

ഏറെ ആകാംക്ഷയോടെ കാത്തിരുന്ന യു.എസ് — ഇറാൻ സമാധാന ചർച്ച വിഫലമായതോടെ, ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത തിരിച്ചടി നേരിട്ടാണ് ഇന്ന് (ഏപ്രിൽ 13) വ്യാപാരം ആരംഭിച്ചതെങ്കിലും നഷ്ടത്തിന്റെ വലിയൊരുഭാഗം തിരികെ പിടിച്ചുകൊണ്ടാണ് ക്ലോസിങ് കുറിച്ചത്. ഇന്ന് രേഖപ്പെടുത്തിയ താഴ്ന്ന നിലവാരത്തിൽ നിന്നും ഏകദേശം ഒരു ശതമാനത്തിലേറെ ഉയർന്നാണ് പ്രധാന ഓഹരി സൂചികകൾ വ്യാപാരം പൂർത്തിയാക്കിയത്. തുടക്കത്തിൽ നേരിട്ട തിരിച്ചടി പൊതുവേ പ്രതീക്ഷിക്കപ്പെട്ടതാണെങ്കിലും ഇത്രയുമധികം നഷ്ടം വീട്ടുന്ന തരത്തിലേക്കുള്ള വിപണിയുടെ തിരികെ കയറ്റം അപ്രതീക്ഷിതമായിരുന്നു.
തിങ്കളാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ എൻ.എസ്.ഇ.യുടെ മുഖ്യ ഓഹരി സൂചികയായ നിഫ്റ്റി 208 പോയിന്റ് (-0.86%) താഴ്ന്ന് 23,843 നിലവാരത്തിലും ബി.എസ്.ഇയുടെ പ്രധാന ഓഹരി സൂചികയായ സെൻസെക്സ് 703 പോയിന്റ് (-0.91%) ഇടിഞ്ഞ് 76,848-ലും ക്ലോസിങ് രേഖപ്പെടുത്തി.
എൻ.എസ്.ഇ.യിൽ ഇന്ന് ആകെ വ്യാപാരം ചെയ്യപ്പെട്ടത് 3,325 ഓഹരികളാണ്. ഇതിൽ 1,306 എണ്ണം നേട്ടത്തോടെയും 1,929 ഓഹരികൾ നഷ്ടം നേരിട്ടും വ്യാപാരം പൂർത്തിയാക്കി. അതുപോലെ എൻ.എസ്.ഇയുടെ പ്രധാന ബ്രോഡ് മാർക്കറ്റ് സൂചികകളായ നിഫ്റ്റി-500 (-0.85%), നിഫ്റ്റി മിഡ് ക്യാപ്-100 (-0.57%), നിഫ്റ്റി സ്മോൾ ക്യാപ്-100 (-0.46%) വീതവും നഷ്ടം രേഖപ്പെടുത്തി. പ്രധാന അടിസ്ഥാന ഓഹരി സൂചികയായ നിഫ്റ്റിയേക്കാളും കുറഞ്ഞ നഷ്ടം മാത്രമാണിത്. ചുരുക്കത്തിൽ, ഇന്ന് നേരിട്ട തിരിച്ചടിയെ പൂർണമായി മറികടക്കാൻ സാധിച്ചില്ലെങ്കിലും വ്യാപാരം ആരംഭിച്ചപ്പോൾ ഉള്ളതിനേക്കാളും നില മെച്ചപ്പെടുത്തിയാണ് ക്ലോസിങ് കുറിച്ചത്.
വിപണിയിലെ ഭയത്തിന്റെ അളവുകോലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ വിക്സ് (VIX) സൂചിക, 9 ശതമാനം ഉയർന്ന് 20.50 നിലവാരത്തിലേക്ക് എത്തിച്ചേർന്നു. വിക്സ് സൂചിക ഉയരുന്നത് വിപണിയുടെ സമീപഭാവിയിൽ ചാഞ്ചാട്ടത്തിനുള്ള സാധ്യത ഉയരുന്നുവെന്ന സൂചനയാണ് നൽകുന്നത്.
അതേസമയം എൻ.എസ്.ഇയുടെ പ്രധാനപ്പെട്ട എല്ലാ ഓഹരി സൂചികകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതിൽ 2% തിരിച്ചടി നേരിട്ട നിഫ്റ്റി ഓട്ടോയാണ് ഏറ്റവുമധികം നഷ്ടം കുറിച്ചത്. കൂടാതെ നിഫ്റ്റി എഫ്.എം.സി.ജി, നിഫ്റ്റി ഐടി, നിഫ്റ്റി ഓയിൽ & ഗ്യാസ് എന്നിവ ഒരു ശതമാനത്തിലേറെ നഷ്ടം കുറിച്ചു. എൻ.എസ്.ഇയിലെ ബാങ്കിംഗ് വിഭാഗം ഓഹരികളുടെ പ്രധാന സൂചികയായ ബാങ്ക് നിഫ്റ്റി 0.55% നഷ്ടം നേരിട്ടാണ് ക്ലോസ് ചെയ്തത്.
