നിഫ്റ്റി 24,000-നും സെൻസെക്സ് 77,000-നും താഴെ; ഇന്ത്യൻ വിപണി ഇനിയും ഇടിയുമോ?

ബാങ്ക് നിഫ്റ്റിയും മിഡ് ക്യാപ് സൂചികയും 0.80 ശതമാനം വരെ താണപ്പോൾ സ്മോൾ ക്യാപ് സൂചിക ഒരു ശതമാനത്തിലധികം ഇടിഞ്ഞു.
indian share market crash
canva
Published on

വിപണി കൂടുതൽ താഴ്ചകളിലേക്കു നീങ്ങുകയാണ്. പശ്ചിമേഷ്യൻ പ്രതിസന്ധി നീണ്ടു നിൽക്കുന്നതു ക്രൂഡ് ഓയിൽ വിലയെ ഉയർത്തി നിർത്താനും രൂപ ഇടിയാനും സാമ്പത്തിക വളർച്ച താഴാനും ഇടവരുത്തും. ഈ ആശങ്ക വിപണിയിൽ പടരുകയാണ്. ജെ.പി. മോർഗൻ ഗ്രൂപ്പ് ഒരു മാസത്തിനുള്ളിൽ രണ്ടാം വട്ടം ഇന്ത്യൻ വിപണിയുടെ റേറ്റിംഗ് താഴ്ത്തിയതും വിദേശ നിക്ഷേപകർ (എഫ്.ഐ.ഐ) ഓഹരി വിൽപ്പന തുടരുന്നതും ആശങ്ക വർധിപ്പിച്ചു.

രാവിലെ ചെറിയ നഷ്‌ടത്തിൽ വ്യാപാരം തുടങ്ങിയ വിപണി പിന്നീടു വലിയ താഴ്ചയിലേക്കു വീണു. സെൻസെക്സ് 77,000-ൻ്റെയും നിഫ്റ്റി 24,000-ൻ്റെയും പിന്തുണ നഷ്‌ടപ്പെടുത്തി. ഒരു ശതമാനം ഇടിഞ്ഞ് സെൻസെക്സ് 76,829-ഉം നിഫ്റ്റി 23,944-ഉം വരെ എത്തിയിട്ടു കുറച്ചു തിരിച്ചു കയറി. ബാങ്ക് നിഫ്റ്റിയും മിഡ് ക്യാപ് സൂചികയും 0.80 ശതമാനം വരെ താണപ്പോൾ സ്മോൾ ക്യാപ് സൂചിക ഒരു ശതമാനത്തിലധികം ഇടിഞ്ഞു.

ട്രെൻഡിങ് ഓഹരി വാർത്തകൾ

ഐടി കമ്പനികൾ ഇന്നും ഇടിഞ്ഞു. നിഫ്റ്റി ഐടി സൂചിക 3.5 ശതമാനം വരെ താഴ്ന്നു. ഇൻഫോസിസ് ടെക്നോളജീസിന് എച്ച്.എസ്.ബി.സി. 1575 രൂപയും നൊമുറ 1640 രൂപയും വീതം ലക്ഷ്യവിലയായി നിശ്ചയിച്ചു വാങ്ങൽ ശിപാർശ നൽകി. ഓഹരി ഇന്നു രാവിലെ 5 ശതമാനം വരെ ഇടിഞ്ഞു. കമ്പനിയുടെ വരുമാനപ്രതീക്ഷ അനലിസ്റ്റുകൾ കണക്കാക്കിയതിലും കുറവാണ്. എൽടിഐ മൈൻഡ് ട്രീ 5 ശതമാനവും എംഫസിസ്, കോഫോർജ്, വിപ്രോ തുടങ്ങിയവ മൂന്നര ശതമാനവും നഷ്ടത്തിലായി.

ഡോ. റെഡ്ഡീസ് ഓഹരിക്ക് 1075 രൂപ ലക്ഷ്യവില നിശ്ചയിച്ച ഗോൾഡ്മാൻ സാക്സ് വിൽക്കാനുള്ള ശിപാർശ നൽകി. ഓഹരി രാവിലെ 3 ശതമാനം വരെ താഴ്ന്നു. കമ്പനിയുടെ സെമാഗ്ളൂടൈഡ് ഇൻജെക്ഷൻ വിൽക്കാൻ കാനഡയിലെ ആരോഗ്യ അധികൃതർ ഇതുവരെയും അനുവാദം നൽകാത്തതു വിപണിയിൽ വിപരീത വിലയിരുത്തലിനു കാരണമായി.

സിറ്റി ഗ്രൂപ്പ് സിപ്ലയ്ക്ക് 1530 രൂപ ലക്ഷ്യവില നിർണയിച്ചു വാങ്ങാനുള്ള ശിപാർശ നൽകി. ഓഹരി 4 ശതമാനത്തോളം താഴ്ന്നു. കമ്പനിയുടെ ഒരു യൂണിറ്റിനെ യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നിരീക്ഷണത്തിൽ ആക്കിയതാണ് ഓഹരിയെ താഴ്‌ത്തിയത്.

സിഡ്‌കോ ജലവിതരണ പദ്ധതിയിൽ 2300 കോടി രൂപയുടെ നിർമാണ കരാർ എച്ച്സിസിക്കു ലഭിച്ചു. ഓഹരി 1.5 ശതമാനം താഴ്ന്നു. അദാനി എനർജി സൊലൂഷൻസിൻ്റെ നാലാം പാദ റിസൽട്ട് നിരാശപ്പെടുത്തി. ഓഹരി 5 ശതമാനം ഇടിഞ്ഞു.

ഫോറെക്സ്, കമ്മോഡിറ്റി വിപണി വാർത്തകൾ

രൂപ ഇന്നും ദുർബലമായി. ഡോളർ 14 പൈസ ഉയർന്ന് 94.24 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 94.27 രൂപയിലേക്കു കയറി. ക്രൂഡ് ഓയിൽ വില 106 ഡോളറിനു മുകളിൽ എത്തിയത് ഇന്ത്യയുടെ കറൻ്റ് അക്കൗണ്ട് കമ്മി വർധിപ്പിക്കും എന്നു കറൻസി വിനിമയ വിപണി ശങ്കിക്കുന്നു.

ലോകവിപണിയിൽ സ്വർണ വില ഔൺസിന് 4,673 ഡോളറിലേക്കു താണു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1,040 രൂപ കുറഞ്ഞ് 1,12,160 രൂപയിൽ എത്തി.

ക്രൂഡ് ഓയിൽ വില രാവിലെ താഴ്ന്നിട്ടു വീണ്ടും കയറി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വീപ്പയ്ക്ക് 106.14 ഡോളറിൽ എത്തി. ഡബ്ള്യുടിഐ ഇനം ക്രൂഡ് ഓയിൽ വില 96.72 ഡോളറിലേക്കു ഉയർന്നു. ഇന്ത്യയുടെ ക്രൂഡ് ബാസ്കറ്റ് വില ഇന്നലെ 107.66 ഡോളറിൽ എത്തിച്ചേർന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com