വിപണി ഉത്സാഹത്തിൽ; വിൽപന സമ്മർദം ഭീഷണി; വിദേശ സൂചനകൾ പോസിറ്റീവ്; ക്രൂഡ് ഓയിൽ 76 ഡോളറിനു താഴെ

വിൽപന സമ്മർദത്തെ മറികടന്നു ബുധനാഴ്ച ഉയർന്ന ഇന്ത്യൻ വിപണി ഇന്നും കയറ്റം തുടരാനുള്ള ആവേശത്തിലാണ്. യുഎസ്, യൂറോപ്യൻ വിപണികൾ ഉയർന്നതും ഏഷ്യൻ വിപണികളുെടെ തുടക്കം നേട്ടത്തിലായതും അനുകൂല ഘടകങ്ങളായി. സെപ്റ്റംബറിൽ യുഎസ് ഫെഡ് പലിശ കുറച്ചു തുടങ്ങും എന്നു മിക്കവാറും ഉറപ്പായി. അതിൻ്റെ ആശ്വാസം ഇന്നത്തെ വിപണിയിൽ കാണും. ക്രൂഡ് ഓയിൽ വില താഴ്ന്ന് ബ്രെൻ്റ് ഇനം 76 ഡോളറിനു താഴെ എത്തിയതും വിപണിക്കു സഹായകമാണ്. എന്നാൽ ഉയരങ്ങളിൽ വിൽപനസമ്മർദം വർധിച്ചു വരികയാണ്.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 24,896 ൽ ക്ലാേസ് ചെയ്തു. ഇന്ത്യൻ വിപണി ഇന്ന് ഉയർന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശനിക്ഷേപകർ ബുധനാഴ്ച ക്യാഷ് വിപണിയിൽ 799.74 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3097.45 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

യൂറോപ്യൻ വിപണികൾ ബുധനാഴ്ച അര ശതമാനത്തിലധികം ഉയർന്ന് ക്ലാേസ് ചെയ്തു.

യുഎസ് വിപണി ബുധനാഴ്ച കയറ്റിറക്കങ്ങൾക്കു ശേഷം ശേഷം ഉയർന്ന് അവസാനിച്ചു. എസ് ആൻഡ് പി റെക്കോർഡ് ഉയരത്തിൽ നിന്ന് 46 പോയിൻ്റ് മാത്രം താഴെയാണു ക്ലോസ് ചെയ്തത്. ഡൗ ജാേൺസിന് 486 പോയിൻ്റ് കയറിയാൽ റെക്കോർഡ് എത്താം. മാന്ദ്യഭീതി പറഞ്ഞു കൊണ്ട് ഓഗസ്റ്റ് ആദ്യം വിപണി തകർന്നത് അനാവശ്യമായിരുന്നു എന്നു പിന്നീടു പുറത്തുവന്ന സാമ്പത്തിക വിവരങ്ങൾ കാണിച്ചതോടെ വിപണി തിരിച്ചു കയറുകയായിരുന്നു.

ഇന്നലെ വന്ന താെഴിൽ കണക്കും കഴിഞ്ഞ ഫെഡ് യോഗത്തിൻ്റെ മിനിറ്റ്സും സാമ്പത്തികമാന്ദ്യ സാധ്യത നിരാകരിച്ചു. സെപ്റ്റംബറിൽ പലിശനിരക്ക് എത്ര കണ്ട് (0.25/0.50%) കുറയ്ക്കും എന്നതു മാത്രമായി ഇപ്പോൾ തർക്കം. നാളെ ജാക്സൺ ഹോൾ ഉച്ചകോടിയിൽ ഫെഡ് ചെയർമാൻ ജെറോം പവൽ നടത്തുന്ന പ്രസംഗത്തിൽ ഉത്തരം കിട്ടുമെന്നു വിപണി പ്രതീക്ഷിക്കുന്നു.

ബുധനാഴ്ച ഡൗ ജോൺസ് സൂചിക 55.52 പോയിൻ്റ് (0.14%) ഉയർന്ന് 40,890.49 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 23.73 പോയിൻ്റ് (0.42%) നേട്ടത്തിൽ 5620.85 ൽ അവസാനിച്ചു. നാസ്ഡാക് 102.05 പാേയിൻ്റ് (0.57%) കയറി 17,918.99 ൽ എത്തി.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു കയറ്റത്തിലാണ്. ഡൗ 0.03 ഉം എസ് ആൻഡ് പി 0.05 ഉം നാസ്ഡാക് 0.06 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ നല്ല നേട്ടത്തിൽ അവസാനിച്ച ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്.