1. വാല്യൂ ഇൻവെസ്റ്റിങ്: ഇന്ന് രാവിലെ ഓപ്പണിങ് ഘട്ടത്തിൽ, വിപണി 2 ശതമാനത്തിലേറെ തിരിച്ചടി നേരിട്ട് താഴ്ന്ന നിലവാരത്തിലേക്ക് പതിച്ചപ്പോൾ വാല്യൂവേഷൻ ആകർഷകമായ നിലവാരത്തിലുള്ള ഓഹരികളിൽ നിക്ഷേപക താത്പര്യം ഉടലെടുത്തു. റിയൽ എസ്റ്റേറ്റ്, മെറ്റൽ, റിന്യൂവബിൾ എനർജി, ഹെൽത്ത്കെയർ വിഭാഗം ഓഹരികളിൽ ഉണർവ് പ്രകടമായി. തെരഞ്ഞെടുക്കപ്പെട്ട ബാങ്കിംഗ്, ഫാർമ വിഭാഗം ഓഹരികളും നിക്ഷേപകരുടെ കണ്ണിലുടക്കി. ഹെവിവെയിറ്റ് ഇൻഡക്സ് ഓഹരിയായ ഐ.സി.ഐ.സി.ഐ ബാങ്ക് ഇന്നത്തെ താഴ്ന്ന നിലവാരത്തിൽ നിന്നും 2 ശതമാനത്തിലേറെ ഉയർന്നു.
2. എഫ്.ഐ.ഐ വാങ്ങൽ: വിദേശ നിക്ഷേപക സ്ഥാപനങ്ങൾ (എഫ്.ഐ.ഐ) വീണ്ടും വാങ്ങിത്തുടങ്ങിയത്. ഇതിന് തൊട്ടുമുമ്പത്തെ വ്യാപാര ദിനത്തിൽ (ഏപ്രിൽ 10) 672 കോടി രൂപയുടെ അറ്റ വാങ്ങലാണ് എഫ്.ഐ.ഐ നടത്തിയിട്ടുള്ളത്. തുടർച്ചയായി വാങ്ങുന്ന പക്ഷത്ത് നിലയുറപ്പിച്ച ആഭ്യന്തര സ്ഥാപന നിക്ഷേപകർക്കൊപ്പം (ഡി.ഐ.ഐ) വിദേശ നിക്ഷേപകരും വാങ്ങിത്തുടങ്ങിയാൽ അത് ഇന്ത്യൻ വിപണിയെ പോസിറ്റീവായി സ്വാധീനിക്കുന്നതാണ്.
3. ടെക്നിക്കൽ ഘടകങ്ങൾ: നിലവിലെ സാഹചര്യത്തിൽ നിഫ്റ്റി സൂചികയുടെ നിർണായകമായ സപ്പോർട്ട് മേഖലയാണ് 23,500. ഇവിടം തകർന്നാൽ മാത്രമാണ് കൂടുതൽ വിൽപ്പന സമ്മർദം നേരിടുകയുള്ളൂ എന്നാണ് വിപണി വിദഗ്ധർ സൂചിപ്പിച്ചത്.
ഇന്ത്യൻ ഭരണഘടനാ ശിൽപ്പിയായ ബി.ആർ അംബേദ്കറുടെ ജന്മവാർഷികം പ്രമാണിച്ച് ഇന്ത്യൻ വിപണിക്ക് അവധിയായിരിക്കും. ദേശീയ തലത്തിലെ പ്രധാന സ്റ്റോക്ക് എക്സ്ചേഞ്ചുകളായ എൻ.എസ്.ഇ, ബി.എസ്.ഇ എന്നിവ നാളെ (2026 ഏപ്രിൽ 14) പ്രവർത്തിക്കില്ല. ഇനി ബുധനാഴ്ചയായിരിക്കും (ഏപ്രിൽ 15) ഇന്ത്യൻ ഓഹരി വിപണിയിൽ വ്യാപാരം പുനരാരംഭിക്കുക. അതേസമയം പ്രധാന കമ്മോഡിറ്റി എക്സ്ചേഞ്ച് ആയ എം.സി.എക്സിൽ രാവിലെ വ്യാപാരം ഇല്ലെങ്കിലും വൈകീട്ട് 5 മണി മുതൽ അർധ രാത്രി 11.30 മണി വരെ വ്യാപാരം അരങ്ങേറുന്നതായിരിക്കും. കാർഷികോത്പന്നങ്ങളുടെ അവധി വ്യാപാരം നടക്കുന്ന എൻ.സി.ഡി.ഇ.എക്സ് ചൊവ്വാഴ്ച അവധിയായിരിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine