമാണ്.

  • ​ഗുഡ്ഇയര്‍ ഇന്ത്യ (BSE: 500168, NSE: GOODYEAR): കാർഷിക മേഖലയിലേക്കും പാസഞ്ചർ വാഹനങ്ങൾക്കും ആവശ്യമായ ടയറുകൾ നിർമിക്കുന്നതിൽ ശ്രദ്ധയൂന്നീയിരിക്കുന്നു.

2). ഓഫ്-ഹൈവേ & സ്പെഷ്യാലിറ്റി ടയേഴ്സ്

  • ബാലകൃഷ്ണ ഇന്‍ഡസ്ട്രീസ് (BSE: 502355, NSE: BALKRISIND): കാർഷിക, ഖനന, വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഓഫ്-ഹൈവേ ടയറുകളുടെ ഉൽപ്പാദനത്തിൽ ആഗോളതലത്തിൽ തന്നെ മുൻനിരയിലുള്ള കമ്പനിയാണിത്.

  • എമറാള്‍ഡ് ടയര്‍ മാനുഫാക്ചറേഴ്‌സ് (അൺലി​സ്റ്റഡ് കമ്പനി): വ്യാവസായിക മേഖലയിലും ഓഫ്-ദി-റോഡ് ഇനത്തിലുമുള്ള ടയറുകൾ നിർമിക്കുന്നു.

  • ഇന്നൊവേറ്റീവ് ടയേഴ്സ് & ട്യൂബ്സ് (NSE - SME: ITTL): സ്പെഷ്യാൽറ്റി ടയറുകളും ട്യൂബുകളും സവിശേഷ ഉത്പന്നങ്ങളും നിർമിക്കുന്നു.

3). ഇരുചക്ര - മുച്ചക്ര വാഹന ടയർ വിഭാഗം

  • ടിവിഎസ് ശ്രീചക്ര ലിമിറ്റഡ് (BSE: 509243, NSE: TVSSRICHAK): ഇരുചക്ര, മുച്ചക്ര വാഹന ടയർ വിപണിയിലെ മുൻനിരക്കാരായ ഇവർക്ക് വാഹന നിർമാണ കമ്പനികളുമായി (OEM) ശക്തമായ വ്യാപാര ബന്ധമുണ്ട്

  • ഡോള്‍ഫിന്‍ റബേഴ്‌സ് ലിമിറ്റഡ് (BSE: 542013): ഈ സ്മോൾ ക്യാപ് കമ്പനി പ്രധാനമായും ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ റീപ്ലേസ്‌മെന്റ് വിപണിയിലാണ് (Replacement market) ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

  • വ്യാസ് ടയേഴ്സ് ലിമിറ്റഡ് (NSE - SME: VIAZ): ഇരുചക്ര — മുച്ചക്ര വാഹനങ്ങൾക്കായുള്ള ടയറുകളും ട്യൂബുകളും നിർമ്മിക്കുന്ന ഒരു ചെറുകിട കമ്പനിയാണിത്.

മേൽസൂചിപ്പിച്ച കമ്പനികൾക്ക് പുറമെ എം.ആർ.എഫ്, സിയറ്റ്, അപ്പോളോ തുടങ്ങിയ വൻകിട ടയർ നിർമ്മാതാക്കൾക്കും ഈ വിഭാഗത്തിൽ ഗണ്യമായ വിപണി വിഹിതമുണ്ട്.

അനുബന്ധ മേഖലകളും വ്യവസായ പരിതഃസ്ഥിതിയും

ടയർ നിർമ്മാണത്തിന് പുറമെ, ടയർ റീട്രെഡിംഗ്, റബർ സംസ്കരണം തുടങ്ങിയ അനുബന്ധ മേഖലകളും ഈ വ്യവസായത്തിൽ നിർണ്ണായകമാണ്.

A). റീട്രെഡിം​ഗ് & ട്രെഡ് റബർ

റീട്രെഡിംഗ് (Retreading): കോൾഡ് റീട്രെഡിംഗ് സാങ്കേതികവിദ്യ ഇന്ത്യയിലേക്ക് കൊണ്ടുവന്ന ഇന്‍ഡാഗ് റബര്‍ (BSE: 509162) ഈ മേഖലയിലെ പ്രധാനിയാണ്. 2024-ൽ ​സ്റ്റോക്ക് എക്സ്ചേ‍ഞ്ചിൽ ലിസ്റ്റ് ചെയ്ത കേരള കമ്പനിയായ ടോളിൻസ് ടയേഴ്സ് (BSE: 544254, NSE: TOLINS) 40-ലധികം രാജ്യങ്ങളിലേക്ക് ട്രെഡ് റബർ, ബയാസ് ടയേഴ്സ്, ട്യൂബ് എന്നീ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു. റീട്രെഡിം​ഗ് പദാർത്ഥങ്ങളും റബർ മിശ്രിതങ്ങളും നിർമിക്കുന്ന ഈസ്റ്റേൺ ട്രെഡ്‌സ് ലിമിറ്റഡ് (BSE: 531346), വംശി റബർ ലിമിറ്റഡ് (BSE: 530369), എൽജി റബർ കമ്പനി (NSE: ELGIRUBCO) എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റ് പ്രമുഖർ. ഉപയോഗിച്ച ടയറുകളിൽ നിന്ന് റീക്ലെയിംഡ് റബർ (Reclaimed rubber) നിർമ്മിക്കുന്നതിൽ ജി.ആർ.പി ലിമിറ്റഡ് (BSE: 509152, NSE: GRPLTD) ശ്രദ്ധേയമായ പങ്ക് വഹിക്കുന്നു.

B). റബർ ഉത്പാദനവും സംസ്കരണവും

ലാറ്റക്സ് ഫോമും റബർ ഉത്പന്നങ്ങളും നിർമിക്കുന്ന എം.എം റബർ കമ്പനി ലിമിറ്റ‍ഡ് (BSE: 509196), നേരത്തെ ശക്തമായ സാന്നിധ്യം അറിയിച്ചിരുന്നെങ്കിലും ഇപ്പോൾ സജീവമായ ടയർ നിർമാണമില്ലാതെ ഒരു ഹോൾഡിങ്/ഇൻവെ​സ്റ്റ്മെന്റ് കമ്പനിയായിമാത്രം പ്രവർത്തിക്കുന്ന മോദി ടയർ ലിമിറ്റഡ് (BSE: 500890, NSE: MODIRUBBER), ഇരുചക്ര വാഹനം/ലഘു വാണിജ്യ വാഹനം/കാർഷികവൃത്തിയുമായി ബന്ധപ്പെട്ടുള്ള ട്യൂബുകളുടേയും ടയറുകളുടെയും വ്യാപാരത്തിൽ ശ്രദ്ധയൂന്നീയിരിക്കുന്ന തിരുപ്പതി ഇന്നോവർ ലിമിറ്റഡ് (നേരത്തെ തിരുപ്പതി ടയേഴ്സ്) (BSE: 539040). ഈ സൂചിപ്പിച്ച കമ്പനികളൊക്കെ വിശാലമായ റബർ വ്യവസായ പരിതഃസ്ഥിതിയുടെ ഭാ​ഗമാണ്. ഇവർ പൂർണമായും ടയർ നിർമാണമോ റബർ സംസ്കരണമോ നടത്തുന്ന കമ്പനികളല്ല.

വളർച്ചാ ഘടകങ്ങളും വെല്ലുവിളികളും

ഈ മേഖലയുടെ ഭാവി വളർച്ചയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ താഴെ പറയുന്നവയാണ്:

  • ഓട്ടോമൊബൈൽ (യാത്ര, വാണിജ്യ, ഇരുചക്ര) മേഖലയിലെ ഡിമാൻഡും ടയർ മാറ്റുന്നവരുടെ (Replacement demand) എണ്ണത്തിലുണ്ടാകുന്ന വർദ്ധനവും.

  • അടിസ്ഥാന സൗകര്യ വികസനം: ലോജിസ്റ്റിക്സ്, ഇൻഫ്രാസ്ട്രക്ചർ മേഖലകളിലെ വിപുലീകരണം. വർധിക്കുന്ന കയറ്റുമതിയിലൂടെ കൈവരുന്ന അവസരങ്ങൾ.

  • പുതിയ സാങ്കേതികവിദ്യ: ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള (EV) പ്രത്യേക ടയറുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം.

സെക്ടറിനെ കുറിച്ചുള്ള കാഴ്ചപ്പാട്:

സാമ്പത്തിക വികസനം, ഉയരുന്ന വാഹന ഡിമാൻഡ്, അടിസ്ഥാന സൗകര്യ വികസനം എന്നിവ കാരണം ടയർ വ്യവസായം മികച്ച വളർച്ചാ സാധ്യതകൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടാകുന്ന വ്യതിയാനം ലാഭക്ഷമതയെ ബാധിക്കുന്ന പ്രധാന ഘടകമാണ്. പ്രകൃതിദത്ത റബർ, ക്രൂഡ് ഓയിൽ അധിഷ്ഠിത ഉൽപ്പന്നങ്ങൾ എന്നിവയുടെ വിലയിലുണ്ടാകുന്ന മാറ്റങ്ങൾ ഈ മേഖലയിലെ കമ്പനികളുടെ മാർജിനുകളിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നു.

എന്ത് മനസ്സിലാക്കണം?

ടയർ — റബർ മേഖല ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുമായി നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. വൻകിട കമ്പനികൾ വിപണി നിയന്ത്രിക്കുമ്പോഴും, അനുബന്ധ മേഖലകളിലെ കമ്പനികൾ, ടയർ & റബർ വ്യവസായത്തിന്റെ സുസ്ഥിരമായ വളർച്ചയ്ക്ക് പിന്തുണ നൽകുന്നു. അസംസ്‌കൃത വസ്തുക്കളുടെ വിലയിലെ ചാഞ്ചാട്ടം നിക്ഷേപകർ പരിഗണിക്കേണ്ട ഒരു റിസ്ക് ഘടകമാണെങ്കിലും, ആഭ്യന്തര ഡിമാൻഡും കയറ്റുമതി സാധ്യതകളും ഈ മേഖലയ്ക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമാണ്.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com