വിപണിയിൽ അപ്രതീക്ഷിത മുന്നേറ്റം; നിഫ്റ്റി 23,700-ന് മുകളിൽ; നേട്ടത്തിലേക്ക് നയിച്ചത് 4 ഘടകങ്ങൾ

ബാങ്കിം​ഗ്, ഫാർമ, മെറ്റൽ, ഇൻഫ്രാ ഓഹരികളിൽ ഉണർവ് പ്രകടമായി. എന്നാൽ തുടർച്ചയായ നാലാം ദിനത്തിലും ഐടി ഓഹരികൾ നിരാശപ്പെടുത്തി
Share Market Uptrend
Canva
Published on

തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിൽ. വ്യാഴാഴ്ചത്തെ (2026 മേയ് 14) വ്യാപാരത്തിനൊടുവിൽ പ്രധാന ഓഹരി സൂചികകളായ എൻ.എസ്.ഇ നിഫ്റ്റി 277 പോയിന്റ് (+1.18%) നേട്ടത്തോടെയും ബി.എസ്.ഇ സെൻസെക്സ് 790 പോയിന്റ് (+1.06%) കുതിച്ചുയർന്നും ക്ലോസിങ് രേഖപ്പെടുത്തി. ബാങ്കിം​ഗ്, ഫാർമ, മെറ്റൽ, ഇൻഫ്രാസ്ട്രക്ചർ എന്നീ സെക്ടറുകളിലെ ഓഹരികളിൽ ഇന്ന് ഉണർവ് പ്രകടമായി. എന്നാൽ തുടർച്ചയായ നാലാം ദിനത്തിലും ഐടി ഓഹരികൾ നിരാശപ്പെടുത്തി. ഇൻഫോസിസ്, ടി.എസി.എസ്, എച്ച്.സി.എൽ ടെക് തുടങ്ങിയ മുൻനിര ഐടി ഓഹരികൾ രണ്ടര ശതമാനം ഇടിവ് നേരിട്ടു.

അതേസമയം ഇന്ന് രാവിലെ നേട്ടത്തോടെയാണ് നിഫ്റ്റിയും സെൻസെക്സും വ്യാപാരം പുനരാരംഭിച്ചത്. ആദ്യഘട്ടത്തിൽ ചെറിയ തോതിൽ ചാഞ്ചാട്ടം നേരിട്ടെങ്കിലും നഷ്ടത്തിലേക്ക് വീണുപോയില്ല. എന്നാൽ വ്യാപാരം പുരോ​ഗമിച്ചതോടെ നില മെച്ചപ്പെടുത്തി കൂടുതൽ ഉയരങ്ങളിലേക്ക് സൂചികകൾ മുന്നേറുകയായിരുന്നു. ഇന്നത്തെ ഉയർന്ന നിലവാരത്തിന് സമീപമാണ് ക്ലോസിങ് കുറിച്ചതെന്നതും ശ്രദ്ധേയം. എൻ.എസ്.ഇയിൽ ഇന്ന് മൊത്തം വ്യാപാരം ചെയ്യപ്പെട്ടത് 3,370 ഓഹരികളാണ്. ഇതിൽ 1,725 എണ്ണം നേട്ടത്തിലും 1,540 ഓഹരികൾ നഷ്ടത്തോടെയും വ്യാപാരം പൂർത്തിയാക്കി. ഇന്നത്തെ വ്യാപാരത്തിൽ വിപണിയെ മികച്ച നേട്ടത്തിലേക്ക് നയിച്ച അനുകൂല ഘടകങ്ങൾ ചുവടെ ചേർക്കുന്നു.

എന്തുകൊണ്ട് വിപണിയിൽ മുന്നേറ്റം?

1. നികുതി ഇളവ് പ്രതീക്ഷ: വിദേശ നിക്ഷേപകർ ആഭ്യന്തര വിപണിയിൽ നടത്തുന്ന കടപ്പത്ര (ബോണ്ട്) നിക്ഷേപത്തിന് ​ഗണ്യമായ നികുതി ഇളവ് അനുവദിക്കാനുള്ള നിർദേശം കേന്ദ്ര സർക്കാർ പരി​ഗണനിയാലണെന്ന വാർത്ത വിപണിയെ പോസിറ്റീവായി സ്വാധീനിച്ചു. ഓഹരി വിപണിയിൽ നിന്നും വി​ദേശ നിക്ഷേപകരുടെ (FPI) പിന്മാറ്റം ശക്തമായി തുടരുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ മനമാറ്റം.

2. വാല്യൂ ബയിം​ഗ്: ക്രൂഡ് വിലക്കയറ്റവും പ്രധാനമന്ത്രിയുടെ മിതവ്യയം പാലിക്കാനുള്ള ആഹ്വാനത്തേയും തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലായി പ്രധാന സൂചികകൾ 4% തിരുത്തൽ നേരിട്ടു. ഇതിനെ തുടർന്ന് വിപണി സാങ്കേതികമായി 'ഓവർസോൾഡ്' (അർഹിച്ചതിലുമധികം വിൽപ്പന) അവസ്ഥയിലേക്ക് എത്തിയെന്നും അതിനാലുള്ള വാല്യൂ ബയിം​ഗ് ആണ് വിപണിയിൽ ഇന്ന് പ്രകടമായതെന്നും പ്രമുഖ അനലി​സ്റ്റുകൾ സൂചിപ്പിച്ചു. മൊത്തത്തിലുള്ള സെന്റിമെന്റ്സ് ദുർബലമാണെങ്കിലും മാർച്ച് പാദഫലത്തെ തുടർന്ന് സെക്ടർ/ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങൾ പ്രതീക്ഷിക്കാമെന്നും അനലി​സ്റ്റുകൾ പറഞ്ഞു.

3. ആ​ഗോള ഘടകങ്ങൾ അനുകൂലം: വ്യാഴാഴ്ച രാവിലെ വിദേശ വിപണികളിലും അനുകൂല തരം​ഗമുണ്ടായിരുന്നു. ജപ്പാനിലെ വിപണി സർവകാല റെക്കോഡ് ഉയരം തിരുത്തിക്കുറിച്ചു. ദക്ഷിണ കൊറിയയുടെ കോസ്പി സൂചികയിലും നേട്ടം പ്രകടമായി. സമാനമായി ഹോങ്കോം​ഗിന്റെ ഹാങ് സെങ് സൂചികയും തായ്‍വാന്റെ തായെക്സ് സൂചികയും മുന്നേറ്റത്തിന്റെ പാതയിലായിരുന്നു. ഇവയെല്ലാം നേട്ടത്തോടെ തുടങ്ങാൻ ഇന്ത്യൻ വിപണിയിലും സ്വാധീനം ചെലുത്തി.

4. ചൈന — യു.എസ് ചർച്ചയിൽ ശുഭപ്രതീക്ഷ: ആ​ഗോള സാമ്പത്തിക ശക്തികളായ ചൈനയുടെയും യു.എസിന്റെയും ഭരണത്തലവന്മാർ നേരിട്ടുള്ള ഉഭയകക്ഷി ചർച്ചകളെ ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. ട്രംപ് താരിഫിലും പശ്ചിമേഷ്യൻ യുദ്ധങ്ങളിലും ഇത് അനുകൂല പ്രഭാവം ചെലുത്തിയേക്കുമെന്ന ശുഭപ്രതീക്ഷ വിപണിയേയും ഉണർവിലേക്ക് നയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com