

ഇന്ത്യന്‍ വിപണിയെ ഉയര്‍ത്താനും താഴ്ത്താനും വിദേശികള്‍ക്ക് സാധിക്കുമെന്ന ധാരണകള്‍ തിരുത്തിയ വര്‍ഷമായിരുന്നു 2025. അനിശ്ചിതത്വങ്ങളുടെ വേലിയേറ്റങ്ങള്‍ക്കിടയിലും ആഭ്യന്തര നിക്ഷേപകരുടെ വലിയ തോതിലുള്ള കടന്നുവരവാണ് വിപണിക്ക് ഈ വര്‍ഷം കരുത്തായത്. ഓഹരി വിപണിയില്‍ സ്വദേശിവല്‍ക്കരണത്തിന് വേഗത പകര്‍ന്ന വര്‍ഷമെന്ന് 2025നെ വിശേഷിപ്പിച്ചാലും തെറ്റില്ല.
അനിശ്ചിതത്വങ്ങളിലൂടെയാണ് 2025 തുടങ്ങുന്നത്. ഡൊണള്‍ഡ് ട്രംപിന്റെ രണ്ടാമൂഴം വ്യാപാരമേഖലയില്‍ ഇന്ത്യയ്ക്ക് വലിയ പ്രഹരമാകും സമ്മാനിക്കുകയെന്ന മുന്‍ധാരണകള്‍ തെറ്റാതെ ട്രംപ് തുടങ്ങി. വിപണിയില്‍ ഉതിന്റെ പ്രതിഫലനം 2025ന്റെ തുടക്കം മുതല്‍ ദൃശ്യമായി. ഇന്ത്യ-യുഎസ് ബന്ധം വഷളായതും ട്രംപിന്റെ ഇരട്ട താരിഫ് വന്നതും വിപണിയെ വിറപ്പിച്ചു.
വിദേശ നിക്ഷേപകര്‍ രംഗം പന്തിയല്ലെന്ന് കണ്ട് വിറ്റൊഴിവാക്കല്‍ തുടങ്ങിയത് വര്‍ഷത്തിന്റെ തുടക്കത്തിലായിരുന്നു. 2025 അവസാനിക്കുമ്പോള്‍ വിദേശ പാലായനത്തിന്റെ വേഗത കുറഞ്ഞുവെന്ന് മാത്രം. മ്യൂച്വല്‍ ഫണ്ടും എസ്.ഐ.പിയും കൂടുതല്‍ ജനകീയമായതിന്റെ നേട്ടം വിപണിക്ക് കരുത്തായി മാറുന്നതിനും കടന്നുപോകുന്ന വര്‍ഷം സാക്ഷ്യം വഹിച്ചു.
സാധാരണക്കാരായ ആളുകളെ വിപണിയിലേക്ക് ആകര്‍ഷിക്കാന്‍ സെബിക്ക് സാധിച്ചുവെന്നതാണ് 2025ന്റെ പ്രത്യേകത. പുതിയ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം കുതിച്ചുയര്‍ന്നത് ഇതിന് തെളിവാണ്. മുമ്പൊക്കെ നഗരങ്ങളിലുള്ളവര്‍ മാത്രമായിരുന്നു ഓഹരി വിപണിയില്‍ സജീവമായിരുന്നത്. ഇപ്പോഴത് മാറി. ചെറുപ്പക്കാര്‍ മുതല്‍ വീട്ടമ്മമാര്‍ വരെ ഓഹരി വിപണിയില്‍ ആകൃഷ്ടരായിരിക്കുന്നു.
ഈ വര്‍ഷത്തെ ട്രെന്റുകളിലൊന്ന് ഐപിഒയുമായി ബന്ധപ്പെട്ടുള്ളതാണ്. ഭാവിയില്‍ വലിയ വളര്‍ച്ചയൊന്നും ഉണ്ടാകാന്‍ സാധ്യതയില്ലാത്ത കമ്പനികളുടെ ഐപിഒകള്‍ക്ക് വരെ വലിയ ഡിമാന്‍ഡ് ഉണ്ടായി. ലിസ്റ്റിംഗ് സമയത്തെ നേട്ടം മുതലാക്കുകയെന്ന ലക്ഷ്യത്തോടെ എത്തുന്ന നിക്ഷേപകരുടെ എണ്ണം വര്‍ധിച്ച വര്‍ഷം കൂടിയാണിത്. വിപണിയെക്കുറിച്ച് കാര്യമായ ധാരണയില്ലാതെ ട്രേഡിംഗിന് ഇറങ്ങി പുറപ്പെടുന്നവരുടെ എണ്ണവും 2025ല്‍ കൂടി.
പ്രതീക്ഷയാണ് വിപണിയെ മുന്നോട്ടു നയിക്കുന്നത്. 2025നെ പോലെ കാഠിന്യമേറിയ വര്‍ഷമാകില്ല 2026 എന്ന പ്രതീക്ഷ ഏവര്‍ക്കുമുണ്ട്. ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ മാര്‍ച്ചോടെ യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കരാര്‍ വരുന്നത് വിപണിക്ക് കുതിപ്പിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക രംഗത്ത് കൂടുതല്‍ ചലനാത്മകമായ മാറ്റങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കുന്നുവെന്ന വാര്‍ത്തകളും വിപണിയെ സന്തോഷിപ്പിക്കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine