

തുടർച്ചയായ രണ്ട് ദിവസത്തെ കുതിപ്പിന് വിരാമമിട്ട്, ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് (2026 മാർച്ച് 27) കനത്ത തകർച്ച. പ്രധാനപ്പെട്ട അടിസ്ഥാന ഓഹരി സൂചികകളിൽ 2 ശതമാനത്തിലേറെ നഷ്ടം കുറിച്ചു. പ്രധാനപ്പെട്ട സപ്പോർട്ട് നിലവാരങ്ങൾ തകർന്നുവീണു. എൻ.എസ്.ഇ.യുടെ മുഖ്യ സൂചികയായ നിഫ്റ്റി 487 പോയിന്റ് (-2.09%) താഴ്ന്ന് 22,820-ലാണ് ക്ലോസിങ് കുറിച്ചത്. ബി.എസ്.ഇ.യുടെ മുഖ്യ അടിസ്ഥാന ഓഹരി സൂചികയായ സെൻസെക്സ് 1,690 പോയിന്റ് (-2.25%) ഇടിവ് നേരിട്ട് 73,583-ലും വ്യാപാരം അവസാനിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ നഷ്ടത്തോടെയായിരുന്നു തുടക്കം. വ്യാപാരം പുരോഗമിക്കുന്തോറും തിരിച്ചടിയുടെ കാഠിന്യം കൂടിവന്നു. എല്ലാ ഓഹരി വിഭാഗങ്ങളിലും നഷ്ടക്കഥയാണ് ആവർത്തിച്ചത്. ഒടുവിൽ ഇന്നത്തെ താഴ്ന്ന നിലവാരത്തിന് സമീപം പ്രധാന സൂചികകൾ ക്ലോസിങ് രേഖപ്പെടുത്തി. ഇന്നത്തെ തിരിച്ചടിയിൽ നിക്ഷേപകരുടെ ആസ്തി മൂല്യത്തിൽ 9 ലക്ഷം കോടി രൂപയുടെ ചോർച്ചയുണ്ടായി.
ബി.എസ്.ഇ.യിൽ ഇന്ന് മൊത്തം വ്യാപാരം ചെയ്യപ്പെട്ടത് 4,497 ഓഹരികളാണ്. ഇതിൽ 831 എണ്ണം മാത്രമാണ് നേട്ടത്തോടെ വ്യാപാരം പൂർത്തിയാക്കിയത്. മറുവശത്ത് 3,533 ഓഹരികൾ നഷ്ടം നേരിട്ടു. 138 ഓഹരികളിൽ ഇന്ന് വില വ്യതിയാനമൊന്നും രേഖപ്പെടുത്താനായില്ല. വെള്ളിയാഴ്ചത്തെ വ്യാപാരത്തിനിടെ 906 ഓഹരികളാണ് 52 ആഴ്ചയിലെ താഴ്ന്ന നിലവാരം തിരുത്തിക്കുറിച്ചത്. അതുപോലെ 326 ഓഹരികൾ ഇന്ന് വാങ്ങാൻ നിക്ഷേപകരില്ലാത്തതിനാൽ ലോവർ സർക്യൂട്ട് നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിപണിയിൽ പ്രതീക്ഷിക്കുന്ന ഭയാശങ്കയുടെ സൂചകമായ ഇന്ത്യ വിക്സ് (VIX) 8.7 ശതമാനം കുതിച്ചുയർന്ന് 26.80 നിലവാരത്തിലേക്ക് എത്തിച്ചേർന്നു. വിക്സ് സൂചിക ഇത്തരത്തിൽ കുത്തനെ ഉയരുന്നത് വിപണിക്ക് ശുഭകരമല്ല. അതേസമയം എൻ.എസ്.ഇ.യുടെ പ്രധാനപ്പെട്ട എല്ലാ ഓഹരി വിഭാഗം സൂചികകളും ഇന്ന് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. താരതമ്യേന നഷ്ടം കുറവുള്ളത് നിഫ്റ്റി ഐടി സൂചികയിലാണ്. എന്നാൽ നിഫ്റ്റി പി.എസ്.യു ബാങ്ക്, നിഫ്റ്റി റിയാൽറ്റി സൂചികകൾ 3 ശതമാനത്തിലേറെയും നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, നിഫ്റ്റി കൺസ്യൂമർ ഡ്യൂറബിൾസ്, ബാങ്ക് നിഫ്റ്റി തുടങ്ങിയ എൻ.എസ്.ഇയുടെ സെക്ടറൽ സൂചികകൾ 2 ശതമാനത്തിലധികവും ഇടിവ് കുറിച്ചു.
മിഡ് ക്യാപ് സൂചിക രണ്ടേകാൽ ശതമാനത്തിലേറെയും സ്മോൾ ക്യാപ് സൂചിക ഒന്നേമുക്കാൽ ശതമാനവും നഷ്ടം രേഖപ്പെടുത്തി. എൻ.എസ്.ഇയുടെ പ്രധാന അടിസ്ഥാന ഓഹരി സൂചികയായ നിഫ്റ്റി-50യുടെ ഭാഗമായ 50 ഓഹരികളിൽ ആറെണ്ണം മാത്രമാണ് ഇന്ന് നേട്ടത്തിൽ ക്ലോസിങ് കുറിച്ചത്. ഇതിൽ ഒ.എൻ.ജി.സി 4 ശതമാനവും വിപ്രോ 1.2 ശതമാനവും വർധന കരസ്ഥമാക്കി. മറുവശത്ത് ശ്രീറാം ഫിനാൻസ്, ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ്, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഡിഗോ, ബജാജ് ഫിനാൻസ് എന്നീ ഇൻഡക്സ് ഓഹരികൾ 4 ശതമാനത്തിലേറെ നഷ്ടം നേരിട്ടാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്.
പ്രധാനമായും ആറ് പ്രതികൂല ഘടകങ്ങളുടെ സ്വാധീനമാണ് ഇന്ന് ഇന്ത്യൻ വിപണിയിലെ തിരിച്ചടിക്ക് കളമൊരുക്കിയത്.
രൂപയുടെ വിനിമയ മൂല്യം റെക്കോഡ് താഴ്ചയിൽ. ചരിത്രത്തിലാദ്യമായി ഡോളറിനെതിരേ രൂപയുടെ മൂല്യം 94 കടന്നു.
പശ്ചിമേഷ്യയിലെ യുദ്ധം വിചാരിച്ചതിലും നീണ്ടുപോകുമോ എന്ന ആശങ്ക.
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില 110 ഡോളറിലേക്ക് ഉയരുന്നത്.
ആഗോള വിപണികളിലും ഇടിവ്.
വിദേശ നിക്ഷേപകരുടെ ഭാഗത്തുനിന്നുള്ള കടുത്ത വിൽപ്പന സമ്മർദം
യു.എസ് സർക്കാർ കടപ്പത്രങ്ങളുടെ ആദായ നിരക്ക് (ബോണ്ട് യീൽഡ്) വർധിക്കുന്നത്.
വെള്ളിയാഴ്ചയോടെ മാർച്ച് മാസത്തിലെ അവസാന വ്യാപാര ആഴ്ചയും പിന്നിടുകയാണ്. കഴിഞ്ഞ രണ്ട് വ്യാപാര ദിനങ്ങളിൽ വിപണി പോസിറ്റീവായിരുന്നിട്ടും ഇന്നത്തെ തിരിച്ചടിയോടെ നേട്ടമെല്ലാം കൈവിട്ടു. ആഴ്ച കാലയളവിൽ നിഫ്റ്റിയും സെൻസെക്സും ഒരു ശതമാനത്തിലേറെ നഷ്ടം നേരിട്ടാണ് ക്ലോസിങ് രേഖപ്പെടുത്തിയിരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine