ഐടി ഓഹരികൾ കൂപ്പുകുത്തി; ഇന്ത്യൻ വിപണിയിൽ ഇടിവ്; നിഫ്റ്റി 24,000 കൈവിട്ടു

ഐടി സേവന കമ്പനികൾ വലിയ ഇടിവിലായി. ആക്സഞ്ചറിൻ്റെ മുന്നറിയിപ്പാണ് അവയെ താഴ്ത്തിയത്
market sell off
canva
Published on

ഐടി കമ്പനികളുടെ ഇടിവിൽ ഇന്ത്യൻ വിപണി ഇന്നു തകർന്നടിഞ്ഞു. വലിയ താഴ്ചയിൽ വ്യാപാരം തുടങ്ങിയ മുഖ്യസൂചികകൾ ആ നിലവാരത്തിൽ തുടർന്നു. മിഡ് ക്യാപ്-100 സൂചിക ചെറിയ താഴ്ചയിലായപ്പോൾ സ്മോൾ ക്യാപ്-100 ചെറിയ നേട്ടത്തിൽ തുടർന്നു. മീഡിയ, ഫാർമ, ഹെൽത്ത് കെയർ എന്നിവ ഒഴികെ എല്ലാ മേഖലകളും ഇന്നു താഴ്ചയിലായി.

ഐടി സേവന കമ്പനികൾ വലിയ ഇടിവിലായി. ആക്സഞ്ചറിൻ്റെ മുന്നറിയിപ്പാണ് അവയെ താഴ്ത്തിയത്. പാശ്ചാത്യ കമ്പനികൾ ഐടി സേവന കരാറുകൾ കുറയ്ക്കുന്നതായി ആക്സഞ്ചർ ചൂണ്ടിക്കാട്ടിയിരുന്നു. തങ്ങളുടെ ബിസിനസ് പ്രതീക്ഷയും അവർ താഴ്‌ത്തി.

ഇതോടെയാണ് ഐടി സൂചിക രാവിലെ ആറു ശതമാനം വരെ ഇടിഞ്ഞത്. ഇൻഫോസിസ് ടെക്നോളജീസ് എട്ടു ശതമാനം വരെ തകർച്ചയിലായി. ടിസിഎസ്, എച്ച്സിഎൽ, വിപ്രോ, ടെക് മഹീന്ദ്ര, എംഫസിസ്, പെർസിസ്റ്റൻ്റ്, കോഫോർജ്, കെപിഐടി, ടാറ്റാ എൽക്സി തുടങ്ങിയവ എല്ലാം അഞ്ചു ശതമാനത്തിലധികം ഇടിഞ്ഞു.

നൈക (എഫ്.എസ്.എൻ.ഇ കൊമേഴ്സ്) യ്ക്കു 390 രൂപ ലക്ഷ്യവില നിശ്ചയച്ച നൊമുറ ഓഹരിക്കു വാങ്ങൽ ശിപാർശ നൽകി. ഓപ്പോയുമായി സ്മാർട്ട് ഫോൺ നിർമാണ കരാർ ഉണ്ടാക്കിയ അംബർ എൻ്റർപ്രൈസസിനു സി.എൽ.എസ്.എ ഔട്ട്പെർഫോം റേറ്റിംഗ് നൽകി. ലക്ഷ്യവില 8,700 രൂപയായി നിർദേശിച്ചു. വരുൺ ബിവറേജസിനു സി.എൽ.എസ്.എ 654 രൂപ ലക്ഷ്യവിലയായി നിശ്ചയിച്ചു. ഓഹരിക്ക് ഔട്ട്പെർഫോം റേറ്റിംഗ് നൽകി.

രൂപ ഇന്നു തുടക്കത്തിൽ ദുർബലമായി. പിന്നീടു കയറി. രണ്ടു പൈസ കൂടി 94.35 രൂപയിൽ ഓപ്പൺ ചെയ്ത ഡോളർ പിന്നീടു 94.22 രൂപയിലേക്കു താഴ്ന്നു. സ്വർണം ലോക വിപണിയിൽ ഔൺസിന് 4160 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 2680 രൂപ കുറഞ്ഞ് 1,06,960 രൂപ ആയി. ക്രൂഡ് ഓയിൽ വില വീണ്ടും ചാഞ്ചാടി. ബ്രെൻ്റ് ഇനം 79.40 ഡോളറിലും ഡബ്ള്യു.ടി.ഐ ഇനം 75.51 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com