

ഇന്ത്യന്‍ ഓഹരി വിപണിയില്‍ തകര്‍ച്ച തുടരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്. ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും വന്‍കിട ഓഹരികളിലെ ലാഭമെടുപ്പും സൂചികകളെ താഴേക്ക് വലിച്ചു.
സെന്‍സെക്‌സ് 102 പോയിന്റ് ഇടിഞ്ഞ് 71,356ലും നിഫ്റ്റി 38 പോയിന്റ് നഷ്ടത്തോടെ 21,51ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇടത്തരം, ചെറുകിട ഓഹരികള്‍ ഇന്ന് കരുത്ത് കാട്ടി. നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.45 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.39 ശതമാനവും നേട്ടമുണ്ടാക്കി.
അമേരിക്കയും വെനസ്വേലയും തമ്മിലുള്ള പുതിയ നീക്കങ്ങളെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡ് ബാരലിന് 60 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അമേരിക്കന്‍ വിപണി റെക്കോര്‍ഡ് നേട്ടത്തിലാണെങ്കിലും ഏഷ്യന്‍ വിപണികളിലെ സമ്മിശ്ര പ്രതികരണം ഇന്ത്യന്‍ വിപണിയെയും ബാധിച്ചു.
വിദേശ നിക്ഷേപകര്‍ (FIIs) തുടര്‍ച്ചയായി ഓഹരികള്‍ വിറ്റഴിക്കുന്നത് വിപണിയെ സംബന്ധിച്ച് വലിയ ആശങ്കയായി തുടരുകയാണ്. ഡിസംബര്‍ പാദത്തിലെ കമ്പനികളുടെ പ്രവര്‍ത്തന ഫലങ്ങള്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്തിയില്ലെങ്കില്‍ വിദേശ നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് വീണ്ടും വര്‍ധിച്ചേക്കുമെന്നാണ് വിലയിരുത്തലുകള്‍.
ഇന്ത്യ-അമേരിക്ക വ്യാപാര കരാറുകളെക്കുറിച്ചുള്ള വാര്‍ത്തകളും വിപണിയുടെ ആത്മവിശ്വാസത്തിന് മങ്ങലേല്‍പ്പിക്കുന്നുണ്ട്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് മേല്‍ ഉയര്‍ന്ന താരിഫുകള്‍ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയും വിപണിയെ സ്വാധീനിച്ചു.
മൂന്നാം പാദത്തിലെ സാമ്പത്തിക ഫലങ്ങള്‍ക്കും അമേരിക്കയിലെ തൊഴില്‍ മേഖലയിലെ നിര്‍ണായക കണക്കുകള്‍ക്കുമായി ജാഗ്രതയോടെ കാത്തിരിക്കുകയാണ് വിപണി. മുന്‍ പാദത്തെ അപേക്ഷിച്ച് കമ്പനികളുടെ വരുമാനത്തില്‍ വര്‍ധന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ആഗോള വ്യാപാര രംഗത്തെ അനിശ്ചിതത്വങ്ങള്‍ കാരണം വിദേശ നിക്ഷേപകര്‍ (FIIs) റിസ്‌ക് എടുക്കാന്‍ മടിച്ചു നില്‍ക്കുകയാണെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ ചൂണ്ടിക്കാട്ടി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ മുന്‍നിര ഓഹരികളിലെ വില്പന സമ്മര്‍ദ്ദമാണ് ഇന്ന് വിപണിയെ പിന്നോട്ടടിച്ചത്. എന്നാല്‍ ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി.
മികച്ച മൂന്നാം പാദ റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ജ്വല്ലറി ഓഹരികളില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തി ടൈറ്റന്‍, സെന്‍കോ, കല്യാണ്‍ ജ്വല്ലേഴ്‌സ് എന്നിവ 4 മുതല്‍ 11 ശതമാനം വരെ നേട്ടമുണ്ടാക്കി.
ലിസ്റ്റിംഗിന് ശേഷമുള്ള ഒരു മാസത്തെ ലോക്ക്-ഇന്‍ പിരീഡ് അവസാനിച്ചതോടെ മീഷോ (Meesho) ഓഹരികളില്‍ ശക്തമായ വില്പന നടന്നു. ഏകദേശം 5 ശതമാനത്തോളം ഇടിഞ്ഞ് 173 രൂപ നിലവാരത്തിലേക്കാണ് ഓഹരി താഴ്ന്നത്.
മാര്‍ക്കറ്റ് കപ്ലിംഗ് സംബന്ധിച്ച അനുകൂല വാര്‍ത്തകളെത്തുടര്‍ന്ന് ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച് (IEX) ഓഹരികള്‍ നേട്ടമുണ്ടാക്കി.
ടാറ്റ എല്‍ക്‌സി, കെപിഐടി എന്നിവ ഇന്ന് 6 മുതല്‍ 10 ശതമാനം വരെ ഉയര്‍ന്നു.
ഓഹരി വാങ്ങല്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ലെമണ്‍ ട്രീ ഹോട്ടല്‍സ് 4 ശതമാനത്തിലധികം ഉയര്‍ന്നു.
സിപ്ല (Cipla) ഓഹരികള്‍ 5 ശതമാനത്തോളം ഇടിഞ്ഞു. യുഎസ് എഫ്ഡിഎയുടെ നിരീക്ഷണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് സിപ്ലയ്ക്ക് തിരിച്ചടിയായത്.
ലാഭമെടുപ്പ് നടന്നതിനെത്തുടര്‍ന്ന് മാരുതി സുസുക്കി ഓഹരി വിലയില്‍ വ്യാപാരത്തിനിടെ 5% വരെ ഇടിവുണ്ടായി. ടാറ്റാ മോട്ടോഴ്‌സ്, പവര്‍ ഗ്രിഡ് എന്നിവയാണ് നഷ്ടം നേരിട്ട മറ്റ് പ്രധാന ഓഹരികള്‍.
ത്രൈമാസ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ടാറ്റ മോട്ടോഴ്‌സ് പിവി (PV) ഓഹരികള്‍ ഏകദേശം രണ്ട് ശതമാനം ഇടിഞ്ഞു.
വെള്ളി വില കുറഞ്ഞതിനെത്തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ സിങ്ക് ഓഹരികള്‍ 2 ശതമാനത്തിലധികം താഴേക്ക് പോയി.
കേരള കമ്പനി ഓഹരികളില്‍ ഇന്ന് മികച്ച നേട്ടം കാഴ്ചവച്ചത് കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് ആണ്. ഓഹരി വില 7.75 ശതമാനം ഉയര്‍ന്നു. ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനിയും സ്റ്റെല്‍ ഹോള്‍ഡിംഗ്‌സും അഞ്ച് ശതമാനത്തിലധികം നേട്ടവുമായി കേരള ഓഹരികളില്‍ തിളങ്ങി.
മൂന്നാം പാദ പ്രവര്‍ത്തനകണക്കുകള്‍ പുറത്തുവിട്ടത് ഇന്ന് കല്യാണ്‍ ഓഹരികളെ മുന്നേറ്റത്തിലാക്കിയിരുന്നു. വ്യാപാരാന്ത്യത്തില്‍ മൂന്നു ശതമാനത്തിലധികം നേട്ടത്തിലാണ് കല്യാണ്‍ ജുവലേഴ്‌സ് ഓഹരി.
കേരളം ആസ്ഥാനമായുള്ള ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും ഇന്ന് മികച്ച നേട്ടത്തിലായി. മണപ്പുറം ഫിനാന്‍സ് 3.97 ശതമാനവും മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് 3.28 ശതമാനവും മുത്തൂറ്റ് മൈക്രോഫിന്‍ 3.08 ശതമാനവും നേട്ടത്തിലാണ്.
സി.എസ്.ബി ബാങ്ക് ഇന്നും നഷ്ടം തുടര്‍ന്നു. ഓഹരി വില അഞ്ച് ശതമാനത്തിലധികം ഇടിവിലാണ്. ബി.പി.എല്‍ സഫ ടെക്‌നോളജീസ് എന്നിവയും വീഴ്ചയില്‍ മുന്നിലെത്തി.
Read DhanamOnline in English
Subscribe to Dhanam Magazine