ട്രേഡ് ഡീൽ ആവേശം, എല്ലാ സെക്ടറിലും മുന്നേറ്റം; നിഫ്റ്റിയിലും സെൻസെക്സിലും 9 മാസത്തിനിടയിലെ മികച്ച ക്ലോസിങ്

ബിഎസ്ഇയിൽ ലി​സ്റ്റ് ചെയ്യപ്പെട്ട മൊത്തം ഓഹരികളുടെ വിപണി മൂല്യത്തിൽ 12 ലക്ഷം കോടി രൂപയുടെ വർധന രേഖപ്പെടുത്തി.
ട്രേഡ് ഡീൽ ആവേശം, എല്ലാ സെക്ടറിലും മുന്നേറ്റം; നിഫ്റ്റിയിലും സെൻസെക്സിലും 9 മാസത്തിനിടയിലെ മികച്ച ക്ലോസിങ്
Published on

ഇന്ത്യൻ ഓ​ഹരി വിപണിയിൽ ആവേശക്കുതിപ്പ്. ഏറെക്കാലമായി ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യ - യു.എസ് ഉഭയകക്ഷി വ്യാപാര കരാറിൽ (Trade Deal) ഇരുകൂട്ടരും ധാരണയിലെത്തി എന്ന പ്രഖ്യാപനം വന്നതാണ്, 2025 മേയ് മാസത്തിനുശേഷം കാഴ്ചവെക്കുന്ന ഏറ്റവും മികച്ച പ്രതിദിന നേട്ടത്തോടെ ചൊവ്വാഴ്ചത്തെ (2026 ഫെബ്രുവരി 3) വ്യാപാരം പൂർത്തിയാക്കാൻ പ്രധാന ഓഹരി സൂചികകൾക്ക് സാധിച്ചത്. കൂടാതെ മറ്റ് ആ​ഗോള ഘടകങ്ങളും ശുഭലക്ഷണം പ്രകടമാക്കിയതോടെ രണ്ട് ശതമാനത്തിലേറെ നേട്ടത്തോടെയായിരുന്നു ഇന്നത്തെ ക്ലോസിങ്.

എൻഎസ്ഇയുടെ അടിസ്ഥാന ഓഹരി സൂചികയായ നിഫ്റ്റി 639 പോയിന്റ് (2.55%) വർധനയോടെ 25,728 നിലവാരത്തിലും സമാനമായി ബിഎസ്ഇയുടെ അടിസ്ഥാന ഓഹരി സൂചികയായ സെൻസെക്സ് 2,073 പോയിന്റ് (2.54%) മുന്നേറ്റത്തോടെ 83,739 നിലവാരത്തിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ ബിഎസ്ഇയിൽ ലി​സ്റ്റ് ചെയ്യപ്പെട്ട മൊത്തം ഓഹരികളുടെ വിപണി മൂല്യത്തിൽ 12 ലക്ഷം കോടി രൂപയുടെ വർധന രേഖപ്പെടുത്തി.

വമ്പൻ ​​ഗ്യാപ്പ്-അപ്പ് ഓപ്പണിങ്

ഇന്നലെ രാത്രിയായിരുന്നു ട്രേഡ് ഡീൽ പ്രഖ്യാപനം വന്നതിനാൽ ഇന്ന് രാവിലെ വ്യാപാരം പുനരാരംഭിച്ചപ്പോൾ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രധാന ഓഹരി സൂചികകളിൽ പ്രകടമായ വമ്പൻ ​ഗ്യാപ്പ്-അപ്പ് നേട്ടമാണ് രേഖപ്പെടുത്തിയത്. നിഫ്റ്റി 1,210 പോയിന്റും സെൻസെക്സ് 3,657 പോയിന്റ് മുന്നേറ്റത്തോടെയുമാണ് ഇന്ന് രാവിലെ ഓപ്പൺ ചെയ്തത്. ഇവിടെയായിരുന്നു പ്രധാന സൂചികകളുടെ ഇന്നത്തെ ഉയർന്ന നിലവാരവും കുറിച്ചത്.