ഇന്ത്യന്‍ വിപണിയില്‍ തിരിച്ചു കയറ്റം

ഇന്ത്യൻ വിപണി ബുധനാഴ്ച താഴ്ന്നു വ്യാപാരം തുടങ്ങി പിന്നീടു ചാഞ്ചാട്ടമായി. അവസാന മണിക്കൂറിലെ കുതിപ്പിൽ സൂചികകൾ കയറി നേട്ടത്തിൽ അവസാനിച്ചു. ഒരവസരത്തിൽ ഒന്നേകാൽ ശതമാനം ഇടിഞ്ഞ ബാങ്ക് നിഫ്റ്റി നഷ്ടം 0.23 ശതമാനമായി കുറച്ചു. റിയൽറ്റിയും ഇന്നലെ വലിയ തകർച്ചയിലായി. കൺസ്യൂമർ ഡ്യൂറബിൾസും എഫ്എംസിജിയും നല്ല കയറ്റം കാഴ്ചവച്ചു.

ബുധനാഴ്ച സെൻസെക്സ് 102.44 പാേയിൻ്റ് (0.13%) ഉയർന്ന് 80,905.30 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 71.35 പോയിൻ്റ് (0.29%) നേട്ടത്തിൽ 24,770.20 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 0.23% (117.60 പോയിൻ്റ്) താഴ്ന്ന് 50,685.55 ൽ ക്ലാേസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.34 ശതമാനം കയറി 58,444.05 ലും സ്മോൾ ക്യാപ് സൂചിക 1.21% കുതിച്ച് 19,067.35 ലും വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി 24,700 നു മുകളിൽ തുടർന്നാൽ 24,850 - 24,950 മേഖലയിൽ കടക്കും എന്നാണു വിലയിരുത്തൽ. ഇന്നു നിഫ്റ്റി സൂചികയ്ക്ക് 24,690 ലും 24,655 ലും പിന്തുണ ഉണ്ട്. 24,790 ലും 24,820 ലും തടസം ഉണ്ടാകാം.

കമ്പനികൾ, വാർത്തകൾ

കഴിഞ്ഞ ദിവസം ഇടിഞ്ഞ കപ്പൽ നിർമാണ ശാലകൾ ഇന്നലെ നല്ല നേട്ടം ഉണ്ടാക്കി. കാെച്ചിൻ ഷിപ്പ് യാർഡ് 1.91 ഉം ഗാർഡൻ റീച്ച് 1.29 ഉം മസഗാേൺ ഡോക്ക് 5.22 ഉം ശതമാനം ഉയർന്നു. ഈ കമ്പനികൾ റെക്കോർഡ് നിലയിൽ നിന്ന് 30 ശതമാനം താഴ്ചയിലാണ്.

നൈകാ ഓഹരി ഇന്നലെ 19 ശതമാനം കുതിച്ചു. ക്ലാേസിംഗിൽ 10 ശതമാനം നേട്ടം ഉണ്ട്. ഈ വർഷം ഇതിനകം 24 ശതമാനം കയറിയ ഓഹരിക്കു 12 മാസം കാെണ്ടുള്ള കയറ്റം 61 ശതമാനമാണ്. ഓഹരി ഓവർ ബോട്ട് നിലയിലാണെന്നാണു വിലയിരുത്തൽ.

പിഎൻബി ഹൗസിംഗ് ഫിനാൻസിലെ ഓഹരി വിദേശ പ്രെെവറ്റ് ഇക്വിറ്റി ജനറൽ അറ്റ്ലാൻ്റിക് വിറ്റതും സിംഗപ്പുർ ഗവണ്മെൻ്റ് 1.4 ശതമാനം ഓഹരി വാങ്ങിയതും വിപണിയിൽ ചലനം ഉണ്ടാക്കി. പിഎൻബി ഹൗസിംഗ് ഓഹരി 10 ശതമാനം കയറി.

റിലയൻസ് - ഡിസ്നി ലയനം അനുവദിപ്പിക്കാനായി ക്രിക്കറ്റ് സംപ്രേഷണത്തിലെ പരസ്യനിരക്ക് നിശ്ചിത കാലത്തേക്കു കൂട്ടുകയില്ലെന്ന ഉറപ്പുമായി റിലയൻസ് കോംപറ്റീഷൻ കമ്മീഷനെ സമീപിക്കും എന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇ കൊമേഴസും മന്ത്രി ഗോയലും

ആമസോൺ കമ്പനിയെ പേരെടുത്തും ഇ കൊമേഴ്സ് കമ്പനികളെ പാെതുവേയും നിശിതമായി വിമർശിച്ചു കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയൽ നടത്തിയ പ്രസംഗം ഇന്നു ചർച്ചാവിഷയമാകും. ഇ കൊമേഴ്സിനോടുള്ള നയം മാറ്റുകയാണോ എന്ന സംശയം ജനിപ്പിക്കുന്നതാണു ഗോയലിൻ്റെ പ്രസംഗം. ഇതാദ്യമാണ് ഒരു കാബിനറ്റ് മന്ത്രി ഇ കൊമേഴ്സ് കമ്പനികളെ പരസ്യമായി വിമർശിക്കുന്നത്. രാജ്യത്തു തൊഴിൽ നഷ്ടപ്പെടുത്തുകയാണ് ഇെ കൊമേഴ്സ് എന്ന വിമർശനം അപ്രതീക്ഷിതമായിരുന്നു. മന:പൂർവം വില കുറച്ചു വിറ്റ് ഇന്ത്യൻ കമ്പനികളെ ഇല്ലാതാക്കാനാണ് വിദേശ കുത്തകകൾ ശ്രമിക്കുന്നത് എന്നും മന്ത്രി കുറ്റപ്പെടുത്തി.

സ്വർണം ഉയരത്തിൽ, ക്രൂഡ് താഴ്ചയിൽ

സെപ്റ്റംബറിൽ പലിശ കുറയുമെന്ന പ്രതീക്ഷയിൽ സ്വർണം റെക്കോർഡ് നിലവാരത്തിനടുത്തു തുടരുന്നു. ഡിസംബർ അവധി വില ഔൺസിന് 2552.30 ഡോളറിലാണ്. സ്പോട്ട് വില 2512.50 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 2513 ഡോളറിലേക്കു കയറി.കേരളത്തിൽ സ്വർണവില പവന് 400 രൂപ കുറഞ്ഞ് 53,680 രൂപയായി.

വെള്ളിവില ഔൺസിന് 29.55 ഡോളറാണ്. ഡോളർ സൂചിക വീണ്ടും ഇടിഞ്ഞു. 40 പോയിൻ്റ് താണ് 101.04 ൽ എത്തി. ഇന്നു രാവിലെ 101.18 ലേക്കു തിരിച്ചു കയറി. രൂപ രണ്ടു ദിവസത്തെ നേട്ടം മുഴുവൻ ഇന്നലെ നഷ്ടപ്പെടുത്തി. ഡോളർ 13 പൈസ ഉയർന്ന് 83.92 രൂപയിൽ അവസാനിച്ചു.

ക്രൂഡ് ഓയിൽ വീണ്ടും താഴ്ന്നു. ഗാസാ വെടി നിർത്തലിന് ഹമാസ് സമ്മതിക്കുമാേ എന്നാണു വിപണി ശ്രദ്ധിക്കുന്നത്. ബ്രെൻ്റ് ഇനം ഇന്നലെ താഴ്ന്ന് 76.05 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 75.96 ഡോളറിലേക്ക് താണു. ഡബ്ല്യുടിഐ ഇനം 71.81 ഉം യുഎഇയുടെ മർബൻ ക്രൂഡ് 75.61 ഉം ഡോളറിലാണ്.

വ്യാവസായിക ലോഹങ്ങൾ കാര്യമായ മാറ്റമില്ലാതെ തുടർന്നു. ചെമ്പ് 0.55 ശതമാനം കയറി ടണ്ണിന് 9135.96 ഡോളറിലായി. അലൂമിനിയം 0.05 ശതമാനം താഴ്ന്ന് ടണ്ണിന് 2475.75 ഡോളറിൽ എത്തി. മറ്റു ലോഹങ്ങൾ ഒരു ശതമാനം വരെ ഉയർന്നു. ക്രിപ്റ്റാേ കറൻസികൾ ഇന്നലെ കയറി. ബിറ്റ്കോയിൻ 61,000 ഡോളറിലേക്കു നീങ്ങി. ഈഥർ ഇന്നു രാവിലെ 2635 ഡോളറിലാണ്.

വിപണിസൂചനകൾ

(2024 ഓഗസ്റ്റ് 21, ബുധൻ)

സെൻസെക്സ് 30 80,905.30 +0.13%

നിഫ്റ്റി50 24,770.20 +0.29%

ബാങ്ക് നിഫ്റ്റി 50,685.55 -0.23%

മിഡ് ക്യാപ് 100 58,444.05 +0.34%

സ്മോൾ ക്യാപ് 100 19,067.35 +1.21%

ഡൗ ജോൺസ് 30 40,890.൪൯ +0.14%

എസ് ആൻഡ് പി 500 5620.85 +0.42%

നാസ്ഡാക് 17,918.99 +0.57%

ഡോളർ($) ₹83.92 +₹0.13

ഡോളർ സൂചിക 101.04 -0.40

സ്വർണം (ഔൺസ്) $2512.50 -$02.00

സ്വർണം (പവൻ) ₹ 53,680 +₹400

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $76.05. -$01.15

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it