തുടർന്ന് സൂചികകൾ സാവധാനം താഴേക്കിറങ്ങി. എൻഎസ്ഇയുടെ വീക്ക്ലി ഓപ്ഷൻസിന്റ എക്സ്പയറി ദിനം ഇന്നായിരുന്നതും വിപണിയിൽ സമ്മർദമേറ്റി. എന്നിരുന്നാലും രാവിലെ കരസ്ഥമാക്കിയ നേട്ടത്തിന്റെ പകുതിയോളം നിലനിർത്തിയാണ് പ്രധാന സൂചികകൾ വ്യാപാരം അവസാനിപ്പിച്ചത്.

എല്ലാ സെക്ടറും നേട്ടത്തിൽ

ബിഎസ്ഇയിൽ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട മൊത്തം 4,422 ഓഹരികളിൽ 3,304 എണ്ണവും നേട്ടത്തോടെ ക്ലോസിങ് കുറിച്ചു. 981 ഓഹരികൾ മാത്രമാണ് ഇന്ന് നഷ്ടം നേരിട്ടത്. അതേസമയം എൻഎസ്ഇയുടെ പ്രധാനപ്പെട്ട എല്ലാ ഓഹരി വിഭാ​ഗങ്ങളുടെയും സെക്ടറൽ സൂചികകൾ ഇന്ന് മുന്നേറ്റം കാഴ്ചവെച്ചു.

ഇതിൽ ഫാർമ, ഫിനാൻഷ്യൽ സർവീസസ്, റിയാൽറ്റി, ഹെൽത്ത്കെയർ, കൺസ്യൂമർ ഡ്യൂറബിൾസ് തുടങ്ങിയ സെക്ടറൽ സൂചികകൾ മൂന്ന് ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കി. ഓട്ടോമൊബീൽ, മെറ്റൽ, പൊതുമേഖല ബാങ്ക്, പ്രൈവറ്റ് ബാങ്ക് തുടങ്ങിയ സെക്ടറൽ സൂചികകൾ രണ്ട് ശതമാനത്തിലേറെ വർധന രേഖപ്പെടുത്തി.

ശ്രദ്ധേയമായ ഓഹരികൾ, രൂപയുടെ മുന്നേറ്റം

നിഫ്റ്റി സൂചികയുടെ ഭാ​ഗമായ അമ്പത് ബ്ലൂചിപ് ഓഹരികളുടെ കൂട്ടത്തിൽ അദാനി എന്റർപ്രൈസസ് (10.58%), അദാനി പോർട്ട്സ് (9.19%), ജിയോ ഫിൻഷ്യൽ (8.15%), ബജാജ് ഫിനാൻസ് (6.67%), ഇൻഡി​ഗോ (5.57%), മാക്സ് ഹെൽത്ത്കെയർ (5%) നേട്ടത്തോടെ മുന്നിൽനിന്നു. ഹെവിവെയിറ്റ് ഇൻഡക്സ് ഓഹരികളായ റിലയൻസ് ഇൻഡസ്ട്രീസ് 3.42%, എച്ച്ഡിഎഫ്സി ബാങ്ക് 2.11% വീതവും നേട്ടം കുറിച്ചു. അതേസമയം കേരളത്തിൽ നിന്നുള്ള പ്രമുഖ ലി​സ്റ്റഡ് കമ്പനിയായ കിറ്റെക്സ് ​ഗാർമെന്റ്സിന്റെ ഓഹരികൾ ഇന്ന് 20 ശതമാനം മുന്നേറ്റമാണ് കാഴ്ചവെച്ചത്. കല്യാൺ ജ്വല്ലേഴ്സ് ഓഹരി 5 ശതമാനവും മണപ്പുറം ഫിനാൻസ് 4 ശതമാനം വീതവും നേട്ടം കുറിച്ചു.

ഇന്ത്യയും യുഎസും വ്യാപാര കരാറിൽ ധാരണയായെന്ന പ്രഖ്യാപനം എത്തിയതോടെ ഡോളറിനെതിരായ വിനിമയ നിരക്കിൽ രൂപയും നില മെച്ചപ്പെടുത്തി. ഒരു ശതമാനത്തിലേറെ മുന്നേറ്റം കരസ്ഥമാക്കിയതോടെ, യുഎസ് ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്ക് 90.45 നിലവാരത്തിലേക്ക് എത്തിച്ചേർന്നു. ഇത് ഓഹരി വിപണിക്കും കരുത്തുപകരുന്നതായി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com